Tuesday February 20, 2018
Latest Updates

അയര്‍ലണ്ടിലെ ക്രഡിറ്റ് യൂണിയനുകള്‍ തകര്‍ച്ചയുടെ വക്കില്‍,സംഭരിച്ച പണം വിതരണം ചെയ്യാതെ നഷ്ടവും വര്‍ദ്ധിക്കുന്നു,മോര്‍ട്ട്ഗേജ് ലോണിനായി പണമിറക്കാന്‍ അടിയന്തര നീക്കം  

അയര്‍ലണ്ടിലെ ക്രഡിറ്റ് യൂണിയനുകള്‍ തകര്‍ച്ചയുടെ വക്കില്‍,സംഭരിച്ച പണം വിതരണം ചെയ്യാതെ നഷ്ടവും വര്‍ദ്ധിക്കുന്നു,മോര്‍ട്ട്ഗേജ്  ലോണിനായി പണമിറക്കാന്‍ അടിയന്തര നീക്കം  

ഡബ്ലിന്‍:ബിസിനസ്സ് നടത്തിപ്പിലെ പോരായ്മകള്‍ മൂലം അയര്‍ലണ്ടിലെ പകുതിയിലധികം ക്രെഡിറ്റ് യൂണിയനുകളും തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ വര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്തെ പകുതിയലധികം ക്രെഡിറ്റ് യൂണിയനുകളും നഷ്ടത്തിലായിരുന്നു. യൂണിയനുകള്‍ ലയനവും സ്ഥിതി മെച്ചപ്പെടാന്‍ സഹായിച്ചില്ല.

അയര്‍ലണ്ടിലെയും ബ്രിട്ടണിലെയും ക്രെഡിറ്റ് യൂണിയനുകള്‍ക്ക് കീഴിലുളള സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി ഫിനാന്‍സ് യൂറോപ്പ് ജനങ്ങള്‍ക്ക് ഇതുമായിബന്ധപ്പെട്ട് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.

സാധാരണ ബാങ്കുകള്‍ നല്‍കുന്നതിനെക്കാളും കുറഞ്ഞ പലിശയാണ് കാര്‍ ലോണിനും മറ്റും ക്രെഡിറ്റ് യൂണിയനുകള്‍ നല്‍കുന്നത്. ആളുകളെ ചേര്‍ക്കുന്നത് വഴിയാണ് ക്രെഡിറ്റ് യൂണിയനുകളില്‍ പ്രധാനമായും നിക്ഷേപം ലഭിക്കുന്നത്. എന്നാല്‍ ഈ നിക്ഷേപങ്ങള്‍ നാമമാത്രമായ ലാഭമാണ് ഉണ്ടാക്കുന്നത്. കടം നല്‍കുന്നത് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ ക്രെഡിറ്റ് യൂണിയനുകള്‍ തകര്‍ന്നടിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രഡിറ്റ്‌മോ യൂണിയനുകളില്‍ കുമിഞ്ഞു കൂടിയിരിക്കുന്ന പണം ഉപയോഗിച്ച് മോര്‍ട്ട്ഗേജ് ലെന്‍ഡിംഗിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ അംഗീകാരത്തിനായി ക്രെഡിറ്റ് യൂണിയനുകള്‍ സമര്‍പ്പിക്കുകയും സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.. ആകെ ആസ്തിയില്‍നിന്നൊരു ഭാഗമായ 4 ബില്യണ്‍ യൂറോ വായ്പകള്‍ നല്‍കാന്‍ മാത്രമായി മാറ്റി വെച്ചു കൊണ്ടാണ് ക്രെഡിറ്റ് യൂണിയനുകള്‍ പുതിയ വഴികള്‍ തേടുന്നത്. അയര്‍ലണ്ടിലെ ബാങ്കുകളെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ക്രെഡിറ്റ് യൂണിയനുകള്‍ നടത്താന്‍ തയാറെടുക്കുന്ന ഈ വിപുലീകരണം.എന്നാല്‍ നാമ മാത്രമായ സംഘങ്ങളെ ഇത് നടപ്പാക്കിയിട്ടുള്ളു.

