Monday October 22, 2018
Latest Updates

അയര്‍ലണ്ടിലെ അബോര്‍ഷന്‍ റഫറണ്ടം :സവിത ഹാലപ്പനവറെ പ്രചാരണായുധമാക്കാന്‍ അച്ഛന്റെ സമ്മതം,ആഘോഷിക്കാന്‍ പ്രൊ ചോയിസ് 

അയര്‍ലണ്ടിലെ അബോര്‍ഷന്‍ റഫറണ്ടം :സവിത ഹാലപ്പനവറെ പ്രചാരണായുധമാക്കാന്‍ അച്ഛന്റെ സമ്മതം,ആഘോഷിക്കാന്‍ പ്രൊ ചോയിസ് 

ഡബ്ലിന്‍:ഒരു ഇന്ത്യക്കാരി പെണ്‍കുട്ടി അയര്‍ലണ്ടിലെ ഭരണഘടനാ ഭേദഗതിയ്ക്ക് വേണ്ടിയുള്ള റഫറണ്ടത്തിന്റെ പ്രധാന പ്രചാരണ കേന്ദ്രമാകുന്നു.

ഗോള്‍വേയിലെ ഇന്ത്യക്കാരിയായിരുന്ന സവിതാ ഹാലപ്പനവരുടെ ആകസ്മിക മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഗര്‍ഭചിദ്രം അനുവദിക്കുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ അയര്‍ലണ്ടില്‍ ആരംഭിച്ചത്.നിലവില്‍ അത്തരമൊരു നിയമം നടപ്പാക്കണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യണം.മെയ് 25 നാണ് അതിനായുള്ള റഫറണ്ടം അയര്‍ലണ്ടില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനിടെ തന്റെ മകളുടെ ചിത്രങ്ങളും,പേരും ഭരണഘടന ഭേദഗതി ചെയ്യണം എന്ന് വാദിക്കുന്ന ‘യെസ് ‘പക്ഷക്കാര്‍ പ്രചാരണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതില്‍ സന്തോഷമേ ഉള്ളു എന്ന പ്രസ്താവനയുമായി സവിതയുടെ അച്ഛന്‍ അനന്തപ്പ യലാഗിയെ പ്രൊ ചോയ്സ് രംഗത്തിറക്കി.ഇത്തരം ഒരു വോട്ടെടുപ്പ് അയര്‍ലണ്ടില്‍ നടക്കുന്ന വിവരം യലാഗിയെ അറിയിച്ച് അദ്ധേഹത്തിന്റെ പിന്തുണ നേടിയ വിവരം അയര്‍ലണ്ടിലെ പ്രൊ ചോയ്സ് അനുകൂല മാധ്യമമായ ഐറിഷ് ടൈംസ് ആണ് പുറത്തുവിട്ടത്.

സവിത ഹാലപ്പനവറിന് സംഭവിച്ച ദുരന്തം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാതിരിക്കാന്‍ എന്ന രീതിയിലാണ് റഫറണ്ടത്തിന് വേണ്ടി ‘പ്രൊ ചോയ്സ്’ പ്രചാരണമൊരുക്കുന്നത്.

സെപ്റ്റീസിമിയ ബാധിച്ചാണ് സവിത അകാലചരമം പ്രാപിച്ചത്.ഗര്‍ഭഛിദ്രം നേരത്തെ അനുവദിച്ചിരുന്നുവെങ്കില്‍ സവിതയുടെ ജീവന്‍ രക്ഷപെടുത്താന്‍ ആവുമായിരുന്നു എന്നാണ് അവരുടെ വാദം.

