Monday February 20, 2017
Latest Updates

അയര്‍ലണ്ടിലെ ചില ഭര്‍ത്താക്കന്‍മാരുടെ മനസിലിരിപ്പുകള്‍

അയര്‍ലണ്ടിലെ ചില ഭര്‍ത്താക്കന്‍മാരുടെ മനസിലിരിപ്പുകള്‍

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തങ്ങളുടെ കൂടെ പുതിയ പങ്കാളി കൂടി വേണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് വെറുമൊരു സീസണല്‍ റിലേഷന്‍ഷിപ്പായി മാത്രം മതിയെന്നാണ് ആഗ്രഹമെങ്കിലോ?
ഒരു ഭാര്യയെ വീട്ടിലിരുത്തിക്കൊണ്ടാണ് ഇത്തരം സീസണല്‍ റിലേഷന്‍ഷിപ്പുകള്‍ എങ്കിലോ? പുതുതായി രൂപംകൊണ്ട ഒരു വെബ്‌സൈറ്റാണ് ഇത്തരത്തില്‍ ഐറിഷ് പുരുഷകേസരികളുടെ മനസിലിരുപ്പ് ഇപ്പോള്‍ വെളിച്ചത്ത് കൊണ്ടു വന്നിരിക്കുന്നത്. 80,000ത്തോളം ഐറിഷുകാരാണ് ഈ സൈറ്റില്‍ മെമ്പര്‍മാരായിരിക്കുന്നത്
.
നല്ല ഒരു റിലേഷന്‍ഷിപ്പിനേക്കാള്‍ അല്‍പ്പം വികൃതിത്തരങ്ങളാണ് ഇവരുടെ മനസിലെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് ഫെസ്റ്റിവല്‍ കാലങ്ങളെ ഇത്തരം തട്ടിപ്പുകള്‍ നടത്താനായി കൂടുതലായി തിരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിനും ഇവര്‍ക്ക് വ്യക്തമായ ഉത്തരം തന്നെ നല്‍കാനുണ്ട്. ആഷ്‌ലി മാഡിസണ്‍ സൈറ്റിലെ 3,000ത്തോളം ആക്റ്റീവ് ഉപഭോക്താക്കള്‍ കൃത്യമായ പ്രതികരണങ്ങള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്.

മൂന്നിലൊരു വിഭാഗം ആള്‍ക്കാരും ഇത്തരം തട്ടിപ്പു ബന്ധങ്ങള്‍ രൂപപ്പെടുത്താന്‍ ഫെസ്റ്റിവെല്‍ സീസണ്‍ തന്നെ ഉപയോഗിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സെന്റ് സ്റ്റീഫന്‍ ഡേയും ക്രിസ്തുമസ് രാവും, ന്യൂയിയര്‍ രാവും ഇവര്‍ തങ്ങളുടെ പാര്‍ട്ണര്‍മാരെ കണ്ടെത്താനായി തിരഞ്ഞെടുക്കുകയാണ്.

സര്‍വ്വേയോട് പ്രതികരിച്ചവരില്‍ 70ശതമാനത്തോളം പേരും പറയുന്നത് അവര്‍ക്ക് അവരുടെ ഭാര്യമാരോട് സ്‌നേഹം തന്നെയാണ് എന്നാല്‍ ജീവിതം നല്ല ഹാപ്പിയായി മുന്നോട്ടു പോകണമെങ്കില്‍ ഇത്തരം ചില ‘സെറ്റപ്പു’കള്‍ കൂടി ആവശ്യമാണെന്നാണ്. ഇവരില്‍ പലരും തങ്ങളുടെ ഭാര്യമാര്‍ക്ക് സമ്മാനങ്ങള്‍ വാങ്ങിക്കാനായി ഉപയോഗിക്കുന്നതിന്റെ ഇരട്ടിയോളം പണമാണ് കാമുകിമാര്‍ക്ക് സമ്മാനം നല്‍കാനായി ഉപയോഗിക്കുന്നത് എന്നാണ് സര്‍വ്വേ വിവരങ്ങളില്‍ തെളിഞ്ഞിരിക്കുന്നത്.

കാമുകി നല്‍കുന്ന സ്‌നേഹത്തിനും ഉത്സാഹത്തിനും എല്ലാം അവര്‍ക്ക് എത്രമാത്രം പകരം നല്‍കിയാലും മതിയാകില്ലെന്നും എന്നാല്‍ വീട്ടില്‍ അടിച്ചുതുടച്ചു കുഞ്ഞുങ്ങളെയും നോക്കി ഇരിക്കുന്ന ഭാര്യമാരേക്കാളും പലരും വില കല്‍പ്പിച്ചിരിക്കുന്നത് ഇത്തരം കാമുകിമാര്‍ക്കു തന്നെയാണെന്നുമാണ് സൈറ്റിന്റെ യൂറോപ്യന്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ക്രിസ്റ്റഫ് ക്രെയ്മര്‍ പറഞ്ഞിരിക്കുന്നത്.

ഒരു താല്‍ക്കാലിക പാര്‍ട്ണറില്‍ നിന്നും ലഭിക്കുന്ന സന്തോഷവും സുഖവുമൊന്നും വീട്ടിലിരിക്കുന്ന ലോംഗ്‌ടേം പാര്‍ട്ണറില്‍ നിന്നും ലഭിക്കില്ലെന്നാണ് ‘പുരുഷകേസരികള്‍’ അഭിപ്രായപ്പെടുന്നതും.
വര്‍ഷത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളെല്ലാം ഭര്‍ത്താക്കന്‍മാര്‍ അവരുടെ കാമുകിമാരുടെ കൂടെ ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നതും.

