Saturday April 21, 2018
Latest Updates

അയര്‍ലണ്ടിലെ നഴ്സിംഗ് റിക്രൂട്ട്‌മെന്റ് കാമ്പയിനുകളില്‍ മലയാളി സാന്നിധ്യം വര്‍ദ്ധിക്കുന്നു, നഴ്സുമാര്‍ പുതിയ കുടിയേറ്റ സാധ്യതകള്‍ തേടുന്നുവോ ?

അയര്‍ലണ്ടിലെ നഴ്സിംഗ് റിക്രൂട്ട്‌മെന്റ് കാമ്പയിനുകളില്‍ മലയാളി സാന്നിധ്യം വര്‍ദ്ധിക്കുന്നു, നഴ്സുമാര്‍ പുതിയ കുടിയേറ്റ സാധ്യതകള്‍ തേടുന്നുവോ ?

ഡബ്ലിന്‍:ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാത്തതിന് എതിരെ നാളുകളായി നിലനിന്നിരുന്ന പ്രതിഷേത്തിനൊടുവില്‍ ബ്രിട്ടനില്‍ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം അയര്‍ലണ്ടില്‍ നിന്നും യൂ കെയിലേയ്ക്ക് കൂടുതല്‍ നഴ്സുമാരെ ആകര്‍ഷിക്കുവാന്‍ വഴിയൊരുക്കുമെന്ന് നഴ്സിംഗ് റിക്രൂട്ട്‌മെന്റ് മേഖലയിലെ വിദഗ്ദര്‍.

അയര്‍ലണ്ടിലെ നഗരങ്ങളില്‍ നിന്നും ഗ്രാമീണമേഖലയിലേയ്ക്ക് ജോലി മാറ്റം ലഭിച്ചില്ലെങ്കില്‍ വലിയൊരു വിഭാഗം നഴ്സുമാര്‍ യൂ കെ അടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് കുടിയേറാനുള്ള നീക്കം ആരംഭിച്ചിട്ടണ്ട്.ഏറ്റവും അധികം ജീവിത ചിലവുള്ള ഡബ്ലിന്‍ നഗരം വിട്ട് ഉള്‍കൗണ്ടികളിലെ സ്ഥാപനങ്ങള്‍ തേടുന്നവരും ഏറെയാണ്.

എന്‍ എച്ച് എസ് അയര്‍ലണ്ടില്‍ നടത്തുന്ന റിക്രൂട്ടമെന്റുകളില്‍ ഐറിഷ് നഴ്സുമാരുടെ വന്‍ സാന്നിധ്യമാണ് ഇപ്പോഴുള്ളത്.ഇന്നലെ ഡബ്ലിനിലെ ആര്‍ ഡി എസ്സില്‍ നടന്ന നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി ജോബ് ഫെയറില്‍ പോലും ബ്രിട്ടണിലേയ്ക്ക് കാര്യമായ തോതില്‍ റിക്ക്രൂട്ട്‌മെന്റ് നടത്താന്‍ എന്‍ എച്ച് എസ് ട്രസ്റ്റുകള്‍ക്കായി.

9 മുതല്‍ 29 ശതമാനം വരെ വ്യത്യസ്ത സ്‌കെയിലുകളിലായാണ് ബ്രിട്ടനിലെ നഴ്സുമാര്‍ക്ക് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.. വിവിധ മെഡിക്കല്‍ രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വ്യത്യസ്ത നിരക്കിലുള്ള വര്‍ധനവിന് അനുകൂല നിലപാട് കൈക്കൊള്ളുന്ന പക്ഷം ശമ്പള വര്‍ദ്ധനവ് വേഗത്തില്‍ നടപ്പാക്കാനാകുമെന്നു ഗവണ്‍മെന്റ് അറിയിച്ചു. GMB ഒഴികെ മറ്റെല്ലാ യൂണിയനുകളും ഗവണ്മെന്റിനു പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ ശമ്പളവര്‍ദ്ധനവ് നടപ്പാക്കാനാവുമെന്ന് ഉറപ്പായിട്ടുണ്ട്.

നിലവിലെ ശമ്പള വ്യവസ്ഥയില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുന്നവര്‍ക്ക് 6.5 ശതമാനം ആണ് പുതുക്കിയ വര്‍ദ്ധനവ്. മറ്റുള്ളവര്‍ക്ക് 9 മുതല്‍ 29 ശതമാനം വരെ.ഏറ്റവും കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാകുന്നത്. സെവന്‍-ബാന്‍ഡ് ശമ്പള വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന സ്‌പെഷ്യല്‍ നഴ്‌സുമാര്‍ ഫിസിയോതെറാപിസ്‌റ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് 29 ശതമാനമാണ് വര്‍ദ്ധനവ്. ബാന്‍ഡ് ഫൈവ് ശമ്പള വ്യവസ്ഥയില്‍ ഉള്ള മൂന്നു വര്‍ഷത്തില്‍ അധികം എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് 24.7 ശതമാനവും പുതിയതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കു 22 ശതമാനവുമാണ് വര്‍ദ്ധനവ്. എന്നാല്‍ അധിക പ്രവര്‍ത്തി സമയത്തിന് ശമ്പള വര്‍ദ്ധനവ് അനുവദിക്കുന്നില്ല.

വിവിധ യൂണിയനുകളുടെ അംഗീകാരം ലഭിക്കുന്നതോടെ ജൂലൈ മുതല്‍ പുതുക്കിയ ശമ്പളം നല്‍കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

പുതുക്കിയ നിരക്ക് പതിനായിരക്കണക്കിന് നഴ്‌സുമാര്‍ക്ക് പ്രയോജനകരമാകും. 4.2 ബില്യണ്‍ പൗണ്ടാണ് സര്‍ക്കാര്‍ ശമ്പളവര്‍ദ്ധവനവിനായി അനുവദിച്ചിരിക്കുന്നത്.