അതേസമയം ക്രെഡിറ്റ് യൂണിയനുകള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ കൂടുതല്‍ സമയം എടുക്കുമെന്നാണ് കരുതപ്പെടുന്നത്. ക്രെഡിറ്റ് യൂണിയനുകളെയും മറ്റും നിയന്ത്രിക്കുന്നത് സെന്‍ട്രല്‍ ബാങ്കാണ്. എന്നാല്‍ ക്രെഡിറ്റ് യൂണിയനുകള്‍ ഇതുവരെ ഇവിടെ സമര്‍പ്പിക്കേണ്ടതായ പദ്ധതി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടില്ല. ക്രെഡിറ്റ് യൂണിയനുകള്‍ വായ്പ് നല്‍കുന്ന രീതിയിലോ, മാനദണ്ഡങ്ങളിലോ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ സെന്‍ട്രല്‍ ബാങ്കിന്റെ അറിവോടെ മാത്രമെ സാധിക്കുകയുള്ളു.

ക്രെഡിറ്റ് യൂണിയനുകളുടെ എല്ലാം പിന്തുണയോടെ ഒരു കേന്ദ്രീകൃത സംവിധാനമുണ്ടാക്കുക. വായ്പകള്‍ വേണ്ടവര്‍ പ്രാദേശിക ക്രെഡിറ്റ് യൂണിയനുകളെ സമീപിക്കുകയും കാര്യകാരണങ്ങള്‍ പരിശോധിച്ച് പ്രാദേശിക ക്രെഡിറ്റ് യൂണിയനുകള്‍ അത് കേന്ദ്രസംവിധാനത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്യും. ഈ ബോഡിയായിരിക്കും വായ്പ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. ക്യാനഡയിലുള്ള ക്രെഡിറ്റ് യൂണിയനുകള്‍ വിജയകരമായി പരീക്ഷിച്ചിട്ടുള്ള ഒരു മാതൃകയാണിത്. ഇതില്‍നിന്നുണ്ടാകുന്ന ലാഭം അതാത് ക്രെഡിറ്റ് യൂണിയനുകള്‍ക്ക് തന്നെയാകും ലഭിക്കുക.

രണ്ടാമത്തെ നിര്‍ദ്ദേശം ലോക്കല്‍ ക്രെഡിറ്റ് യൂണിയനില്‍ തന്നെ അപേക്ഷ പരിഗണിക്കുകയും അനുമതി നല്‍കുകയും വായ്പ നല്‍കുകയും ചെയ്യുന്ന രീതിയാണ്. എന്നാല്‍ ലോക്കല്‍ ക്രെഡിറ്റ് യൂണിയനുകളുടെ യോഗ്യതകളെ എപ്പോഴും സംശയത്തോടെ മാത്രം നോക്കി കാണുന്ന സെന്‍ട്രല്‍ ബാങ്ക് ഇതിന് അനുമതി നല്‍കാന്‍ സാധ്യതയില്ലെന്നും കേന്ദ്രീകൃത സംവിധാനത്തിലൂടെ തന്നെ വായ്പകള്‍ ലഭ്യമാക്കുമെന്നാണ് ഇപ്പോള്‍ തന്നെ ഉയര്‍ന്നുകേള്‍ക്കുന്ന അഭിപ്രായം.

ക്രെഡിറ്റ് യൂണിയനുകള്‍ക്കാകെ 13 ബില്യണ്‍ യൂറോയുടെ ആസ്തിയുണ്ടെന്ന് ലീഗിന്റെ ആക്ടിംഗ് ഹെഡ് എഡ് ഫാരല്‍ പറഞ്ഞു. ഇതില്‍നിന്ന് മൂന്നു മുതല്‍ നാല് ബില്യണ്‍ യൂറോ വരെ വായ്പ നല്‍കാനാണ് ക്രെഡിറ്റ് യൂണിയനുകള്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top