Monday November 20, 2017
Latest Updates

അയര്‍ലണ്ടിലെ ട്രാക്കര്‍ മോര്‍ട്ഗേജ് കുംഭകോണം: ബാങ്കുകള്‍ വഞ്ചിച്ചെടുത്തത്  മലയാളികളുടേതടക്കം ആയിരക്കണക്കിനു കുടുംബങ്ങളുടെ സമ്പത്ത് 

അയര്‍ലണ്ടിലെ ട്രാക്കര്‍ മോര്‍ട്ഗേജ് കുംഭകോണം: ബാങ്കുകള്‍ വഞ്ചിച്ചെടുത്തത്  മലയാളികളുടേതടക്കം ആയിരക്കണക്കിനു കുടുംബങ്ങളുടെ സമ്പത്ത് 

ഡബ്ലിന്‍:ആയിരക്കണക്കിനു കുടുംബങ്ങളെ തകര്‍ത്തു തരിപ്പണമാക്കിയ ട്രാക്കര്‍ മോര്‍ട്ഗേജ് കുംഭകോണത്തില്‍ വഞ്ചിതരായ ഇടപാടുകാര്‍ക്ക് പണം തിരികെനല്‍കാന്‍ അനുവദിച്ച സമയപരിധി അവസാനിച്ചു.പലിശ കുറഞ്ഞ ട്രാക്കര്‍ മോര്‍ട്ഗേജ് ഇടപാടുകാര്‍ക്ക് നിരക്കിലെ ആനുകൂല്യം ലഭ്യമാക്കാതെ ബാങ്കുകള്‍ ദശലക്ഷക്കണക്കിനു യൂറോ കബളിപ്പിച്ചെന്ന് കേന്ദ്ര ബാങ്ക് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഈ വായ്പാ കുംഭകോണത്തില്‍പ്പെട്ട് പതിനായിരക്കണക്കിനു കുടുംബങ്ങള്‍ വഴിയാധാരമായി. വീടും സമ്പാദ്യവും നഷ്ടപ്പെട്ട പലരും ജീവനൊടുക്കി. നൂറുകണക്കിനു പേര്‍ മാനസിക സമ്മര്‍ദ്ദത്തിലും ആരോഗ്യ പ്രശ്നങ്ങളിലും പെട്ട് നട്ടംതിരിയുന്നു. ഹൃദയാഘാതവും നാഡീസ്തംഭനവും പോലുള്ള കടുത്ത രോഗങ്ങള്‍ക്കടിമപ്പെട്ടവരും കുംഭകോണം അന്വേഷിക്കുന്ന പാര്‍ലിമെന്ററി ഫിനാന്‍സ് കമ്മിറ്റിക്കു മുന്നില്‍ തെളിവു നല്‍കാനെത്തി.

പതിനഞ്ചോളം ബാങ്കുകള്‍ ചേര്‍ന്ന് മുപ്പതിനായിരത്തോളം ഇടപാടുകാരെ വഞ്ചിച്ചതായി കണക്കാക്കുന്നു.നിരവധി മലയാളികള്‍ക്കും ട്രാക്കര്‍ മോര്‍ട്ട് ഗേജ് വഞ്ചനയില്‍ ഉള്‍പ്പെട്ട് പണം നഷ്ടപ്പെട്ടിട്ടുണ്ട്.

കുറഞ്ഞ പലിശ നിരക്കു മാത്രമുള്ള ട്രാക്കര്‍ മോര്‍ട്ഗേജ് ഇടപാടുകാര്‍ക്ക് അവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം നിഷേധിക്കുയാണ് ബാങ്കുകള്‍ ചെയ്തത്.

2008ല്‍ത്തന്നെ ഇതു സംബന്ധിച്ച പരാതി ബാങ്കിങ് ഓംബുഡ്സ്മാനില്‍ എത്തിയിരുന്നെങ്കിലും 2015ലാണ് കേന്ദ്രബാങ്ക് വിപുലമായ അന്വേഷണത്തിന്ഉത്തരവിട്ടത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ 100 ഇടപാടുകാര്‍ക്കു മാത്രമാണ് നഷ്ടം നേരിട്ടത് എന്നായിരുന്നു കണ്ടെത്തല്‍ എന്നാല്‍ പിന്നീട്എണ്ണം 15000 ആയി ഉയര്‍ന്നു. ഇത് 30000 വരെ ഉയരുമെന്നാണ് വിലയിരുത്തല്‍. അടുത്തയാഴ്ച അന്വേഷണ കമ്മിറ്റി കണക്കുകള്‍ പുതുക്കും.

വെട്ടിപ്പു നടത്തിയ ബാങ്കുകള്‍ പണം മടക്കി നല്‍കേണ്ട സമയപരിധി അവസാനിച്ചതായും നിക്ഷേപകരുടെ പണം തട്ടിയ ആരെയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി ലിയോ വരദ്കര്‍ നിക്ഷേപകരെ അറിയിച്ചു.വരദ്കറും ഒരു മോര്‍ട്ഗേജ് ഉടമയാണ്.ഫിനാന്‍സ് കമ്മിറ്റിക്കു മുന്നില്‍ തെളിവു നല്‍കാനെത്തിയ നിക്ഷേപരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Scroll To Top