സവിതാ ഹാലപ്പനവരുടെ മരണത്തെ തുടര്‍ന്ന് അയര്‍ലണ്ടില്‍ 2013ലാണ് ഭ്രൂണഹത്യ നിയമവിധേയമാക്കിയത്.വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ അബോര്‍ഷന്‍ അനുവദിച്ചെങ്കിലും അത് നടപ്പാക്കാന്‍ ഭരണഘടനാ പരമായ തടസം ഇപ്പോഴുമുണ്ട്.അതിനെ മറികടന്ന് വ്യാപകാടിസ്ഥാനത്തില്‍ അബോര്‍ഷന്‍ നടത്തുവാന്‍ താത്വികമായി സര്‍ക്കാരും ഇതേവരെ തയാറായില്ല.അന്നു മുതല്‍ ഇക്കാര്യത്തിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ഉദാരമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.ജീവിതത്തിന്റെയും ജീവന്റെയും മഹത്വത്തെ കാണാന്‍ കൂട്ടാക്കാത്ത ഒരു വിഭാഗം മാധ്യമങ്ങളും ആളുകളും സ്വീകരിക്കുന്ന അനുകൂല നിലപാട് ഗര്‍ഭഛിദ്രത്തിന് കൂടുതല്‍ പ്രചാരണം നല്‍കുന്നതാണ്.

ചില മുഖ്യധാരാ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും അബോര്‍ഷന്റെ പ്രചാരകരായാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ അജണ്ടയുടെയും പ്രചാരണത്തിന്റെയും ഭാഗമാണ് ഈ റഫറണ്ടമെന്നാണ് പ്രൊ ലൈഫ് ആരോപിക്കുന്നത്.

മാധ്യമ-രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഇതിനു പിന്നിലെന്നാണ് കരുതുന്നത്.അടുത്തിടെ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ ഭരിപക്ഷം പേരും ജീവിതത്തെ സ്‌നേഹിക്കുന്നവരാണെന്നാണ് തെളിഞ്ഞത്.കേവലം 28% മാത്രമാണ് അബോര്‍ഷനെ പരസ്യമായി അനുകൂലിക്കുന്നത്.

ഭ്രൂണഹത്യയെ സംബന്ധിച്ച് ഐറീഷ് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ തികഞ്ഞ പക്ഷപാതമാണ് കാണിക്കുന്നതെന്നും പ്രൊ ലൈഫ് ആരോപിച്ചു. അതിനെ ബലപ്പെടുത്തുന്ന ഉദാഹരണങ്ങളും അവര്‍ ചൂണ്ടിക്കാട്ടി. ഐറീഷ് ടൈംസ് പ്രസിദ്ധീകരിച്ച 91 ശതമാനം ലേഖനങ്ങളും ഭ്രൂണഹത്യയെ അനുകൂലിക്കുന്ന തരത്തിലുള്ളതാണെന്ന് കഴിഞ്ഞ മൂന്നു വര്‍ഷത്തെ പഠനം തെളിയിക്കുന്നതായി ഇവര്‍ വെളിപ്പെടുത്തുന്നു. അതിലുമുപരിയായി വ്യാജവാര്‍ത്തകളും നല്‍കുന്നു.അബോര്‍ഷന്‍ ആവശ്യപ്പെട്ട യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിലടച്ചുവെന്നുള്ള ഒരു വാര്‍ത്ത പത്രത്തില്‍ വന്നിരുന്നു. അതിനു വലിയ പബ്ലിസിറ്റിയാണ് ലഭിച്ചത്. എന്നാല്‍ ഈ വാര്‍ത്ത വ്യാജമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

സവിതയുടെ അച്ഛനെ അയര്‍ലണ്ടില്‍ എത്തിച്ചു പ്രചാരണരംഗത്തിറക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിയ്ക്ക് വേണ്ടിയുള്ള റഫറണ്ടത്തിന് മഹാരാഷ്ട്രക്കാരനായ അശോക് വരദ്കറുടെ മകനാണ് ചുക്കാന്‍ പിടിച്ചതെന്നത് പോലെ വീണ്ടും അയര്‍ലണ്ടിലെ ഈ റഫറണ്ടത്തിന് ഊടും പാവുമിട്ടത് ബല്‍ഗാമില്‍ നിന്നുള്ള സവിതാ ഹാല്പ്പനവരാണ് എന്നത് ആശ്ചര്യകരമാണ്.ആദ്യ റഫറണ്ടം വന്‍ ഭൂരിപക്ഷത്തോടെ പാസായത് പോലെ പക്ഷേ ഇപ്പോഴത്തെ റഫറണ്ടം പാസാവാനിടയില്ല എന്നാണ് പ്രാഥമിക സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top