Sunday October 22, 2017
Latest Updates

അയര്‍ലണ്ടിലെ ജിമ്മുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം വ്യാപകമാവുന്നു:സ്റ്റിറോയ്ഡ് ഉപയോഗത്തിനെതിരെ ശക്തമായ നിലപാടെടുത്ത് സര്‍ക്കാര്‍ രംഗത്ത് 

അയര്‍ലണ്ടിലെ ജിമ്മുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം വ്യാപകമാവുന്നു:സ്റ്റിറോയ്ഡ് ഉപയോഗത്തിനെതിരെ ശക്തമായ നിലപാടെടുത്ത് സര്‍ക്കാര്‍ രംഗത്ത് 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ജിമ്മുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം വ്യാപകമാവുന്നതായി വെളിപ്പെടുത്തല്‍.സ്റ്റിറോയ്ഡുകളുടെയും,വിറ്റാമിനുകളുടെയും പേരില്‍ വിറ്റഴിക്കപ്പെടുന്ന മിക്ക പ്രോഡക്റ്റുകളിലും മയക്കുമരുന്നിന്റെ അംശമുണ്ടെന്നാണ് കണ്ടെത്തല്‍.ഏറ്റവും എളുപ്പം ഇരകളെ കണ്ടെത്താവുന്ന ഇടങ്ങളായി ജിമ്മുകള്‍ മാറിയിരിക്കുകയാണ് എന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

ചില ജിം കേന്ദ്രങ്ങളില്‍ നിന്ന് മയക്കു മരുന്നുകള്‍ വില്‍ക്കപ്പെടുന്നതായും ഇന്റ്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. മയക്ക് മരുന്ന് വ്യാപാരം തൊഴിലാക്കിയിരുന്ന ചിലര്‍ ജിമ്മുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഗാര്‍ഡയും പറയുന്നു..നഗരത്തിലെയും പരിസരങ്ങളിലെയും ഒട്ടേറെ ജിമ്മുകളില്‍ സ്റ്റിറോയിഡ് വിതരണം നടക്കുന്നുണ്ട്.ഇഞ്ചക്ഷനായി സ്വീകരിക്കുന്നതിന് പകരം ഗുളികകളും,പ്രോട്ടീന്‍ ഡ്രിങ്ക്‌സുകളിലുമായി സ്റ്റീറോയ്ഡ് -മയക്ക് മരുന്നുകള്‍ ലഭിക്കുന്നു എന്നതിനാല്‍ പൊതുസമൂഹത്തിന് ഇവ കണ്ടു പിടിക്കാനും എളുപ്പമല്ല.ക്രമേണ ഇവയ്ക്ക് അടിമയാകുകയും,സ്ഥിരം കസ്റ്റമേഴ്സിനെ ലഭിക്കുകയും ചെയ്യും.

സ്റ്റിറോയ്ഡ്‌നെതിരെയുള്ള പോരാട്ടത്തിന് ജിം ഉടമസ്ഥരുടെ സഹായം ഉണ്ടാവണമെന്ന് ആരോഗ്യമന്ത്രി സൈമണ്‍ ഹാരീസ് അഭ്യര്‍ത്ഥിച്ചു. എഴുപത്തി രണ്ടായിരം മയക്കു മരുന്ന് യൂണിറ്റുകളാണ് ജിം കേന്ദ്രങ്ങളില്‍ നിന്നും ഈ വര്‍ഷം മാത്രം പിടിച്ചെടുത്തിട്ടുള്ളത്.ഓണ്‍ലൈന്‍ ഡ്രഗ് പോര്‍ട്ടല്‍ വഴിയാണ് മയക്കു മരുന്നുകള്‍ ഇത്തരം കേന്ദ്രങ്ങളില്‍ വ്യാപകമായി എത്തുന്നത്.

ഗാര്‍ഡ ആന്‍ഡ് റെവന്യൂ  ഇന്റലിജന്‍സ് നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതോടെയാണ് മയക്കുമരുന്ന് പിടിച്ചടക്കുന്ന എണ്ണത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടായിരിക്കുന്നതെന്ന് ഹെല്‍ത്ത് പ്രൊഡക്ട് റെഗുലേറ്ററി അഥോറിറ്റി (HPRA) വ്യക്തമാക്കി.ഓരോ വര്‍ഷവും സ്റ്റിറോയ്ഡ് ഉപയോഗത്തിനായി സൂചികള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ പത്ത് ശതമാനം വര്‍ദ്ധനവ് ഉണ്ടാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യപരമായ ജീവിതം ചിട്ടപ്പെടുത്താന്‍ ജിം കേന്ദ്രങ്ങള്‍ ഒരുപാട് നല്ല തീരുമാനങ്ങളും നടപടികളും കൈക്കൊള്ളണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു. ഇത്രയും അധികം മയക്കു മരുന്നുകള്‍ പിടിച്ചെടുക്കുന്നത് ആശങ്കാജനകമാണ്. ഓണ്‍ലൈന്‍ മയക്കു മരുന്ന് പോര്‍ട്ടല്‍ വഴി ആളുകള്‍ മരുന്നിന് അടിമപ്പെടുന്നത് അവര്‍ തന്നെ അവരുടെ ആരോഗ്യപരമായ ജീവിതം ഇല്ലാതാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Scroll To Top