Tuesday February 28, 2017
Latest Updates

അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി അടിമുടി മാറുന്നു ..എങ്ങും പുതിയ മുഖം !

അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി അടിമുടി മാറുന്നു ..എങ്ങും പുതിയ മുഖം !

ഡബ്ലിന്‍:പ്രവാസി ഇന്ത്യാക്കാര്‍ ഏറ്റവും വെറുത്തിരുന്ന ഒരു സ്ഥാപനമേ അയര്‍ലണ്ടില്‍ ഉണ്ടായിരുന്നുള്ളൂ.ഡബ്ലിനിലെ ഇന്ത്യന്‍ എംബസി.അവിടെ ചെല്ലുന്ന ഏതൊരാളും മനസിലെങ്കിലും അധികൃതരെ ഒന്ന് ശപിക്കാതെ പുറത്തിറങ്ങുന്ന പതിവ് കുറവായിരുന്നു.എന്തിനും ഏതിനും സ്വന്തം പൗരന്‍മാരെയും മറ്റുള്ളവരെയും ബുദ്ധിമുട്ടിക്കുന്നതില്‍ ഒന്നാം സ്ഥാനത്തായിരുന്നു അവിടുത്തെ ഉദ്ദ്യോഗസ്ഥര്‍.

എംബസിയുടെ റിസപ്ഷനില്‍ ചെന്ന് ഹിന്ദിയില്‍ ചോദിച്ചാല്‍ മുറിഇംഗ്ലീഷില്‍ ,മറുപടി കിട്ടും.ഇംഗ്ലീഷില്‍ ചോദിച്ചാല്‍ ലോകത്തെങ്ങും ഇല്ലാത്ത ഭാഷകളില്‍ ആയിരുന്നു മറുപടി.തൊട്ടതിനും പിടിച്ചതിനുമൊക്കെ ഉപഭോക്താക്കളില്‍ ഏതെങ്കിലും ഒരു കുറ്റം കണ്ടെത്തി കാര്യം മുടക്കാന്‍ വിരുതന്‍മാരായവരുടെ ഒരു കൂടാരമായിരുന്നു അവിടം.കൌണ്ടറില്‍ നിലക്കുന്നവന്റെ വായില്‍ നിന്നും തെറിച്ചു വീഴുന്ന തുപ്പല്‍ തുടയ്ക്കാന്‍ ടിഷ്യു പേപ്പര്‍ കരുതണമെന്ന് കരുതലുള്ളവര്‍ അക്കാലത്ത് പലരുമുണ്ടായിരുന്നു.

ഫോട്ടോസ്റ്റാറ്റ് പോയിട്ട് ഒരു മൊട്ടുസൂചിയുടെ സഹായം പോലും ആര്‍ക്കും ചെയ്യില്ലാത്ത വകകള്‍.
ഇന്ത്യാക്കാര്‍ ഇത് സ്വന്തം എംബസി തന്നെയാണോ എന്ന് സംശയിച്ച കാലം.

അത് പഴയ കഥ….ഇപ്പോള്‍ എംബസിയില്‍ ചെല്ലുന്ന ആരും അങ്ങനെ പറയാറില്ല.അഥവാ ആരെങ്കിലും അങ്ങനെ മോശം പറയുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് പഴയ കഥകളൊന്നും അറിയാത്തവരാകും.അത്രയ്ക്ക് വ്യത്യാസങ്ങള്‍ ഒറ്റനോട്ടത്തില്‍ തന്നെ ഇപ്പോള്‍ എംബസിയില്‍ എത്തുന്ന ആര്‍ക്കും മനസിലാക്കാവുന്നതെയുള്ളൂ.

