Saturday November 25, 2017
Latest Updates

അയര്‍ലണ്ടിന്റെ സ്വന്തം മര്‍ഫി സായ്പ്പിന് നന്ദിയോടെ കേരളം…ഏന്തയാറ്റില്‍ സ്മാരകം ഉയരുന്നു 

അയര്‍ലണ്ടിന്റെ സ്വന്തം മര്‍ഫി സായ്പ്പിന് നന്ദിയോടെ കേരളം…ഏന്തയാറ്റില്‍ സ്മാരകം ഉയരുന്നു 

കോട്ടയം :അയര്‍ലണ്ടിലെ ഡബ്ലിന്‍ ബൂട്ടെഴ്‌സ്‌ടൌണില്‍ നിന്നും കേരളത്തിലെത്തി മലയോരമണ്ണില്‍ കനകം വിളയിച്ചു കേരളത്തെ സമ്പദ്‌സമൃദ്ധമാക്കിയ മര്‍ഫി സായിപ്പിനെ മലയാളനാട് സ്മാരകം ഒരുക്കി ആദരിക്കുന്നു.മര്‍ഫി സായിപ്പിന്റെ ഓര്‍മയ്ക്കായി റബര്‍ ബോര്‍ഡ് ഏന്തയാര്‍ മാത്തുമലയിലെ ശവകുടീരത്തില്‍ സ്മാരകവും മ്യൂസിയവും നിര്‍മിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. 

കേരളത്തില്‍ റബര്‍ കൃഷി ആദ്യമായി ആരംഭിച്ച് ,മലയോരത്തെ കര്‍ഷകരെ റബര്‍ കൃഷി ചെയ്യാന്‍ പഠിപ്പിച്ചത് ജോണ്‍ ജോസഫ് മര്‍ഫി എന്ന ഈ മര്‍ഫി സായിപ്പായിരുന്നു.ഏന്തയാര്‍ സെന്റ് ജോസഫ്‌സ് പള്ളിയുടെ ഉടമസ്ഥതയിലുള്ള മാത്തുമലയിലെ ശ്മശാനത്തലാണ് മര്‍ഫി സായിപ്പിനെ അടക്കം ചെയ്തിരിക്കുന്നത്.ഈ സ്ഥലത്ത് മ്യൂസിയം പണിയുവാന്‍ ആറു സെന്റ് സ്ഥലം പള്ളി അധികൃതര്‍ റബര്‍ ബോര്‍ഡിന് വിട്ടുനല്‍കുകയായിരുന്നു. സ്മാരകം നിര്‍മ്മിക്കുന്നതിന്റെ ആദ്യപടിയായി മാത്തുമല റോഡില്‍ നിന്നും 1800 മീറ്റര്‍ ദൂരത്തില്‍ സ്മാരകത്തിലേയ്ക്ക് ,6 ലക്ഷം രൂപ ചിലവഴിച്ച് റബര്‍ ബോര്‍ഡ് ,റോഡ് ടാര്‍ ചെയ്തു കഴിഞ്ഞു.

ഇന്നലെ നടന്ന ചടങ്ങില്‍ റോഡിന്റെ ഉദ്ഘാടനവും,മര്‍ഫി സ്മാരകത്തിന്റെ സ്മാരക ശില അനാച്ഛാദനവും റബര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സന്‍ ഷീല ജേക്കബ് നിര്‍വഹിച്ചു. ഡോ. ജെ. തോമസ്, കെ.സി.ജോസ്, എ.ആര്‍. ദിവാകരന്‍, ഫാ. പീറ്റര്‍ നെല്‍സണ്‍, ഐഷ ഉസ്മാന്‍, കെ.എസ്. മോഹന്‍, എം.ജി. സതീഷ്, ലതാ ശ്രീധര്‍ എന്നിവര്‍ പ്രസംഗീച്ചു

സ്മാരക നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് റബര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഷീലാ തോമസ് അറിയിച്ചു.ഏന്തയാര്‍ പ്ലാപ്പള്ളി പാതയില്‍ മാത്തുമല ഭാഗത്തു നിര്‍മിച്ച മണ്‍റോഡിന് 280 മീറ്റര്‍ നീളവും 12 അടി വീതിയുമുണ്ട്. ശവക്കല്ലറയില്‍ മ്യൂസിയം നിര്‍മിക്കുന്നതിന്റെ ആദ്യഘട്ടമായാണു റോഡ് നിര്‍മിച്ചത്. ഒറ്റനില മ്യൂസിയം 18 ലക്ഷം രൂപ ചെലവില്‍ ക്ഷേത്രമാതൃകയില്‍ നിര്‍മിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്.ജനപ്രതിനിധികളുടെ കൈത്താങ്ങില്‍ രണ്ടാം ഘട്ടമായി മ്യൂസിയം
നിര്‍മിക്കാനാണു പദ്ധതി.

