Tuesday February 28, 2017
Latest Updates

അയര്‍ലണ്ടിലും മാറ്റം കൊണ്ടുവരുവാന്‍ ‘ആം ആദ്മി ‘മോഡലില്‍ പുതിയ പാര്‍ട്ടി

അയര്‍ലണ്ടിലും മാറ്റം കൊണ്ടുവരുവാന്‍ ‘ആം ആദ്മി ‘മോഡലില്‍ പുതിയ പാര്‍ട്ടി

ഡബ്ലിന്‍ :ഇന്ത്യയില്‍ രൂപപ്പെട്ട ആം ആദ്മി പാര്‍ട്ടിയുടെ മോഡലില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി അയര്‍ലണ്ടിലും രൂപപ്പെടുന്നു. ഇന്ത്യയില്‍ അഴിമതി വിരുദ്ധ പാര്‍ട്ടിയായി രൂപം കൊണ്ട ആം ആദ്മി പാര്‍ട്ടിയുടെ തത്വങ്ങളുമായി സാമ്യമുള്ള പാര്‍ട്ടിയാണ് ഇപ്പോള്‍ അയര്‍ലണ്ടിലും രൂപം കൊണ്ടിരിക്കുന്നത്.
റിഫോം പാര്‍ട്ടി എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയിരിക്കുന്ന പാര്‍ട്ടി പേരിലെ റിഫോം പ്രാവര്‍ത്തികമാക്കാനായി തന്നെ രൂപം കൊണ്ടിരിക്കുകയുമാണ്. രാഷ്ട്രീയ പരമായും സാമ്പത്തികപരമായും ഉള്ള രാജ്യത്തിന്റെ മാറ്റമാണ് റിഫോം പാര്‍ട്ടിയും ആഗ്രഹിക്കുന്നത്. പുതിയൊരു ചുവടുവെപ്പുമായി പാര്‍ട്ടി ഇതിനകം തന്നെ സ്റ്റാന്റേഡ് ഇന്‍ പബ്ലിക് ഓഫീസ് കമ്മീഷനില്‍ (എസ്‌ഐപിഒ) രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഫിന്‍ഗീല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്ന ലൂസിണ്ട ക്രെയ്റ്റണ്‍ ആണ് റിഫോം പാര്‍ട്ടിയുടെ നേതൃ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. എന്ട കെന്നി ഈ വര്‍ഷം കൊണ്ടുവന്ന ഗര്‍ഭചിദ്ര ബില്ലിനെ ധാര്‍മികതയുടെ പേരില്‍ ചോദ്യം ചെയ്തു മന്ത്രിസഭയില്‍ നിന്നും രാജി വെച്ച ലൂസിണ്ട ക്രെയ്റ്റണ്‍ ഡബ്ലിന്‍ സൌത്ത് ഈസ്റ്റ് (ഡബ്ലിന്‍ 2,ഡബ്ലിന്‍ 4 )മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.ഏറെ യുവജനങ്ങളുടെ പിന്തുണയും ഇവര്‍ക്കുണ്ട് എന്ന് കരുതപ്പെടുന്നു.

പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ കഴിഞ്ഞെങ്കിലും അടുത്ത സെപ്തംബറോടെ മാത്രമേ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുകയുള്ളൂ. അപ്പോഴേക്കും ലോക്കല്‍, യൂറോപ്യന്‍ ഇലക്ഷനുകളും നടന്നു കഴിയുകയും ചെയ്തിരിക്കും
.
കഴിവുറ്റ സ്വതന്ത്ര റ്റിഡിയായ സ്റ്റീഫന്‍ ഡൊണോലിയും പാര്‍ട്ടി അംഗമായി മാറിയിട്ടുണ്ട്. ഡൊണോലിയുമായി ക്രെയ്റ്റന്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതികളെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തേഡ് പാര്‍ട്ടി എന്ന ലെവലിലാണ് റിഫോം പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ പൊളിറ്റിക്കല്‍ റിസര്‍ച്ചുകള്‍ക്കും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനും വരും ആഴ്ച്ചകളോടെ തന്നെ ഫണ്ടുകളും ലഭിച്ചുതുടങ്ങും.

ലൂസിണ്ട ക്രെയ്റ്റണിനൊപ്പം അവരുടെ ഭര്‍ത്താവും സെനേറ്ററുമായ പോള്‍ ബ്രാഡ്‌ഫോഡും റ്റിഡിമാരായ ബില്ലി ടിമ്മിന്‍സ്, ഡെന്നിസ് നോട്ടണ്‍, ടെറന്‍സ് ഫ്‌ലെനഗന്‍, പീറ്റര്‍ മാത്യൂസ്, സെനേറ്റര്‍ ഫിഡെല്‍മ ഹീലി ഈംസ് എന്നിവരും ചേര്‍ന്നാണ് പാര്‍ട്ടി ക്രമപ്പെടുത്തി എടുത്തിരിക്കുന്നത്. സ്‌റ്റേറ്റ് ഫണ്ടിംഗുകളൊന്നും തന്നെ പാര്‍ട്ടിക്ക് ഇതുവരെയായി ലഭിച്ചിട്ടില്ല.

പാര്‍ട്ടിക്കിത് പ്രാരംഭഘട്ടമാണെങ്കിലും ഒട്ടേറെ വഴക്കമുള്ള പാര്‍ട്ടിയുടെ നിലയിലേക്ക് അത് മാറിക്കഴിഞ്ഞുവെന്ന അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നു വരുന്നത്. കാരണം ഒട്ടേറെ അനുഭവസമ്പത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ തന്നെയാണ് ഇതില്‍ അംഗങ്ങളായി നിലകൊള്ളുന്നതും. ഭാവിയില്‍ എന്താണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് ലൂസിണ്ട പറഞ്ഞത്.

