Thursday November 15, 2018
Latest Updates

അയര്‍ലണ്ടിലെ കത്തോലിക്കാ പുരോഹിതരെ റിട്ടയര്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആക്ഷേപം 

അയര്‍ലണ്ടിലെ കത്തോലിക്കാ പുരോഹിതരെ റിട്ടയര്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആക്ഷേപം 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ കത്തോലിക്കാ പുരോഹിതരെ റിട്ടയര്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആക്ഷേപം. 75 വയസ്സിന് അപ്പുറത്തും ജോലിയില്‍ ഏര്‍പ്പെടാന്‍ വൃദ്ധപുരോഹിതരെ നിര്‍ബന്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ആഫ്രിക്ക,ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും സേവനത്തിനായി വൈദീകരെ അയര്‍ലണ്ടില്‍ എത്തിയ്ക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടരുമ്പോഴും മാസം തോറും റിട്ടയര്‍ ചെയ്യുന്ന ഐറിഷ് പുരോഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണിത്.

വൈദികരുടെ കുറവുമൂലം രോഗഗ്രസ്ഥരായ വന്ധ്യവയോധികര്‍ക്കു പോലും വിശ്രമജീവിതം നിഷേധിക്കുകയാണ്. ഇവര്‍ക്കു പകരം നിയമിക്കാന്‍ ആളില്ലെന്നതാണ് സഭ നേരിടുന്ന മുഖ്യപ്രശ്നം.കത്തോലിക്കാ പുരോഹിതരുടെ അസോസിയേഷന്‍ (എസിപി)വാര്‍ഷിക പൊതുയോഗത്തിലെ മുഖ്യഅജണ്ട തന്നെ ഈ വിഷയമാണ്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എസിപിയില്‍ ‘വൃദ്ധ പുരോഹിത പീഡനം’എന്ന വിഷയം ചര്‍ച്ചയാണ്. എന്നാല്‍ പരിഹാരമുണ്ടായിട്ടില്ല.വൈദികരുടെ വിരമിക്കണമെന്ന അഭ്യര്‍ഥന ബിഷപ്പുമാര്‍ നിരസിച്ചതായുള്ള കേസുകള്‍ പെരുകുകയാണ്.രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ഈയിടെ കൂടി ഇത്തരമൊരു പരാതിയുണ്ടായി.രോഗിയും 72കാരനുമായ പുരോഹിതനോട് ഉന്നതര്‍ ജോലിയില്‍ തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

പ്രായമായ വൈദികരുടെ വിരമിക്കല്‍ സംബന്ധിച്ച വിഷയത്തില്‍ ഇടവകകകള്‍ ധാരണയിലെത്തണമെന്ന് എസിപി ആവശ്യപ്പെട്ടു.പുരോഹിതര്‍ക്ക് ശരിയായ വിരമിക്കല്‍ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നും എസിപി വക്താവ് ടിം ഹാസില്‍ വുഡ് പറഞ്ഞു.

‘ഞങ്ങള്‍ പുരോഹിതരെ ജീവനക്കാരായി കാണുന്നില്ല, ഞങ്ങള്‍ക്ക് യാതൊരു അവകാശവുമില്ല, എന്നാല്‍ വിരമിക്കാന്‍ പോലുംഅനുവദിക്കുന്നില്ല.പ്രാര്‍ഥനാകര്‍മ്മങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തിയില്ലാത്ത പുരോഹിതരോടുപോലും ഇങ്ങനെയാണ് പെരുമാറുന്നത്’ ടിംഹാസില്‍ വുഡ് വിശദീകരിച്ചു.

ഫ്രാന്‍സിസ് പാപ്പയുടെ ചരിത്രപ്രധാനമായ സന്ദര്‍ശനത്തിന് ശേഷമുള്ള ഐറീഷ് കത്തോലിക്കാ സഭാ സമിതി മീറ്റിംഗ് ബുധനാഴ്ച നടക്കുന്നുണ്ട്.ഈ വിഷയത്തില്‍ അവിടെ ഒരു പരിഹാരമുണ്ടാകുമോയെന്നാണ് എസിപിയും വൃദ്ധ വൈദികരും ഉറ്റുനോക്കുന്നത്.

അതേസമയം,75 വയസ്സിലെത്തിയ പുരോഹിതന്‍, വിരമിക്കാനാഗ്രഹിക്കുന്നുവെങ്കിലും രൂപതാ മെത്രാന്റെ അനുമതിയോടെ മാത്രമേ അത് ചെയ്യാന്‍ കഴിയൂവെന്ന് കത്തോലിക്കാ കമ്യൂണിക്കേഷന്‍സ് ഓഫീസ് സ്ഥിരീകരിച്ചു. പുരോഹിതരുടെ വിരമിക്കല്‍ സംബന്ധിച്ച കാനന്‍ നിയമവും അതാണെന്ന് കത്തോലിക്കാ കമ്യൂണിക്കേഷന്‍സ് വക്താവ് എമ്മാ സീസ്‌ക് വ്യക്തമാക്കി.

Scroll To Top