Monday October 22, 2018
Latest Updates

അയര്‍ലണ്ടിലെ നഴ്സിംഗ് രജിസ്ട്രേഷന്‍ :പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്നു, പുതിയ സ്പെഷ്യല്‍ സ്‌കീമിനെ കുറിച്ച് സംശയം തീരാതെ മലയാളികള്‍ …!

അയര്‍ലണ്ടിലെ നഴ്സിംഗ് രജിസ്ട്രേഷന്‍ :പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്നു, പുതിയ സ്പെഷ്യല്‍ സ്‌കീമിനെ കുറിച്ച് സംശയം തീരാതെ മലയാളികള്‍ …!

ഡബ്ലിന്‍: ഐറിഷ് പൗരത്വം സ്വീകരിച്ച നഴ്സിംഗ് യോഗ്യതയുള്ളവര്‍ക്കും, അവരുടെ പങ്കാളികളില്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ അര്‍ഹതയുള്ള നഴ്‌സുമാര്‍ക്കും എന്‍എംബിഐ രജിസ്ട്രഷന്‍ നല്‍കാനുള്ള പ്രത്യേക സ്‌കീമിലേയ്ക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു.

അയര്‍ലണ്ടില്‍ നഴ്സിംഗ് രജിസ്ട്രേഷനുള്ള പുതിയ ചട്ടങ്ങള്‍ ഇന്നലെ മുതല്‍ നിലവില്‍ വന്നു.ഇതനുസരിച്ച് മൂന്ന് കാറ്റഗറിയിലാണ് വിദേശത്തുനിന്നുള്ള നഴ്സുമാര്‍ക്ക് അയര്‍ലണ്ടില്‍ ഇനി നഴ്സിംഗ് രജിസ്‌ട്രേഷന് അപേക്ഷിക്കാവുന്നത്.

പാത് വേ 1 :ആസ്ട്രേലിയ,യൂ കെ,അമേരിക്ക,ന്യൂസിലാന്‍ഡ്,കാനഡ എന്നിവിടങ്ങളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ നഴ്സുമാര്‍ (ഇവര്‍ക്ക് നേരിട്ട് രജിസ്ട്രേഷന്‍ ലഭിക്കും./ ഐഇഎല്‍ടിഎസ്സോ ഓ ഇ ടിയോ ആവശ്യമില്ല )

പാത് വേ 2; ആസ്ട്രേലിയ,യൂ കെ,അമേരിക്ക,ന്യൂസിലാന്‍ഡ്,കാനഡ എന്നിവയില്‍ ഏതെങ്കിലും രാജ്യങ്ങളില്‍ കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ 3 വര്‍ഷമെങ്കിലും നഴ്സായി ജോലി ചെയ്തിട്ടുള്ള ഇന്ത്യാക്കാര്‍ക്ക് അടക്കമുള്ള വിദേശിയര്‍ക്ക് അയര്‍ലണ്ടില്‍ രജിസ്ട്രേഷന്‍ ലഭിക്കണമെങ്കില്‍ ഐഇഎല്‍ടിഎസ്സോ ഓ ഇ ടിയോ ആവശ്യമില്ല.

പാത് വേ 3:മേല്‍ പറഞ്ഞ രണ്ട് വിഭാഗത്തില്‍ പെടാത്ത എല്ലാ രജിസ്ട്രേഷന്‍ അപേക്ഷകരും(യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ) ഭാഷാ യോഗ്യതാ ടെസ്റ്റ് (ഐഇഎല്‍ടിഎസ്സോ ഓ ഇ ടിയോ)നിശ്ചിത യോഗ്യതകളോടെ പാസായിരിക്കണം. നിശ്ചിത ഇംഗ്ലീഷ് പരിജ്ഞാന ടെസ്റ്റിന്റെ എല്ലാ പാര്‍ട്ടുകളും ഒരേ സിറ്റിങ്ങില്‍ പാസായിരിക്കണം.രണ്ടു വര്‍ഷത്തിന് മുമ്പാണ് ഇംഗ്ലീഷ് പരിജ്ഞാന ടെസ്റ്റ് നേടിയതെങ്കില്‍ അവര്‍ വീണ്ടും ടെസ്റ്റെഴുതി റിസള്‍ട്ട് സമര്‍പ്പിക്കേണ്ടി വരും.