പാര്‍ട്ടി പൊളിറ്റിക്‌സില്‍ വിശ്വസിക്കുന്നതിനാല്‍ തന്നെ സ്വതന്ത്രയായി നില്‍ക്കാന്‍ താല്‍പര്യമില്ലെന്നാണ് ഡബ്ലിന്‍ സൗത്ത് ഈസ്റ്റ് റ്റിഡി പറഞ്ഞത്.

റിഫോം എന്ന പേരു സ്വീകരിച്ചതുവഴി റിഫോം അലയന്‍സ് പാര്‍ട്ടി എന്നോ റിഫോം പാര്‍ട്ടി എന്നോ പാര്‍ട്ടിക്ക് പേരുനല്‍കാമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

പ്രതിപക്ഷത്ത് ഒറ്റപ്പെട്ട സ്വതന്ത്ര റ്റിഡിയായി ഇരിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ ഇതിനകം തന്നെ ഡൊണോലി വിശദീകരിച്ചിരുന്നു. തങ്ങളുടെ ആശയങ്ങളും പദ്ധതികളും വെളിച്ചത്തുകൊണ്ടുവരാന്‍ സാധിക്കാത്ത അവസ്ഥ പലപ്പോഴും വരാറുണ്ടെന്നുള്ളതിന്റെ വിഷമവും ഡൊണോലി വിവരിച്ചിരുന്നു. എന്നാല്‍ ഇത്തരം പാര്‍ട്ടിയിലെ അംഗമാവുക വഴി അത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്നും കരകയറാനുള്ള മാര്‍ഗമാണ് തുറക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം റിഫോം അലയന്‍സിലെ ഒട്ടനവധി അംഗങ്ങളും അഭിമാനത്തോടെയാണ് സ്റ്റീഫന്‍ ഡൊണോലിയെക്കുറിച്ച് സംസാരിച്ചത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തെക്കുറിച്ചും പലരും പുകഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു.
അദ്ദേഹത്തിന് ആവശ്യമായ പിന്തുണ തങ്ങളില്‍ നിന്നും ലഭിക്കുക തന്നെ ചെയ്യുമെന്നാണ് ലൂസിണ്ട ക്രെയ്റ്റണ്‍ പറഞ്ഞത്. സ്റ്റീഫന്‍ ഡൊണോലിയുടെ കാഴ്ച്ചപ്പാടുകളെക്കുറിച്ചും അവര്‍ സംസാരിച്ചു. വരും മാസങ്ങളിലും സഹകരിച്ചുപ്രവര്‍ത്തിക്കുമെന്നും ഒരുമിച്ചു ജോലി ചെയ്യാനുള്ള സാഹചര്യം തങ്ങള്‍ക്കു ലഭിക്കട്ടെയെന്നും ലൂസിണ്ട പറഞ്ഞു.
പഴയ രീതികളില്‍ നിന്നും മാറ്റം കൊണ്ടുവരാനുള്ള ഒരു പാര്‍ട്ടിയുടെ പിന്തുണ തനിക്കും ആവശ്യമായിരുന്നുവെന്ന് സ്റ്റീഫന്‍ ഡൊണോലി പറഞ്ഞു. പ്രൊലൈഫ് ഇഷ്യൂവില്‍ നിന്നും പുറത്തുവരാനായി അവര്‍ കഠിനമായി അധ്വാനിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണെന്നും ഡൊണോലി പറഞ്ഞു. അവര്‍ ഇതില്‍ തന്നെ ഉറച്ചു നില്‍ക്കുമോ അതോ ചിലരെങ്കിലും ഫിന്‍ഗീലിലേക്ക് മടങ്ങിപ്പോകാന്‍ ആലോചിക്കുമോ എന്ന സംശയം മാത്രമേ ഉള്ളൂവെന്നും ഡൊണോലി കൂട്ടിച്ചേര്‍ത്തു.
ഉപ പ്രധാനമന്ത്രിയായ ഇമന്‍ ഗില്‍മോര്‍ നടത്തിയ പ്രസ്താവനയിലൂടെയാണ് ഡൊണോലി ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. ഡൊണോലി അടുത്ത ഇലക്ഷനില്‍ ഫിന്‍ഫാളിന്റെ കുപ്പായം ധിക്കുമോ എന്നായിരുന്നു ഇമന്‍ഗില്‍മോര്‍ ചോദിച്ചത്.
എന്നാല്‍ ഒരു പുതിയ പാര്‍ട്ടി നിലവില്‍ വരണമെന്നുള്ള ആഗ്രഹവും ഡൊണോലി തുറന്നുപറഞ്ഞു. സാധാരണ നിലയില്‍ നടക്കുന്ന കാര്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മാറ്റം കൊണ്ടുവരാമന്‍ പുതിയ പാര്‍ട്ടി മുന്നോട്ടു വന്നാല്‍ തന്നെ പല കാര്യങ്ങള്‍ക്കും മാറ്റം വരുമെന്നും ഡൊണോലി പറയുന്നു.
പഴയരീതിയിലുള്ള പൊളിറ്റിക്കല്‍ ആശയങ്ങളില്‍ നിന്നുള്ള മാറ്റം ഇപ്പോള്‍ പൊതുജനങ്ങളും ആഗ്രഹിച്ചുതുടങ്ങിയിട്ടുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. പുതിയ പാര്‍ട്ടിക്കുണ്ടാവുന്ന സ്വീകരണം അടുത്ത വര്‍ഷം സെപ്തംബറില്‍ നടത്തുന്ന രാഷ്ട്രീയ പ്രവേശനത്തിനു ലഭിക്കുന്ന സ്വീകരണത്തിലൂടെ മനസിലാക്കാമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി നേതാക്കള്‍.

Scroll To Top