എത്ര വലിയ ക്യൂ ഉണ്ടെങ്കിലും വളരെ വേഗം ആള്‍ക്കാരെ പരിഗണിക്കുന്ന ഒരു റിസപ്ഷനിസ്റ്റ്,എന്ത് സഹായം വേണമെങ്കിലും ചെയ്യാന്‍ തയാറായി നില്‍ക്കുന്ന മറ്റ് ഉദ്ദ്യോഗസ്ഥര്‍.ഒരു അപേക്ഷ കൊടുത്താല്‍ അതിനുള്ള തീരുമാനം എന്നുണ്ടാവുമെന്ന് കൃത്യമായി അറിയിക്കുന്ന, അതനുസരിച്ച് കാര്യങ്ങള്‍ ക്രമീകരിക്കുന്നതില്‍ ബദ്ധശ്രദ്ധരായവര്‍.ഇവരൊക്കെ ഇപ്പോള്‍ എംബസി സന്ദര്‍ശിക്കുന്നവരെ അമ്പരപ്പിക്കുന്ന കാഴ്ച്ചകളാണ്‍

ഒത്തിരിക്കാലം കൂടിയാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസിയില്‍ പോയത്.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് അയര്‍ലണ്ടില്‍ എത്തിയ ഭാരത സര്‍ക്കാരിന് കീഴിലുള്ള നെഹ്‌റു യുവ കേന്ദ്രയുടെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗം കൂടിയായ ,നിര്‍മലഗിരി കോളേജിലെ എന്റെ പഴയ സുഹൃത്ത് സജീവ് ജോസഫിന് എംബസി സന്ദര്‍ശിക്കണമെന്ന ആഗ്രഹമുണ്ടായപ്പോള്‍ കൂടെ പോകാമെന്ന് ഏറ്റതാണ്.,’അര മണിക്കൂര്‍’ മുന്‍പ് മാത്രം വിളിച്ച് അപ്പോയിന്റ്‌മെന്റ് എടുത്തിട്ടും (അതാണല്ലോ നമ്മള്‍ മലയാളികളുടെ പൊതുശീലം..അപ്പോയിന്റ്‌മെന്റ് എടുത്തു പോകുന്നവര്‍ പിണങ്ങരുതേ!) ഉന്നത ഉദ്ദ്യോഗസ്ഥരൊക്കെ കാത്തുനിന്നിരുന്നു.

സ്വീകരണ മുറിയില്‍ ഇരിക്കുമ്പോള്‍ ഉണ്ടായ സംഭവം ഞങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.എംബസിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥ ഞങ്ങള്‍ക്കായി ,ഞങ്ങള്‍ ഇരുന്ന മുറിയില്‍ തന്നെ ചായയൊരുക്കി.തനി ഉത്തരേന്ത്യന്‍ ദാബയില്‍ ചായയൊരുക്കും പോലെ.പങ്കു വെച്ച ചായയില്‍ പോലും നിറയെ സ്‌നേഹം!(എബസിയുടെ ഇപ്പോഴത്തെ ഓഫിസില്‍ കിച്ചണില്ല.മെറിയോണ്‍ റോഡില്‍ നവീകരിക്കാന്‍ അനുമതി ലഭിച്ച പുതിയ ഇന്ത്യന്‍ എംബസി കെട്ടിടത്തില്‍ കിച്ചണ്‍ മാത്രമല്ല ചെറിയൊരു ചായക്കട തന്നെ ഉണ്ടാവുമത്രേ..കാത്തിരിക്കാം..!)

മലയാളിയെ പുച്ഛഭാവത്തില്‍ കണ്ടിരുന്ന ഒട്ടേറെ ഉത്തരേന്ത്യന്‍ ‘ഗോസാമികള്‍’ ഇരുന്നിരുന്ന മുറിയിലേക്ക് സഹോദരതുല്യമായ സ്‌നേഹത്തോടെ ഞങ്ങളെ സ്വാഗതം ചെയ്തത് ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി മുഴുവന്‍ തിളങ്ങുന്ന ഇന്ത്യന്‍ അമ്പാസിഡര്‍ തന്നെയായിരുന്നു.അഞ്ചു മിനിട്ട് കൊണ്ട് ഞങ്ങള്‍ പറയേണ്ട കാര്യങ്ങള്‍ ഒക്കെ പറഞ്ഞു നിര്‍ത്തി.സാധാരണ ഗതിയില്‍ മുന്‍പുണ്ടായിരുന്നത് പോലെ ‘ഒരു വാക്ക്’ മറുപടി (നോക്കട്ടെ .പഠിക്കട്ടെ,അറിയിക്കാം ,പരിഗണിക്കാം തുടങ്ങിയ വാക്കുകളാണ് ഈ ഒരു ‘വാക്കില്‍’പ്പെടുക )കാത്തിരുന്ന ഞങ്ങളെ ആശ്ചര്യപെടുത്തി ഞങ്ങള്‍ ചോദിച്ച ഓരോ ആവശ്യത്തിനും അമ്പാസിഡര്‍ മറുപടി പറഞ്ഞു.

