Monday November 20, 2017
Latest Updates

അയര്‍ലണ്ടിലെ ട്രാക്കര്‍ മോര്‍ട്ട് ഗേജ് തട്ടിപ്പ് :ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് മന്ത്രിമാര്‍, യൂറോപ്യന്‍ യൂണിയന്‍ ഇടപെടണമെന്ന് ബ്രെയിന്‍ ഹെയ്സ്

അയര്‍ലണ്ടിലെ ട്രാക്കര്‍ മോര്‍ട്ട് ഗേജ് തട്ടിപ്പ് :ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന്  മന്ത്രിമാര്‍, യൂറോപ്യന്‍ യൂണിയന്‍ ഇടപെടണമെന്ന് ബ്രെയിന്‍ ഹെയ്സ്

ഡബ്ലിന്‍ :ട്രാക്കര്‍ തട്ടിപ്പ് നടത്തിപ്പിലുള്‍പ്പെട്ട ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് സ്വതന്ത്ര ടി ഡിമാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.ബാങ്കുകളുടെ ആസ്തികള്‍ മരവിപ്പിക്കുകയും അവരുടെ ബാങ്കിംഗ് ലൈസന്‍സുകള്‍ പിന്‍വലിക്കുകയും വേണമെന്നാണ് ഇന്‍ഡിപെന്‍ഡന്റ് അലയന്‍സ് (ഐഎ) ആവശ്യപ്പെട്ടിരിക്കുന്നത്. ട്രാക്കര്‍ മോര്‍ട്ട്ഗേജ് കുംഭകോണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ബാങ്കുകളെ ധനമന്ത്രി പാസ്‌കല്‍ ഡോണോഗ് പിന്തുണക്കുന്നതായും കൂട്ടായ്മ ആക്ഷേപിച്ചു.

അതേസമയം ബാങ്കുകള്‍ക്കെതിരെ രംഗത്തുവന്ന ഗതാഗത മന്ത്രി ഷെയിന്‍ റോസിനൊപ്പം ജൂനിയര്‍ തൊഴില്‍ മന്ത്രി ജോണ്‍ ഹിലാലിഗിനും ധനമന്ത്രിയെ വിമര്‍ശിച്ചിരുന്നു. അതിനിടെ ബാങ്കുകളുടെ തട്ടിപ്പിനെതിരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തണമെന്നാവശ്യപ്പെട്ടു ഈ മന്ത്രിമാര്‍ വീണ്ടും രംഗത്തുവന്നത് ധനമന്ത്രിയുടെ കൂടുതല്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.എന്നാല്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന വ്യക്തമായ സൂചനയാണ് സ്വതന്ത്ര കൂട്ടായ്മ മന്ത്രിക്ക് നല്‍കിയത്.

ഇതിനിടെ, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ എന്ന ആവശ്യം പ്രധാനമന്ത്രി ലിയോ വരദ്കര്‍ തള്ളിക്കളഞ്ഞു.ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇത്തരത്തില്‍ അന്വേഷണം നടത്താന്‍ ഗാര്‍ഡയ്ക്ക് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന നിലപാടാണ് ഇദ്ദേഹത്തിനുള്ളത്.തട്ടിപ്പിനിരയായവര്‍ തെളിവ് ഗാര്‍ഡയ്ക്ക് നല്‍കിയാല്‍ അന്വേഷിക്കാമെന്നാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്.ഈ നിലപാടിനെതിരെയും ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്

ഐറിഷ് ബാങ്കുകളെ ട്രാക്കര്‍ മോര്‍ട്ട് ഗേജ് അഴിമതിയെ കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.യൂറോപ്യന്‍ കമ്മീഷന്‍ ഡയറക്ടറേറ്റ് ജനറലിന് ബ്രയന്‍ ഹെയ്സ് ട്രാക്കര്‍ മോര്‍ട്ട്ഗേജ് കുംഭകോണം സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

ഐറിഷ് ബാങ്കുകളില്‍ നടന്ന നിയമവിരുദ്ധ കാര്‍ട്ടല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കമ്മീഷന്‍ അന്വേഷിക്കണമെന്ന് ഹെയ്സ് ആവശ്യപ്പെടുന്നു.’ബാങ്കുകള്‍ തമ്മിലുള്ള അനാവശ്യമായ സഹകരണം’ ഉപഭോക്താക്കള്‍ക്ക് അവരുടെ ശരിയായ ട്രാക്കര്‍ മോര്‍ട്ട്ഗേജ് നിരക്ക് നിരസിച്ചുവെന്നതിന് വ്യക്തമായ സൂചനകള്‍ ഉള്ളതായി അദ്ദേഹം പറഞ്ഞു.

ഐറിഷ് ബാങ്കുകള്‍ ബോധപൂര്‍വം ഉപഭോക്താക്കളുടെ മോര്‍ട്ട്ഗേജ് ഉത്പന്നങ്ങളില്‍ കൃത്യമായ പലിശ നിരക്ക് നല്‍കിയില്ല.മോര്‍ട്ട്ഗേജ് വിപണിയില്‍ മത്സരം നിയന്ത്രിക്കാനും ആ മാര്‍ക്കറ്റ് പങ്കിടാനുമുള്ള ശ്രമത്തില്‍ ഇത് സൗകര്യപൂര്‍വം വിസ്മരിക്കുകയായിരുന്നു.

മുന്‍പ് ഇത്തരം കേസുകളില്‍ കമ്മീഷന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് ഹെയ്സ് ചൂണ്ടിക്കാട്ടുന്നു.ലംബാര്‍ഡ് ക്ലബ്ബ് കാര്‍ട്ടല്‍ കേസില്‍ 2002 ജൂണില്‍, എട്ട് ഓസ്ട്രിയന്‍ ബാങ്കുകള്‍ക്ക് കമ്മീഷന്‍ പിഴ ചുമത്തിയിരുന്നു

അയര്‍ലണ്ടിലെ എല്ലാ പ്രധാനബാങ്കുകളും ട്രാക്കര്‍ മോര്‍ട്ട് ഗേജ് തട്ടിപ്പില്‍ ഉപഭോക്താക്കളെ കബളിപ്പിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.ലൈസന്‍സ് റദ്ദാക്കലോ,മറ്റു നടപടികളോ തങ്ങള്‍ക്ക് ബാധകമാവില്ലെന്ന ധൈര്യത്തിലാണവര്‍.

കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കള്‍ സ്വയം മുമ്പോട്ട് വന്ന് അവകാശവും,പരാതിയും ഉന്നയിച്ചാല്‍ മാത്രമേ നടപടിയും,നഷ്ടപരിഹാരവും ഉണ്ടാവുകയുള്ളു എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.തങ്ങള്‍ കബളിപ്പിക്കപെട്ടിട്ടുണ്ടോ എന്ന് ഉപഭോക്താക്കള്‍ തിരിച്ചറിയാന്‍ സൂക്ഷ്മ പരിശോധനയിലുടെയും,മുന്‍ കരാറുകളുടെ അടിസ്ഥാനത്തിലും മാത്രമേ സാധിക്കുകയുള്ളു.

Scroll To Top