Sunday October 21, 2018
Latest Updates

അയര്‍ലണ്ടിലെ അബോര്‍ഷന്‍ റഫറണ്ടം:യെസ് പക്ഷത്തിന്റെ പിന്തുണ 10 ശതമാനം കുറഞ്ഞു,നോ പക്ഷത്തെ പിന്തുണയ്ക്കാന്‍ ഫിയാന ഫാള്‍ രംഗത്തിറങ്ങി 

അയര്‍ലണ്ടിലെ അബോര്‍ഷന്‍ റഫറണ്ടം:യെസ് പക്ഷത്തിന്റെ പിന്തുണ 10 ശതമാനം കുറഞ്ഞു,നോ പക്ഷത്തെ പിന്തുണയ്ക്കാന്‍ ഫിയാന ഫാള്‍ രംഗത്തിറങ്ങി 

ഡബ്ലിന്‍:അയര്‍ലണ്ടിലെ എട്ടാം ഭരണഘടനാ ഭേദഗതി എടുത്തുകളയാന്‍ ഉള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ ജനങ്ങളുടെ ഹിത പരിശോധനയ്ക്കു ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവിധ അഭിപ്രായ സര്‍വ്വേകള്‍ പുറത്ത് വന്നു തുടങ്ങി.സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അനുകൂലിക്കുന്ന യെസ് പക്ഷക്കാരുടെ എണ്ണത്തില്‍ കുറവ് വരുന്നതായാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

എട്ടാം ഭേദഗതി എടുത്തുകളയാനുള്ള സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാന്‍ അത്ര എളുപ്പമല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന അഭിപ്രായ സര്‍വ്വേകള്‍ കാണിക്കുന്നതെന്ന് അബോര്‍ഷന് എതിരായി പ്രചാരണം നടത്തുന്നവര്‍ അവകാശപ്പെട്ടു.

സര്‍വ്വേ ഫലങ്ങള്‍ തങ്ങള്‍ക്കു സ്ഥായിയായ പിന്തുണ ലഭിക്കുന്നതായാണ് സൂചിപ്പിക്കുന്നതെന്ന് ഭരണഘടനാ ഭേദഗതി എടുത്തുകളയണമെന്നു വാദിക്കുന്ന യെസ് പക്ഷക്കാര്‍ അവകാശപ്പെടുന്നു.

ഞായറാഴ്ച പുറത്ത് വന്ന മില്‍വാര്‍ഡ് ബ്രൗണ്‍ സര്‍വ്വേ പ്രകാരം 45 % ജനങ്ങളും ഗര്‍ഭസ്ഥ ശിശുവിന് ഭരണഘടന നല്‍കുന്ന സംരക്ഷണം നീക്കം ചെയ്യണമെന്ന ആവശ്യത്തെ അനുകൂലിക്കുന്നതായാണ് കാണിക്കുന്നത്.മുമ്പ് നടത്തിയ സര്‍വേയില്‍ നിന്നും 18 ശതമാനം കുറവ് വോട്ടാണ് യെസ് പക്ഷക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത്.

34 % ജനങ്ങള്‍ ഭരണഘടനാ ഭേദഗതി നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന നോ പക്ഷക്കാരായി പരസ്യമായി രംഗത്തുള്ളപ്പോള്‍ , 10 % ശതമാനം തീരുമാനം എടുത്തിട്ടില്ലാത്തവരും, 4 % ജനങ്ങള്‍ അഭിപ്രായം പറയാന്‍ തയ്യാറാകാതെ വിട്ടു നിന്നതായുമാണ് സര്‍വ്വേ ഫലം പറയുന്നത്.

സര്‍വ്വേഫലം അനുകൂലമാണെന്നതില്‍ അതിശയമില്ലെന്നും ഗവണ്മെന്റ് നടപ്പാക്കാനുദ്ദേശിക്കുന്നത് നിര്‍ദ്ദേശം തങ്ങള്‍ പ്രതീക്ഷിച്ചതിലും തീവ്രമാണെന്നു ജനങ്ങള്‍ തിരിച്ചറിഞ്ഞു വരികയാണ് എന്നതാണ് സര്‍വ്വേ സൂചിപ്പിക്കുന്നതെന്നുമാണ് നോ പക്ഷക്കാരുടെ വാദം. ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ഭരണഘടന നല്‍കുന്ന നിയമപരമായ സംരക്ഷണം നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ ജനങ്ങള്‍ യാഥാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. തോന്നുംപോലെ അബോര്‍ഷന്‍ നടത്താന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഭേദഗതി പിന്‍വലിക്കുന്നത് അത് അനിവാര്യമാക്കും”.ലവ് ബോത്ത് കാമ്പയിന്‍ ലീഡര്‍ ഡോ. റൂത്ത് കുള്ളന്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുന്ന ‘ യെസ് ‘ പ്രചാരകര്‍ ഈ വിധിയെ സ്വാഗതം ചെയ്യുന്നതായും അഞ്ചില്‍ ഒരാള്‍ ഇപ്പോഴും തീരുമാനം എടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു .അയര്‍ലണ്ടിലെ സ്ത്രീകള്‍ക്ക് കരുണയും സംരക്ഷണവും ‘ എന്ന യെസ് പ്രചാരകരുടെ ആഹ്വാനത്തെ ജനങ്ങള്‍ ഏറ്റെടുത്തതായാണ് സര്‍വ്വേ ഫലങ്ങള്‍ കാണിക്കുന്നതെന്ന് Together For Yes പ്രചാരണത്തിന്റെ കോര്‍ഡിനേറ്റര്‍ ആല്‍ബെ സ്മിത്ത് അഭിപ്രായപ്പെട്ടു. ഹിതപരിശോധനയുടെ ഫലത്തെ ആശ്രയിച്ചാണ് തങ്ങളുടെ ഭാവി ആരോഗ്യ സംരക്ഷണമെന്ന തിരിച്ചറിഞ്ഞ യുവതികള്‍ പ്രചാരണത്തെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. എന്നിരുന്നാലും ഒരു വലിയ വിഭാഗം ജനങ്ങള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല എന്നതിനാല്‍ അടുത്ത 18 ദിവസത്തിനിടയിലെ ഒരോ വോട്ടും നിര്‍ണായകമാണെന്നു തിരിച്ചറിയുന്നുണ്ട്” അവര്‍ പറഞ്ഞു.