ബ്രിട്ടന്റെ ടൂറിസ്റ്റ് വിസ എടുത്തു മാതാപിതാക്കളെ അയര്‍ലണ്ടില്‍ എത്തിക്കുന്നതാണ് ഭേദമെന്ന് ടൂറിസ്റ്റ് വിസയെകുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യന്‍ അമ്പാസിഡര്‍ നേരിട്ട് പറഞ്ഞപ്പോള്‍ ഐറിഷ് സിസ്റ്റത്തിലുള്ള പോരായ്മകള്‍ , നിസഹായതയുടെ വാക്കുകളായി.അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടുമെന്നും മന്ത്രിതലത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പറയുമ്പോള്‍ സ്വരത്തിലുള്ള നിശ്ചയദാര്‍ഡ്യം മാത്രം മതി മലയാളിക്ക് ആശ്വസിക്കാന്‍.

രാധികാ ലോകേഷും മകളും രാഷ്ട്രപതി ഭവനില്‍

രാധികാ ലോകേഷും മകളും രാഷ്ട്രപതി ഭവനില്‍

അയര്‍ലണ്ടിലെ ഇന്ത്യാക്കാരെ ഒന്നിച്ചു കൂട്ടാനായി ഈ വര്‍ഷം മുതല്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഒരു വമ്പന്‍ പരിപാടി ആസൂത്രണം ചെയ്യാനുള്ള പദ്ധതിയും പ്രകീര്‍ത്തിക്കപ്പെടെണ്ടത് തന്നെ.അയര്‍ലണ്ടില്‍ ഇന്ത്യാക്കാര്‍ ഇല്ലെന്നു വിചാരിച്ചു പ്രവര്‍ത്തിച്ചിരുന്ന മുന്‍ഗാമികള്‍ക്കിടയില്‍ വ്യത്യസ്ഥയാവുന്നു സൗത്ത് ഇന്ത്യയുടെ മരുമകളായ (കര്‍ണ്ണാടക സ്വദേശിയായ സ്വിറ്റ്‌സര്‍ലണ്ട് അംബാസിഡര്‍ എം കെ ലോകേഷിന്റെ ഭാര്യയാണ് രാധികാ ലോകേഷ് ) ഈ ഹരിയാനക്കാരി.

താഴെതട്ടിലുള്ള ഓഫിസില്‍ കൂടുതല്‍ സൌകര്യങ്ങള്‍ കണ്ടെത്താനും,കൂടുതല്‍ സമയബന്ധിതമായി കാര്യനിര്‍വഹണം നടത്തുവാനുമുള്ള തയ്യാറെടുപ്പിലാണ് അംബാസിഡര്‍.എംബസിയില്‍ എത്തുന്നവരെ ഒട്ടും ബുദ്ധിമുട്ടിക്കാതെ കാര്യനിര്‍വഹണം നടത്തുന്നുവെന്ന് ഉറപ്പുവരുത്തും.ഒരിക്കല്‍ എങ്കിലും നേരിട്ട് കാണുന്നവര്‍ക്ക് അമ്പാസിഡര്‍ മറക്കാതെ നല്കുന്ന ഒന്നുണ്ട്.ഇ മെയില്‍ അഡ്രസ്.എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ നേരിട്ട് ബന്ധപ്പെടാനുള്ള ക്ഷണം.

ഇന്ത്യന്‍ സംഘടനകളെ വിളിച്ചു ചേര്‍ത്ത് പ്രശ്‌നങ്ങളും ,ക്ലേശങ്ങളും ചര്‍ച്ച ചെയ്യണം.പരിഹാരം കാണണം.ഒട്ടേറെ കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തുകഴിഞ്ഞു അമ്പാസിഡര്‍.

ആഗസ്റ്റില്‍ ഡബ്ലിനില്‍ എത്തിയ ശേഷം ഭാരതത്തിന് വേണ്ടി ഓടുകയായിരുന്നു രാധികാ ലോകേഷ്.കയറ്റിറക്കുമതി,ടൂറിസം,സംസ്‌കാരം,വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ മേഖലകളില്‍ ഐറിഷ് ഇന്ത്യ കരാറുകള്‍ ഉണ്ടാക്കുവാനായി അശ്രാന്ത പരിശ്രമത്തിലാണ് ഇപ്പോള്‍.