ആദ്യത്തെ രജിസ്‌ട്രേഷനും ഉപയോഗവും സൗജന്യമായതിനാല്‍ തന്നെ ഇത്തരത്തില്‍ ചതി മനസിലുള്ളവര്‍ സൈറ്റിലേക്ക് വളരെ പെട്ടെന്നു തന്നെ ആകര്‍ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഉപഭോക്താക്കള്‍ ആദ്യ തവണ പാര്‍ട്ണറെ കണ്ടെത്തുന്നതുവരെ മാത്രമാണ് ഈ സൗജന്യ സേവനം അനുവദിക്കുകയുള്ളൂ. പാര്‍ട്ണര്‍മാരെ സെലക്ട് ചെയ്തു കഴിഞ്ഞാല്‍ അവരുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് പണം നല്‍കുക തന്നെ ചെയ്യണം.

ആദ്യത്തെ അടവ് 30യൂറോയാണ്. എന്നാല്‍ അഫയര്‍ ഗാരന്റി പാക്കേജിന് 170യൂറോയാണ് ഈടാക്കുന്നത്.

തങ്ങളുടെ വെബ്‌സൈറ്റിനെ ന്യായീകരിക്കാന്‍ വേണ്ടി ക്രെയ്മര്‍ പല കാര്യങ്ങളും വിശദമാക്കുന്നുണ്ട്. ഒരു വ്യക്തിക്ക് ജീവിതാവസാനം വരെ ഒരു പുരുഷന് സുഖം നല്‍കാന്‍ സാധിക്കില്ലെന്നാണ് ക്രെയ്മറുടെ വാദം . അത്തരത്തില്‍ ഒരാളെ മാത്രം സ്‌നേഹിച്ച് ജീവിക്കുക എന്നത് സാങ്കല്‍പ്പിക ലോകത്ത് മാത്രം സംഭവിക്കാന്‍ സാദ്യതയുള്ള കാര്യമാണെന്നും ക്രെയ്മര്‍ പറയുന്നു.80ശതമാനമോ 90 ശതമാനമോ വരെ ഇത്തരത്തിലുള്ള ജീവിതം സാധ്യമായേക്കും എന്നാല്‍ 10ശതമാനത്തിന്റെ ‘വേലിചാട്ടം’ അപ്പോഴും അവിടെ ഉണ്ടായേക്കുമെന്നാണ് ക്രെയ്മര്‍ പറയുന്നത് .

തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ള മോചനത്തിനായും പങ്കാളിയെ ഇത്തരത്തില്‍ പറ്റിക്കുന്നവര്‍ ഉണ്ടെന്നും ക്രെയ്മര്‍ സൂചിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ സഹിക്ക വയ്യാതായാല്‍ ഡൈവോഴ്‌സിലേക്ക് നീങ്ങുന്നവരും കുറവല്ലെന്നാണ് ക്രെയ്മര്‍ ചൂണ്ടിക്കാട്ടുന്നത്.
പല ദമ്പതികളും ഇപ്പോഴത്തെ സാമ്പത്തിക പരാധീനതകള്‍ കാരണമാണ് പിരിയാതെ സഹിച്ച് കൂടെ ജീവിക്കുന്നതെന്നാണ് ക്രെയ്മര്‍ പറയുന്നത്.

പലരുടെയും സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങളിലൂടെ ത്‌നെ പങ്കാളിക്ക് കാര്യങ്ങള്‍ ഏകദേശം മനസിലാവും. താമസിച്ച് വരിക, ചിലവുകള്‍ക്ക് വ്യക്തമായ മറുപടി ഇല്ലാതെ വരിക തുടങ്ങിയ കലാപരിപാടികള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ പലപ്പോഴും കള്ളന്‍ കൈയ്യോടെ പിടികൂടപ്പെടുകയും ചെയ്യും. കൂടുതലായി ഭാര്യമാര്‍ക്ക് മറുപടിയായി ജോലിയും അത് കഴിഞ്ഞുള്ള ചര്‍ച്ചയും ഒക്കെയാവും കാരണങ്ങളായി പറയപ്പെടുക എന്നും ക്രെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

വേലിചാടാനുള്ള എല്ലാ പ്രോത്സാഹനങ്ങളുമായി വെബ്‌സൈറ്റ് നിലവില്‍ വന്നെങ്കിലും ഇതിലേക്കുള്ള ചവിട്ടുപടികള്‍ മാത്രമേ സൗജന്യമായി ചവിട്ടിക്കയറാന്‍ പറ്റുകയുള്ളൂ. വാതിലിനപ്പുറത്തേക്ക് കടക്കണമെങ്കില്‍ കീശ കാലിയാക്കേണ്ടി വരും. പലരും കീശകാലിയാക്കാന്‍ മടി കാണിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നതും.എന്തായാലും ലിസ്റ്റിലെ 80000 മെമ്പര്‍മാരില്‍ മലയാളിപ്പേരുകള്‍ ഉണ്ടോ എന്ന് ഭാര്യമാര്‍ തപ്പി നോക്കുന്നത് നല്ലതാണ് !

Scroll To Top