അയര്‍ലണ്ടില്‍ നിലവില്‍ അബോര്‍ഷന്‍ നിയമ വിധേയമായി അനുവദിക്കുന്നുണ്ട്. എന്നാല്‍ അബോര്‍ഷന് നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്ന ഭരണഘടനയുടെ എട്ടാം ഭേദഗതി എടുത്തുകളഞ്ഞു കൊണ്ട് ഗര്‍ഭച്ഛിദ്രത്തെ പൂര്‍ണ്ണമായും നിയമത്തിന് അതീതമാക്കാനാണ് സര്‍ക്കാരും അതിനെ പിന്തുണയ്ക്കുന്നവരും പ്രചാരണം നടത്തുന്നത്.

എട്ടാം ഭരണഘടനാ ഭേദഗതി പിന്‍വലിക്കണം എന്ന ആവശ്യത്തിനെതിരെ നോ വോട്ട് ആഹ്വാനവുമായി 31 ഫിയാന ഫാള്‍ ടിഡിമാര്‍ പരസ്യമായി രംഗത്തുവന്നത് നോ പക്ഷക്കാരെ ആവേശഭരിതരാക്കിയിട്ടുണ്ട്.സ്വവര്‍ഗ്ഗവിവാഹത്തിനായുള്ള ഇക്വാളിറ്റി റഫറണ്ടത്തെ യെസ് വോട്ടു നല്‍കി അനുകൂലിച്ചവരാണ് ഇവരില്‍ 75% പേരും.എന്നാല്‍ പാര്‍ട്ടി ലീഡര്‍ മൈക്കിള്‍ മാര്‍ട്ടിന്‍ യെസ് പക്ഷക്കാരോടൊപ്പമാണ്.

സ്ത്രീകളെ പിന്തുണയ്ക്കുക, കുഞ്ഞുങ്ങളെ സംരക്ഷിക്കുക, ജീവന്‍ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായി നില്‍ക്കുന്ന ഇവരുടെ പ്രചാരണ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. എട്ടാം ഭരണഘടനാ ഭേദഗതി പിന്‍വലിക്കണം എന്ന ആവശ്യത്തിനെതിരെ ഇത്രയേറെ ഫിയാന ഫാള്‍ ടിഡിമാരും സെനറ്റര്‍മാരും ഉണ്ട് എന്ന് ഫിയാന ഫാള്‍ അംഗങ്ങളെ അറിയിക്കാനാണ് ഈ ഫോട്ടോ എടുത്തതെന്ന് വാട്ടര്‍ഫോര്‍ഡ് ടിഡി മേരി ബട്ലര്‍ പറഞ്ഞു.

എട്ടാം ഭരണഘടനാ ഭേദഗതി പിന്‍വലിക്കുന്നതിനെതിരെ 37 ഫിയാന ഫാള്‍ പാര്‍ലമെന്ററി അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തും എന്ന് വിശ്വസിക്കുന്നുവെന്നും മേരി ബട്ലര്‍ പറഞ്ഞു.കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ 24.31% വോട്ടും 44 ടി ഡി മാരേയുമാണ് ഫിയാനഫാളിന് ലഭിച്ചത്. ഫിനഗേലാവട്ടെ 25.47% വോട്ടു നേടി 50 ടിഡിമാരെ വിജയിപ്പിച്ചു.

നോ വോട്ട് വിഷയത്തില്‍ ദേശീയ പരിപാടികള്‍ ഒന്നും സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവരവരുടെ മണ്ഡലങ്ങളില്‍ പ്രചരണം നടത്തുമെന്നും ബട്ലര്‍ അറിയിച്ചു. ഫിനഗേലിലെയും ഏതാനം ടി ഡിമാര്‍ നോ പക്ഷത്തിന് വോട്ടു ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top