ഏറ്റവും അവസാനം പെസഹാ വ്യാഴാഴ്ച , യൂ സി ഡിയില്‍ നടന്ന ഇന്ത്യാ അയര്‍ലണ്ട് വനിതാ ഹോക്കി മാച്ചില്‍ ഇന്ത്യന്‍ ടീമിന് പിന്തുണയുമായി,വി ഐ പി കസേര ഉപേക്ഷിച്ചു ഇന്ത്യാക്കാരായ കാണികളോടൊപ്പം ഗാലറിയിലാണ് അവരെ കണ്ടത്.ഇന്ത്യയുടെ ഓരോ മുന്നേറ്റത്തിനും ആവേശപൂര്‍വ്വം ഭാരത്മാതാ കീ ജയ് വിളിക്കുന്ന ടീമംഗങ്ങളോടൊപ്പം ചേര്‍ന്ന് മുദ്രാവാക്യം മുഴക്കുന്ന ദേശസ്‌നേഹി.അറിയാതെ,സന്തോഷത്താല്‍ കണ്ണ് നിറഞ്ഞുപോയി.ഇന്ത്യ വിജയിക്കുന്നത് കണ്ടു ആഹ്ലാദപൂര്‍വം കയ്യടിക്കുന്ന സ്‌കൂള്‍ കുട്ടികളോട് ഗാലറിയില്‍ ഇരുന്ന് അവര്‍ വിളിച്ചു പറഞ്ഞു.’ഇത് നിങ്ങള്‍ മാതൃകയാക്കണം,നമുക്ക് എല്ലായിടത്തും ഇന്ത്യയെ ജയിപ്പിക്കണം.’

അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ക്ക് ഇത് മാറ്റത്തിന്റെ കാലമാണ്.നമ്മുടെ വിഷമങ്ങള്‍ മനസിലാക്കുന്ന ഒരു നേതൃത്വത്തെ അവസാനം ,ലഭിച്ചിരിക്കുന്നു. ജനങ്ങള്‍ക്ക് വേണ്ടി പൊരുതാനുള്ള ഒരു ടീമാണ് ഇപ്പോള്‍ നമുക്കുള്ളത് എന്ന് ഇനി ആര്‍ക്കും നിസംശയം പറയാം.

-റെജി സി ജേക്കബ്

ഗതാഗത മന്ത്രി ലിയോ വരേദ്കറോടൊപ്പം ഇന്ത്യ അയര്‍ലണ്ട് ടൂറിസം മീറ്റില്‍

ഗതാഗത മന്ത്രി ലിയോ വരേദ്കറോടൊപ്പം ഇന്ത്യ അയര്‍ലണ്ട് ടൂറിസം മീറ്റില്‍

ഡബ്ലിൻ മേയർ ഓസിൻ ക്യൂനോടൊപ്പം

ഡബ്ലിൻ മേയർ ഓസിൻ ക്യൂനോടൊപ്പം

രാധികാ ലോകേഷ് കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളജ് സന്ദര്‍ശിച്ചപ്പോള്‍

രാധികാ ലോകേഷ് കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളജ് സന്ദര്‍ശിച്ചപ്പോള്‍

 

റാനിലയില്‍ ഒരു പൊതുചടങ്ങില്‍ നല്കിയ സ്വീകരണത്തില്‍ അംബാസിഡര്‍

റാനിലയില്‍ ഒരു പൊതുചടങ്ങില്‍ നല്കിയ സ്വീകരണത്തില്‍ അംബാസിഡര്‍

 ഡബ്ലിനില്‍ മലയാളികളുടെ പൊതുചടങ്ങിനെത്തിയപ്പോള്‍


ഡബ്ലിനില്‍ മലയാളികളുടെ പൊതുചടങ്ങിനെത്തിയപ്പോള്‍

കോര്‍ക്കിലെ ഇന്ത്യന്‍ സമൂഹത്തോടൊപ്പം

കോര്‍ക്കിലെ ഇന്ത്യന്‍ സമൂഹത്തോടൊപ്പം

 

Scroll To Top