Sunday September 23, 2018
Latest Updates

അയര്‍ലണ്ടിലെ ഡോക്റ്റര്‍മാര്‍ക്ക് ഒറ്റയടിയ്ക്ക് 72000 യൂറോ ശമ്പളം വര്‍ദ്ധിപ്പിച്ചു, നഴ്സുമാര്‍ കാത്തിരിക്കുന്നതും മെച്ചപ്പെട്ട വേതനത്തിനെന്ന് ഐ എന്‍ എം ഓ 

അയര്‍ലണ്ടിലെ ഡോക്റ്റര്‍മാര്‍ക്ക് ഒറ്റയടിയ്ക്ക് 72000 യൂറോ ശമ്പളം വര്‍ദ്ധിപ്പിച്ചു, നഴ്സുമാര്‍ കാത്തിരിക്കുന്നതും മെച്ചപ്പെട്ട വേതനത്തിനെന്ന് ഐ എന്‍ എം ഓ 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ആയിരക്കണക്കിന് ഡോക്റ്റര്‍മാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളവര്‍ദ്ധനവ് ലഭ്യമാക്കാന്‍ ധാരണയായി.2012 ന് മുമ്പ് എച്ച് എസ് ഇയില്‍ ജോലിയ്ക്കായി പ്രവേശിച്ച ഡോക്റ്റര്‍മാര്‍ക്കാണ് വാര്‍ഷിക ശമ്പളത്തില്‍ 72000 യൂറോ വരെയുള്ള വര്‍ദ്ധനവ് ലഭിക്കുക.

2019 ജനുവരിയോടെ ഇരുപതിനായിരം യൂറോയും,2020 ജൂണോടെ മറ്റൊരു 20,000 യൂറോയും ഡോക്റ്റര്‍മാര്‍ക്ക് വാര്‍ഷിക ശമ്പള വര്‍ദ്ധനവ് ലഭിക്കും.വാഗ്ദാന പ്രകാരമുള്ള ബാക്കി വര്‍ദ്ധനവ് അടുത്ത ഘട്ടമായി 2022 ല്‍ നല്‍കപ്പെടും.

ഇതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ കണ്‍സല്‍ട്ടന്റ്മാരുടെ വാര്‍ഷിക ശമ്പളം 2022 ഓടെ നിലവിലുള്ള 180,000 യൂറോയില്‍ നിന്നും 252,000യൂറോയായി ഉയരും. പ്രൈവറ്റ് മേഖലയില്‍ പ്രാക്റ്റിസ് ചെയ്യുന്നവരുടെ ശമ്പളം 170,000 യൂറോയില്‍ നിന്നും 225,000 വരെയാകും.

എച്ച് എസ് ഇ യുമായി ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുകയും,ശമ്പളവ്യവസ്ഥകള്‍ പാലിക്കപ്പെടാതിരിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് എഴുനൂറോളം ഡോക്റ്റര്‍മാര്‍ കോടതിയെ സമീപിച്ചിരുന്നു.നീണ്ട വര്‍ഷങ്ങളിലെ കേസ് നടത്തിപ്പിന് ശേഷമാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ആരോഗ്യമന്ത്രാലയം തയ്യാറായത്.

2012 ന് മുമ്പ് ജോലിയില്‍ പ്രവേശിച്ച രണ്ടായിരത്തിലധികം ഡോക്റ്റര്‍മാര്‍ക്ക് ശമ്പളകുടിശിക നല്‍കാന്‍ മാത്രം സര്‍ക്കാരിന് 182 മില്യണ്‍ യൂറോ കണ്ടെത്തേണ്ടി വരും.കൂടാതെ ഭാവിയിലും വാര്‍ഷിക ശമ്പള ശമ്പള ഇനത്തിലേയ്ക്ക് 62 മില്യന്‍ യൂറോയുടെ അധിക ബാധ്യതയും സര്‍ക്കാരിന് ഉണ്ടാവും.

ശമ്പളകുറവിനെ തുടര്‍ന്ന് അയര്‍ലണ്ടിലെ ഡോക്റ്റര്‍മാരുടെ കൊഴിഞ്ഞു പോക്ക് തുടരുകയും പുതിയ ഡോക്റ്റര്‍മാര്‍ ലഭിക്കാതെയും വന്നതോടെയാണ് എച്ച് എസ് ഇ ഒത്തു തീര്‍പ്പ് ശ്രമങ്ങളുമായി രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതമായത്.നാനൂറ് ഡോക്റ്റര്‍മാരുടെ ഒഴിവുകളാണ് നിലവില്‍ എച്ച് എസ് ഇ യില്‍ ഉള്ളത്.ആയിരക്കണക്കിന് രോഗികളാണ് ഇപ്പോഴുംആദ്യ അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ എച്ച് എസ് ഇ ആശുപത്രികളില്‍ മാത്രം കാത്തിരിപ്പ് തുടരുന്നത്.

അതേ സമയം അയര്‍ലണ്ടിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കുള്ള വേതനവര്‍ദ്ധനവ് നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് നഴ്സുമാരുടെ യൂണിയനായ ഐഎന്‍എംഓ വൃത്തങ്ങള്‍ വ്യക്തമാക്കി. 27,483 യൂറോ മുതല്‍ 43,800 വരെ മാത്രമാണ് അയര്‍ലണ്ടില്‍ ഒരു നഴ്സിന്റെ അടിസ്ഥാന ശമ്പളം.ജീവിത ചിലവിന്റെ വര്‍ദ്ധനവും,ജോലിഭാരവും കണക്കിലെടുത്ത് നഴ്സുമാരുടെ ശമ്പളവും വര്‍ദ്ധിപ്പിക്കണമെന്നാണ് ഐഎന്‍എംഓയുടെ നിലപാട്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top