കേരളത്തെ സമൃദ്ധിയില്‍ എത്തിയ്ക്കാന്‍ റബര്‍ കൃഷിയ്ക്ക് വലിയൊരു പങ്കുണ്ടെങ്കില്‍,അതിന് ഒരേയൊരു കാരണക്കാരന്‍ ഈ മര്‍ഫി മാത്രമാണ്.1902 മുതല്‍ 1957 വരെ നീണ്ട കേരളത്തിലെ താമസകാലത്ത് ആ മനുഷ്യന്റെ ഹൃദയം തുടിച്ചത് കേരളത്തിന്റെ മലയോരമക്കളുടെ ജീവിതോന്നമനത്തിനു മാത്രമായിരുന്നു.റബര്‍ കൃഷി ആരംഭിച്ചു പ്രചുരപ്രചാരം നേടിയ്ക്കുന്നതില്‍ മാത്രമല്ലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.തൊഴിലാളികളുടെ ക്ഷേമം,കാഞ്ഞിരപ്പള്ളി,പീരുമേട് താലൂക്കുകളിലെ സാധാരണക്കാരുടെ ഉന്നമനത്തിനായി ജലവിതരണ സൗകര്യങ്ങളും താമസ സൗകര്യങ്ങളും തയാറാക്കുക, സ്‌കൂളുകളും,റോഡുകളും ദേവാലയങ്ങളും പണികഴിപ്പിച്ച് പരിപാലനം നടത്തുക,റബര്‍ മേഖലയില്‍ ആദ്യമായി ഒരു പരീക്ഷണശാല ആരംഭിക്കുക,തൊഴിലാളികള്‍ക്കായി തൊഴില്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ മര്‍ഫി സ്വന്തം നിലയില്‍ നടപ്പാക്കി.

1957 മെയ് എട്ടിന് അന്ത്യയാത്ര പറയും വരെ മലയോരമക്കളോടൊപ്പം പ്രവര്‍ത്തിച്ചിട്ടും ശേഷം കേരളം അദ്ദേഹത്തെ മറന്നുപോയി.മലയായ മലയെല്ലാം റബര്‍ക്കാടുകള്‍ പാല്‍ ചുരത്തി.പിന്നെ മലയിറങ്ങി ഇടനാട് മുഴുവന്‍ കീഴടക്കി തീരത്ത് നിന്നും ഒരു വിളിപ്പാടകലെ വരെ റബര്‍ വളര്‍ന്നു.കേരളം റബറളമായി.അയര്‍ലണ്ടിനെ വിട്ട് കേരളത്തില്‍ എത്തിയ മര്‍ഫി 1937 ന് ശേഷം ജന്മനാട്ടിലേയ്ക്ക് പോയതേയില്ല.

ഇളംകാട് മുതല്‍ കൂട്ടിക്കല്‍ വരെയാണ് ആദ്യത്തെ പ്ലാന്റേഷന്‍ മര്‍ഫി ആരംഭിച്ചത്.പിന്നീട് മുണ്ടക്കയം വരെയായി മര്‍ഫിയുടെ തോട്ടം.പത്തു കൊല്ലം കൊണ്ട് പതിനായിരം ഏക്കര്‍ സ്ഥലത്തേയ്ക്ക് റബര്‍ കൃഷി വ്യാപിച്ചു.ഏന്തയാറിലെ ബംഗ്ലാവില്‍ താമസിച്ചു കൊണ്ടാണ് മര്‍ഫി കാര്‍ഷികകേരളത്തിന് പീയൂഷവിത്ത് വിതച്ചത്.നൂറു മേനിയല്ല ,ആയിരക്കണക്കിന് മേനിയായി റബര്‍ കൃഷി പടര്‍ന്നപ്പോഴും,അതിന്റെ കാരണക്കാരന്‍ ഏന്തയാറ്റില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ മാത്തുമലയില്‍ ആരും ശ്രദ്ധിക്കപ്പെടാതെ അന്ത്യവിശ്രമം കൊണ്ടു.മര്‍ഫി സായിപ്പിനോട് കേരളം കാട്ടിയ നന്ദികേടിന്റെയും അവഗണനയുടെയും സ്മാരകമായിരുന്നു അടുത്ത കാലം വരെ ആ ശവകുടീരം.
io
ഡബ്ലിന്‍ ബ്ലാക്ക് റോക്കിലെ ധനാഡ്യ കുടുംബത്തില്‍ ജനിച്ച ജോണ്‍ ജോസഫിന്റെ പിതാവ് ,ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ പൂര്‍വരൂപമായ ഹൈബേറിയന്‍ ബാങ്കിന്റെ ചെയര്‍മാനായിരുന്നു.ജോണിന്റെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചുപോയി.ട്രിനിറ്റിയിലെ പഠനത്തിന് ശേഷം ശ്രീലങ്കയിലേയ്ക്ക് യാത്രയായ അദ്ദേഹം അവിടെ നിന്നാണ് തേയില കൃഷിയുടെയും റബര്‍ കൃഷിയുടെയും ആദ്യ പാഠങ്ങള്‍ പഠിച്ചത്.പിന്നീട് കേരളത്തിലെ മലനിരകളില്‍ തേയിലകൃഷി രംഗത്തായിരുന്നു ആദ്യപരീക്ഷണം.പാമ്പാടുംപാറയില്‍ കേരളത്തിലെ തന്നെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ഏലത്തോട്ടവും അദ്ദേഹം ആരംഭിച്ചു.നേര്യമംഗലത്തിന് സമീപം മാങ്കുളത്താണ് മര്‍ഫി ആദ്യം റബര്‍ കൃഷി ആരംഭിച്ചതെങ്കിലും പിന്നീട് ഏന്തയാറ്റിലേയ്ക്ക് പ്രവര്‍ത്തനരംഗം മാറ്റുകയായിരുന്നു.

