Saturday November 18, 2017
Latest Updates

അയര്‍ലണ്ടിലെ ജിപി കെയര്‍ പദ്ധതി 12 വയസ്സുവരെയാക്കും, പക്ഷേ, പൂര്‍ണമായും സൗജന്യമാവില്ല,പുതിയ പദ്ധതി നടപ്പാക്കാന്‍ തയാറെടുപ്പുമായി സര്‍ക്കാര്‍

അയര്‍ലണ്ടിലെ ജിപി കെയര്‍ പദ്ധതി 12 വയസ്സുവരെയാക്കും, പക്ഷേ, പൂര്‍ണമായും സൗജന്യമാവില്ല,പുതിയ പദ്ധതി നടപ്പാക്കാന്‍ തയാറെടുപ്പുമായി സര്‍ക്കാര്‍

ഡബ്ലിന്‍: ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികള്‍ക്ക് കൂടി ജിപി കെയര്‍ പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി.പക്ഷേ പദ്ധതി പൂര്‍ണമായും സൗജന്യമാവില്ല. ഒരു തവണ ഡോക്ടറെ കാണാന്‍ ആറു യൂറോ വാങ്ങുകയോ, കണ്‍സല്‍ട്ടേഷനുകള്‍ വര്‍ഷത്തില്‍ നാലായി ചുരുക്കുകയോ ചെയ്യാനാണ് തയാറെടുക്കുന്നതെന്ന് സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.

ആറുവയസ്സുവരെയുള്ളവരാണ് നിലവില്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍. 12 വയസ്സുവരെയുള്ളരെക്കൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്താനാണ് ആലോചന. ഡോക്ടര്‍മാരുടെ എതിര്‍പ്പാണ് നിലവിലുള്ള തടസ്സം. ഡോക്ടര്‍മാര്‍ക്ക് പദ്ധതിയോടുള്ള എതിര്‍പ്പു കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് അപ്പോയിന്റ്‌മെന്റുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നത്. നിലവില്‍ പദ്ധതി സൗജന്യമായതിനാല്‍ ആവശ്യമില്ലാത്തവരും ഡോക്ടറെ കാണാന്‍ എത്തുന്നുവെന്നാണ് പരാതി. പദ്ധതി 12 വയസ്സുവരെയുള്ളവര്‍ക്കായി വിപുലപ്പെടുത്തുന്നത് 200000 രക്ഷിതാക്കള്‍ക്ക് പ്രയോജനം ചെയ്യും.

ആറുവയസ്സുവരെയുള്ളവര്‍ക്ക് ഫീസൊന്നും ചുമത്താന്‍ ആലോചനയില്ല. അവരുടെ ആശുപത്രി സന്ദര്‍ശനത്തിനു നിയന്ത്രണങ്ങളും കൊണ്ടുവരില്ല. പുതിയ നിയന്ത്രണങ്ങള്‍ പദ്ധതി 18 വയസ്സുവരെയുള്ളവര്‍ക്കായി വിപുലപ്പെടുത്തുന്നത് വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ്. മന്ത്രിസഭയുടെ കാലാവധി തീരുംമുന്‍പ് 18 നു താഴെയുള്ള എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

രാജ്യത്തെല്ലാവര്‍ക്കും സൗജന്യ ജിപി കെയര്‍ ഉറപ്പാക്കാന്‍ സ്ലെയിന്റ് കെയര്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് 91 ദശലക്ഷം യൂറോ ചെലവുവരും. ചെലവുകുറഞ്ഞ, ചെലവില്ലാത്ത ചികിത്സാ സൗകര്യങ്ങളാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. നിലവിലുള്ള ജിപി കരാര്‍ പുതുക്കുന്നതിനും പദ്ധതി വിപുലപ്പെടുത്തുന്നതിനുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്.

Scroll To Top