അയര്‍ലണ്ടിലെ ജോലിഭാരമാണ്,ശമ്പളക്കുറവിനെക്കാള്‍ നഴ്സുമാരെ രാജ്യം വിടാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഐഎന്‍എം ഓ വക്താക്കളും വ്യക്തമാക്കിയിരുന്നു.നഴ്‌സ് -പേഷ്യന്റ് അനുപാതം മാത്രമല്ല ജോലി സമയത്തിന്റെ ദൈര്‍ഘ്യവും അയര്‍ലണ്ടിലെ നഴ്സിംഗ് ജോലി അനാകര്‍ഷകമാക്കുന്ന ഘടകങ്ങളാണ്.ആയിരത്തോളം നഴ്സുമാരുടെ കുറവുള്ളത് പരിഹരിക്കാന്‍ പുതുതായി കോഴ്‌സ് പാസായി വരുന്നവര്‍ക്ക് അവസരം നല്‍കി നിയമിക്കുമെന്ന എച്ച് എസ് ഇ യുടെയും ആരോഗ്യവകുപ്പിന്റെയും നിലപാടുകള്‍ക്ക് പുതുതായി പുറത്തിറങ്ങിയ നഴ്സുമാര്‍ വലിയ വില കൊടുത്തിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ റിക്രൂട്ട് മെന്റുകള്‍ക്കുണ്ടായിരുന്ന (വീഡിയോ കാണുക)തില്‍ അധികം ഉദ്യോഗാര്‍ത്ഥികളാണ് ഇന്നലത്തെ നഴ്സിംഗ് റിക്രൂട്ട്‌മെന്റ് ജോബ് ഫെയറിനായി ഇന്നലെ ഡബ്ലിനിലെത്തിയത്.

ഇന്റേണ്‍ഷിപ്പ് കഴിഞ്ഞാലും സ്ഥിര നിയമനം ലഭിക്കാനുള്ള താമസം മിക്ക ഹോസ്പിറ്റല്‍ മാനേജ്മെന്റുകളും താമസിപ്പിക്കുകയാണ് എന്നാണ് പുതിയ നഴ്സുമാരുടെ പരാതി.കഴിഞ്ഞ വര്‍ഷം ഇന്റേണ്‍ഷിപ്പ് കഴിഞ്ഞ വെറും 16 ശതമാനം നഴ്‌സുമാര്‍ക്കാണ് എച്ച് എസ് ഇ ജോലി ഉറപ്പാക്കിയിരിക്കുന്നത്. ഐഎന്‍എം ഓ നടത്തിയ സര്‍വേ പ്രകാരം 76 ശതമാനം പുതിയ നഴ്സുമാരും രാജ്യം വിട്ടുപോകാനുള്ള തയാറെടുപ്പിലാണെന്ന് വ്യക്തമാക്കി.ശമ്പളക്കുറവും പുതിയ നഴ്സുമാരെ അയര്‍ലണ്ടില്‍ തുടരുന്നതില്‍ നിന്നും തടയുന്നുണ്ട്.കോഴ്‌സ് കഴിഞ്ഞു രജിസ്ട്രേഷന്‍ നേടുന്ന നഴ്സുമാര്‍ക്ക് ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച ശമ്പളസ്‌കെയിലില്‍ പോലും 28768 യൂറോയാണ് പരമാവധി സാലറി.ആസ്ട്രേലിയയില്‍ ഇതേ യോഗ്യതയുള്ള നഴ്സിന് നാല്‍പ്പതിനായിരം യൂറോ വരെ നേടാനാവുമെന്ന് ഐഎന്‍എം ഓയുടെ പഠനം തന്നെ സമ്മതിക്കുന്നുണ്ട്.

അതേ സമയം സീനിയര്‍ നഴ്സുമാര്‍ക്ക് ആഗോളാടിസ്ഥാനത്തില്‍ തന്നെ മികച്ച ശമ്പളം നല്കാന്‍ അയര്‍ലണ്ടിലെ സംവിധാനത്തിന് കഴിയുന്നുണ്ട് എന്നതിനാല്‍ അവരുടെ കൊഴിഞ്ഞുപോക്ക് കുറവാണ് താനും.

അയര്‍ലണ്ടിലേയ്ക്ക് ജോലി തേടിയെത്തുന്നവരുടെ സ്പൗസിന് ജോലി ചെയ്യാനായി നേരിടേണ്ടി വരുന്ന കാലതാമസങ്ങളും , വര്‍ക്ക് പെര്‍മിറ്റ് സംവിധാനങ്ങളിലെ തുല്യതയില്ലായ്മയും കുടിയേറ്റക്കാരായ നഴ്സുമാര്‍ക്കും അയര്‍ലണ്ടിനെ ഇപ്പോള്‍ പ്രിയംകരമല്ലാതാക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യം.ഡബ്ലിന്‍ പോലെയുള്ള നഗരങ്ങളില്‍ വന്നു പെടുന്ന പുതിയ ജോലിക്കാര്‍ കൂടിയ വാടകയും,ജീവിത ചിലവും പോലും ശമ്പളത്തില്‍ നിന്നും മാത്രമായി കിട്ടില്ലെന്ന തിരിച്ചറിവിലാണ് .

യൂ കെയിലെ ശമ്പള വര്‍ദ്ധനവ് അയര്‍ലണ്ടില്‍ നിന്നും ചെറുപ്പക്കാരായ നഴ്സുമാരുടെ കൂട്ട ഒഴുക്കിന് കാരണമാവുമെന്ന ഭയപ്പാടിലാണ് ആശുപത്രി മാനേജ്മെന്റുകള്‍.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top