1935 വരെ രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും കേരളത്തില്‍ നിന്നും മര്‍ഫി ഡബ്ലിനില്‍ എത്തിയിരുന്നു.1924 ല്‍ അദ്ദേഹത്തിന്റെ പിതാവ് മരിച്ചു.ആയിടയ്ക്ക് രൂപം കൊണ്ട ബ്ലാക്ക് റോക്ക് ഇടവകയുടെ പുതിയ പള്ളിയുടെ നിര്‍മാണ ചിലവില്‍ സിംഹഭാഗവും വഹിച്ചത് കേരളത്തില്‍ നിന്നെത്തിയ ജോണ്‍ ജോസഫ് മര്‍ഫിയാണെന്ന് അദ്ദേഹത്തിന്റെ അകന്ന ബന്ധുക്കള്‍ ഓര്‍ക്കുന്നു.ജോണിന്റെ അമ്മാവന്‍ ആയിരുന്നു പള്ളിയുടെ ആര്‍ക്കിറ്റെക്റ്റ്.താമസം.കേരളത്തിലായിരുന്നുവെങ്കിലും അയര്‍ലണ്ടുമായി അദ്ദേഹം എന്നും ബന്ധം സൂക്ഷിച്ചിരുന്നു. 

ഏന്തയാര്‍ സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ.പീറ്റര്‍ നെല്‍സന്റെ നേതൃത്വത്തില്‍ ,ഏതാനം സാമൂഹ്യപ്രവര്‍ത്തകര്‍ 2011ല്‍ ആരംഭിച്ച ശ്രമഫലമായാണ് സ്മാരകനിര്‍മാണത്തില്‍ റബര്‍ ബോര്‍ഡിനെ കൂടി പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത്.സമീപവാസികള്‍ സ്ഥലത്തേയ്ക്കുള്ള റോഡിന് ആവശ്യമായ സ്ഥലം കൂടി നല്‍കിയപ്പോള്‍ മര്‍ഫി സായിപ്പിന് ഉചിതമായ സ്മാരകം ഉയരൂമെന്നുറപ്പായി.

സ്മാരകത്തോടുചേര്‍ന്ന് ചുറ്റുമതില്‍ നിര്‍മ്മിച്ച് പുസ്തകശാലയും വായനമുറിയും ഉള്‍പ്പെടുന്ന കെട്ടിടം പണിയുന്നതിന് 13 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് റബ്ബര്‍ ബോര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്. ഇത്രയും തുക മുടക്കാന്‍ റബ്ബര്‍ ബോര്‍ഡിന് സാധിക്കാത്തതിനാല്‍ പൊതുജനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് പദ്ധതിയെന്ന് റബര്‍ ബോര്‍ഡിന്റെ കാഞ്ഞിരപ്പള്ളി റീജിണല്‍ ഓഫിസര്‍ കെ.സി ജോസ് കിഴക്കെതലയ്ക്കല്‍ വെളിപ്പെടുത്തി.മര്‍ഫി സായിപ്പിന് സ്മാരകം നിര്‍മ്മിക്കാന്‍ ഏന്തായര്‍ ടൗണില്‍ സ്ഥലം നല്‍കാമെന്ന് സ്വകാര്യവ്യക്തി സമ്മതിച്ചതായി റബ്ബര്‍ ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.jj vazhi

jj shila

Scroll To Top