Tuesday October 16, 2018
Latest Updates

അയര്‍ലണ്ടിലെ നഴ്സുമാര്‍ക്കും പൊതുമേഖലാ ജീവനക്കാര്‍ക്കുമായി പ്രത്യേക ഭവന പദ്ധതി,അഞ്ഞൂറ് വീടുകളുടെ ആദ്യഘട്ടനിര്‍മ്മാണം ഇഞ്ചിക്കോറില്‍ 

അയര്‍ലണ്ടിലെ നഴ്സുമാര്‍ക്കും പൊതുമേഖലാ ജീവനക്കാര്‍ക്കുമായി പ്രത്യേക ഭവന പദ്ധതി,അഞ്ഞൂറ് വീടുകളുടെ ആദ്യഘട്ടനിര്‍മ്മാണം ഇഞ്ചിക്കോറില്‍ 

ഡബ്ലിന്‍:അയര്‍ലണ്ടിലെ നഴ്സുമാര്‍ അടക്കമുള്ള പൊതു മേഖലാ ജീവനക്കാര്‍ക്ക് ആശ്വാസപദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തി.ഭവന മേഖലയിലെ പ്രതിസന്ധിയില്‍ ഇടത്തരം വരുമാനക്കാരടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിക്കുന്ന ക്ലേശത്തിന് പരിഹാരം ഒരുക്കാനാണ് തൊഴില്‍ മേഖലയുടെയും, പ്രൊഫഷന്റെയും അടിസ്ഥാനത്തില്‍ പ്രത്യേക സഹായം ഒരുക്കുന്നതെന്ന് ഭവന നിര്‍മ്മാണ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

ന്യൂ ബില്‍ഡിംഗ് അയര്‍ലണ്ട് പദ്ധതിയുടെ ഭാഗമായുള്ള അഫോര്‍ഡബിള്‍ ഹൗസിങ് മോഡല്‍ അനുസരിച്ചുള്ള ആദ്യ സര്‍ക്കാര്‍ ഭവന പദ്ധതി ഡബ്ലിനിലെ  സെന്റ് ജെയിംസസ് ഹോസ്പിറ്റലിന്റെ ജീവനക്കാര്‍ക്കും വയോജന വിഭാഗത്തില്‍ പെട്ടവര്‍ക്കും  പ്രധാനമായും പ്രയോജനം ലഭിക്കണമെന്ന്  ഉദ്ദേശിച്ചു കൊണ്ട് ഇഞ്ചിക്കോറിലാണ് ആരംഭിക്കുന്നത്.

ഇഞ്ചിക്കോറില്‍ സെയിന്റ് ജെയിംസ് ആശുപത്രിക്കടുത്ത് സെയിന്റ് മൈക്കിള്‍സ് എസ്റ്റേറ്റില്‍ തിങ്കളാഴ്ച ഭവന മന്ത്രി ഓവന്‍ മര്‍ഫി പദ്ധതിയുടെ ആദ്യ ഘട്ടം പ്രഖ്യാപിക്കും.

അഞ്ഞൂറ് വീടുകളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരില്‍ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നവരെയും,താമസ സൗകര്യം ആവശ്യമുള്ളവരെയും ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ഭവന മന്ത്രിയുടെ വക്താവ് പറയുന്നു. അതേസമയം കുറഞ്ഞ വേതനക്കാര്‍ക്ക് മാത്രമല്ല ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പൊലീസുദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങി പ്രൊഫഷനുമായി ബന്ധപ്പെട്ട അത്യാവശ്യ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ ജോലി ചെയ്യുന്ന സ്ഥലവുമായി അടുത്ത പ്രദേശങ്ങളില്‍ വീടുകള്‍ ലഭിക്കുമെന്ന് ഉറപ്പാക്കാനും പദ്ധതി ഉപകരിക്കുമെന്ന് യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു.

എന്നാല്‍ അയര്‍ലണ്ടിനെ സംബന്ധിച്ചടത്തോളം തികച്ചും പുതിയ പദ്ധതിയാണ് ഇത്.യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് വികസന പദ്ധതിയ്ക്ക് വേണ്ട ധനസഹായം ഭവനനിര്‍മ്മാണ വകുപ്പിന് നല്‍കുന്നത്.എച്ച് എസ് ഇ യും പദ്ധതിയ്ക്ക് പങ്കാളിത്തം വഹിക്കുന്നുണ്ട്.

പദ്ധതിയ്ക്കെതിരെ ഹൗസിങ് എസ്റ്റേറ്റുകാരുടെയും ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും എതിര്‍പ്പ് ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.ഫിയാനാ ഫാള്‍ വക്താവ് ഡാര ഒബ്രിയന്‍ പദ്ധതിയെ അങ്ങേയറ്റം വിചിത്രമെന്ന് വിശേഷിപ്പിച്ചു.പൊതു-സ്വകാര്യ മേഖലയിലെ ഇടത്തരം വരുമാനമുള്ള കുടംബങ്ങള്‍ വീടുകള്‍ക്കായുള്ള കാത്തിരിപ്പിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിച്ച ശേഷം പദ്ധതിയെക്കുറിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഒരു പ്രത്യേക ജോലിയിലുള്ളവര്‍ക്ക് മാത്രമേ വീട് ലഭിക്കുകയുള്ളൂ എങ്കില്‍ അത് എങ്ങനെ അത് നീതികരിക്കാനാവുമെന്ന ചോദ്യത്തോടെ വിമര്‍ശനപരമായി മാത്രമേ പദ്ധതിയെ കാണാനാവൂ” ഒബ്രിയന്‍ പറഞ്ഞു.

ഇഞ്ചിക്കോറിലെ സെയിന്റ് മൈക്കിള്‍ എസ്റ്റേറ്റിലെ വീടുകള്‍ കോസ്റ്റ് റെന്റ് മാതൃകയില്‍ സര്‍ക്കാര്‍ ഭൂമിയിലാണ് നിര്‍മ്മിക്കപ്പെടുക.ആവശ്യക്കാര്‍ക്ക് വീടുകള്‍ പണിത് കുറഞ്ഞ നിരക്കില്‍ വാടകയ്ക്ക് ലഭ്യമാക്കുകയാണ് ഇത് വഴി ചെയ്യുക. കോസ്റ്റ് റെന്റ് പദ്ധതിയില്‍ വാടക വിപണി നിരക്കിനേക്കാള്‍ കുറവായിരിക്കും.

ഇഞ്ചിക്കോറിലെ ആദ്യ പദ്ധതി ഇത്തരത്തിലുള്ള ഭവനസമുച്ചയങ്ങളുടെ മോഡല്‍ പദ്ധതിയായിരിയ്ക്കും.രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പിന്നീട് പദ്ധതി വ്യാപിപ്പിക്കും.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top