അതേ സമയം അയര്‍ലണ്ടില്‍ നിയമപരമായി ജോലി ചെയ്യാന്‍ അര്‍ഹതയുള്ള നഴ്‌സുമാര്‍ക്ക് എന്‍എംബിഐ രജിസ്ട്രഷന്‍ നല്‍കാനുള്ള പ്രത്യേക സ്‌കീമിലേയ്ക്ക് നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അതിനുള്ള അവസരം ഇനി ലഭിക്കില്ലെന്ന് എന്‍എംബി ഐ വ്യക്തമാക്കിയിട്ടുണ്ട്.ചില ഓണ്‍ ലൈന്‍ മീഡിയകളുടെ തെറ്റായ പ്രചാരണവും ,സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ കൂടി ചിലര്‍ ഉയര്‍ത്തിയ സന്ദേഹങ്ങളും മുഖേനെ ഒട്ടേറെ പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം നഷ്ടപെടുകയുണ്ടായി.ഇന്ന് രാവിലെയും നിരവധി പേരാണ് സത്യാവസ്ഥ തിരിച്ചറിഞ്ഞു അപേക്ഷ സമര്‍പ്പിക്കാനായി എന്‍എംബി ഐയിലെത്തിയത്.എന്നാല്‍ അവര്‍ക്കെല്ലാം അവസരം നഷ്ടമായ അവസ്ഥയിലാണ്.

വ്യാജമായ പ്രചാരണം നടത്തി അവസരങ്ങള്‍ നഷ്ടമാകുന്ന പ്രവണത ആശാസ്യമല്ലെന്ന പൊതു അഭിപ്രായവും ശക്തമാണ്.

ഇത് സംബന്ധിച്ച് നേരിട്ട് എന്‍എംബിഐ യില്‍ പോയവര്‍ക്ക് യാതൊരു സംശയവും ഉണ്ടാവാന്‍ ഇടയില്ല.ഐറിഷ് മലയാളി’യ്ക്ക് വേണ്ടി ലേഖകന്‍ നേരിട്ടു പോയി വിവിധ ഉദ്യോഗസ്ഥരോട് നേരിട്ട് അന്വേഷിച്ച ശേഷമാണ് ഇതുമായി ബന്ധപ്പെട്ട ആദ്യവാര്‍ത്തയൊഴികെ അനുബന്ധമായുള്ള രണ്ടു വാര്‍ത്തകളും ഐറിഷ് മലയാളി ഓണ്‍ലൈന്‍ പത്രത്തില്‍ കൂടി നല്‍കിയത്.കൗണ്ടറില്‍ ഉള്ള ഉദ്യോഗസ്ഥര്‍ തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ വരുന്നവരോട് ‘ഇതൊരു സുവര്‍ണ്ണാവസരമാണ്’ എന്ന് പറഞ്ഞു തന്നെയാണ് അപേക്ഷാ ഫോം നല്‍കുന്നത്.സംശയങ്ങള്‍ ദൂരീകരിക്കാന്‍ അവിടെ എത്തിയ എല്ലാവര്ക്കും അവസരം ഉണ്ടായിരുന്നു.ഓരോരുത്തരും ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ ചില സമയങ്ങളില്‍ കൗണ്ടറിലെ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ഓഫിസില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു.

എന്‍എംബിഐ അയച്ചു തരുന്ന പുതിയ ആപ്പ്‌ളിക്കേഷന്‍ ഫോം അപേക്ഷകന്‍ പൂരിപ്പിച്ചു തിരികെ നല്‍കുന്നതോടെ രജിസ്ട്രഷന്‍ നടപടികള്‍ ആരംഭിക്കും.അവര്‍ നല്‍കിയ വിവരം അനുസരിച്ച്, തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറു മാസം വരെ (മുന്‍ പരിചയവും,യോഗ്യതകളും അനുസരിച്ച് )അഡാപ്‌റ്റേഷന്‍ കോഴ്‌സ് ചെയ്തതിന് ശേഷമാവും ഫുള്‍ രജിസ്ട്രേഷന്‍ നല്‍കുക.

യൂറോപ്യന്‍ പൗരത്വം അടിസ്ഥാനപ്പെടുത്തി ഇത്തരം അവകാശങ്ങള്‍ നല്‍കാന്‍ ഐറിഷ് നഴ്സിംഗ് ബോര്‍ഡിന് ആരുടേയും ശുപാര്‍ശ വേണ്ട.അതൊരു സ്വയം ഭരണസ്ഥാപനമാണ്.മുമ്പ് പലപ്പോഴും( നയ മാറ്റങ്ങളുടെ സമയത്ത് പ്രത്യേകിച്ചും 2010,2007 വര്‍ഷങ്ങളില്‍ സമാനമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.അന്നൊന്നും ‘ഐറിഷ് മലയാളി’പോലെയുള്ള ഓണ്‍ ലൈന്‍ പത്രങ്ങള്‍ ഇല്ലാത്തതിനാല്‍ ഇത്തരം പ്രത്യേക അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ മലയാളികള്‍ക്ക് ആയില്ലെന്നേയുള്ളൂ.മാത്രമല്ല പൗരത്വം നല്‍കാനുള്ള ഊര്‍ജ്ജിതശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത് 2010 ന് ശേഷമാണ്.

അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് IELTS യോഗ്യതയില്ല എന്ന കാരണത്താല്‍ പണം നഷ്ടപ്പെടില്ല,ഇന്ത്യയില്‍ എന്നല്ല ഏത് രാജ്യത്ത് നഴ്സിംഗ് പഠിച്ചവരായാലും അത് ഐറിഷ് നഴ്സിംഗ് ബോര്‍ഡ് അംഗീകരിച്ചതാണെങ്കില്‍ ( (വ്യാജ യോഗ്യത/ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കേറ്റുകളും കൈയ്യില്‍ കരുതിയിരിക്കുന്നവരും ജാഗ്രതേ …മറ്റു മലയാളികളെ നാറ്റിക്കരുത്…..!)നിങ്ങള്‍ക്ക് ഐറിഷ് പൗരത്വമോ,അയര്‍ലണ്ടില്‍ നിയമപരമായി ജോലി ചെയ്യാന്‍ അനുമതിയോ ഉണ്ടങ്കില്‍ നിങ്ങള്‍ നിരാശരാകേണ്ടി വരില്ല.

അയര്‍ലണ്ടിലെ ഭാഷാപരിജ്ഞാന യോഗ്യതകള്‍ പുനഃപരിശോധന ചെയ്യാന്‍ തീരുമാനമെടുത്ത സമയം മുതല്‍
(2017 സെപ്റ്റംബര്‍ ലാസ്റ്റ് ) പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്ന ഏപ്രില്‍ 2 ന് മുമ്പ് വരെയാണ് പ്രത്യേക ഇളവുകള്‍ നല്‍കി ഇവിടെ ജോലി ചെയ്യാന്‍ അര്‍ഹതയുള്ള ഇന്ത്യയില്‍ നിന്നും അടക്കമുള്ള നഴ്സിംഗ് യോഗ്യതയുള്ളവര്‍ക്ക് രജിസ്‌ടേഷന്‍ നല്‍കാന്‍ അവസരം ഉണ്ടായിരുന്നത്.ഓഫിസ് അവധി ദിവസങ്ങളില്‍ ലഭിച്ച അപേക്ഷ സ്വീകരിക്കുമോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.

നേരിട്ട് പോയി അന്വേഷിക്കുന്നവരോട് ഒന്നും ഫോണില്‍ വേറൊന്നും പറയുന്നുവെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ് എന്നൊക്കെ പറയുന്നതില്‍ ഒരു യുക്തിയുമില്ല.കാരണം പല സ്ഥലങ്ങളിലും,പല സെക്ഷനിലും ഉള്ളവരാണ് NMBIയ്ക്ക് വേണ്ടി മറുപടി പറയുന്നത്.എല്ലാ സെക്ഷനുകളില്‍ നിന്നും അതാത് വിഷയങ്ങളില്‍ വേണ്ടത്ര അറിവുള്ളവര്‍ മറുപടി പറയാതെ വന്നതോ,അഥവാ ചോദിച്ചവരുടെ ‘ഭാഷ’ മനസിലാകാതെ വന്നതോ ആയിരിക്കാം നെഗറ്റീവായി ഉത്തരം കിട്ടിയതിന് കാരണം. ഒരു കാര്യം ഉറപ്പാണ്.നേരിട്ട് പോയി അപേക്ഷ സമര്‍പ്പിച്ച എല്ലാവരും നൂറു ശതമാനം സന്തോഷത്തോടെയാണ് മടങ്ങിയത്.

350 യൂറോ അപേക്ഷാ ഫീസ് വാങ്ങിക്കുന്നത് നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയാണ് ചിലര്‍ ഉയര്‍ത്തുന്നത്.സിറ്റിസണ്‍ഷിപ്പ് അടക്കം വഴി ഈ രാജ്യം നല്‍കുന്ന ആയിരക്കണക്കിന് യൂറോയുടെ സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ കൈനീട്ടി വാങ്ങുമ്പോഴും ഇത്തരം കണക്കുകള്‍ പറയാന്‍ നാം ‘മലയാളികളില്‍ ‘ചിലര്‍’ കാട്ടുന്ന പ്രവണത വര്‍ദ്ധിച്ച് വരികയാണ്.

ഏപ്രില്‍ 2 ന് നിലവില്‍ വന്ന ഐറിഷ് നഴ്സിംഗ് രജിസ്‌ട്രേഷന്റെ ഭാഷാപരിജ്ഞാന യോഗ്യതകളും,അനുബന്ധ വിവരങ്ങളും പരിശോധിക്കാന്‍ താഴെയുള്ള ലിങ്ക് പരിശോധിക്കാം ….
https://www.nmbi.ie/Registration/Trained-outside-Ireland/English-Language-Requirements

റെജി സി ജേക്കബ് 

Scroll To Top