Monday July 16, 2018
Latest Updates

അയര്‍ലണ്ടിന്റെ സിമി സിംഗ് ….ആഹ്ളാദം തീരുന്നില്ല, എന്നും ക്രിക്കറ്റ് സ്വപ്നങ്ങള്‍ മാത്രം, അയര്‍ലണ്ട് ക്രിക്കറ്റിനെ മാറ്റിയെഴുതാന്‍ സിമ്രാന്‍ സിംഗ്

അയര്‍ലണ്ടിന്റെ സിമി സിംഗ് ….ആഹ്ളാദം തീരുന്നില്ല, എന്നും ക്രിക്കറ്റ് സ്വപ്നങ്ങള്‍ മാത്രം, അയര്‍ലണ്ട് ക്രിക്കറ്റിനെ മാറ്റിയെഴുതാന്‍ സിമ്രാന്‍ സിംഗ്

ഡബ്ലിന്‍ : മൊഹാലിയിലെ വീട്ടില്‍ നിന്ന് ഡബ്ലിനിലേക്ക് പോകുമ്പോള്‍ അവന്‍ ക്രിക്കറ്റ് കിറ്റ് കൂടിയെടുത്തിരുന്നു.അതു കണ്ട് ഞാന്‍ പറഞ്ഞു.’ ഒരു ദിവസം ഇന്റര്‍നാഷണല്‍ കളിക്കണം’ ആ ദിവസം മുന്നില്‍ വന്നിരിക്കുകയാണ്. സിമി സിംഗിന്റെ അച്ഛന്‍ അമര്‍ജിത് സിംഗിന് സന്തോഷം അടക്കാനാവുന്നില്ല.അവനറിയാമായിരുന്നു ഒരിക്കല്‍ ഇന്റര്‍നാഷണലില്‍ എത്തുമെന്ന് ,ക്രിക്കറ്റിനു വേണ്ടി അത്രയ്ക്ക് സമര്‍പ്പിക്കപ്പെട്ടതാണ് അവന്റെ ജീവിതം-മകനെക്കുറിച്ചു പറയുമ്പോള്‍ ആ അച്ഛന് വാല്‍സല്യം നിറഞ്ഞ അഭിമാനം മാത്രം. മകനെ അയര്‍ലണ്ട് ടീമിലെടുത്തെന്നതറിഞ്ഞ് വീട്ടില്‍ വലിയ ആഘോഷമായിരുന്നു.

സന്തോഷമധുരം:സിമിയുടെ ഐറിഷ് നാഷണല്‍ സെലക്ഷന്‍ വാര്‍ത്തയറിഞ്ഞ സന്തോഷം പങ്കുവെയ്ക്കുന്ന മൊഹാലിയിലെ കുടുംബാംഗങ്ങള്‍

മുപ്പതുകാരനായ ഓള്‍ റൗണ്ടര്‍ സിമ്രാന്‍ജിത് സിംഗെന്ന അയര്‍ലണ്ടിന്റെ സിമി ദേശീയ ടീമിലെത്തിയത് പരമ്പരകളിലൂടെയാണ്.മൊഹാലിയില്‍ നഷ്ടപ്പെട്ട ക്രിക്കറ്റ് സ്വപ്നങ്ങള്‍ക്ക് ജീവന്‍ തേടിയാണ് ഡബ്ലിനിലെത്തിയത്.ഒരു ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സില്‍ ഇവിടെ പഠിക്കവെ വാരാന്ത്യത്തില്‍ ക്രിക്കറ്റ് പരിശീലിച്ചു.ഓരോ ഗെയിമിനും അഞ്ച് യൂറോ വീതം നല്‍കിയായിരുന്നു അത്.അതിനു പണം കണ്ടെത്തുന്നതിനായി ഒരു ഗ്രോസറി സ്റ്റോറിലും ജോലിചെയ്തു.അയര്‍ലണ്ടില്‍ ഞാന്‍ തുടങ്ങിയ അതേ സ്റ്റേഡിയത്തില്‍ തന്നെ ദേശീയ ജഴ്സി അണിയുകയെന്നത് സ്വപ്നമായിരുന്നു.ആ മഹാ ഭാഗ്യമാണ് സിമിക്ക് കൈവന്നിരിക്കുന്നത്.

തുടക്കം മുതല്‍ മികവുകാട്ടിയ ക്രിക്കറ്ററായിരുന്നു സിമ്രാന്‍ ജിത്.1999ല്‍ വിജയവാഡ ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ഏറ്റവും മികച്ച കളിക്കാരനായി.അണ്ടര്‍ 17പഞ്ചാബ് അന്തര്‍ ജില്ലാ ടൂര്‍ണമെന്റില്‍ 725 റണ്ണെടുത്ത് സെലക്ടര്‍മാരുടെ ശ്രദ്ധാകേന്ദ്രമായി.എന്നാല്‍ ചില നിര്‍ഭാഗ്യത്താല്‍ അണ്ടര്‍ 19ല്‍ പുറത്തായതോടെ ക്രിക്കറ്റ് ജീവിത്തതില്‍ തെല്ല് കരിനിഴല്‍ വീണു.തുടര്‍ന്നാണ് ഡബ്ലിനിലെത്തിയത്.സീമ്രാന്റെ സുഹൃത്ത് ഗൗരവാണ് അയര്‍ലണ്ടിലെ ക്രിക്കറ്റ് സാധ്യതകളെക്കുറിച്ച് സിമിയോടും അച്ചനോടും പറഞ്ഞതും സമ്മതിപ്പിച്ചതും.

ഇതിനിടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ തിരിച്ചെത്താനും സിമി ശ്രമിച്ചിരുന്നു.ആദ്യ ഐപിഎലിന്റെ വക്കത്തോളമെത്തിയെങ്കിലും സെലക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയി.പഞ്ചാബ് കിംഗ്സ് ഇലവണ്‍ സെലക്ഷന്‍ ട്രയലിലും പങ്കെടുത്തിരുന്നു.

തൊഴില്‍ വിസയില്‍ വീണ്ടും ഡബ്ലിനിലെത്തിയ സിമി 2009ല്‍ ഓള്‍ഡ് ബാല്‍വെറിഡെയ്ല്‍ ക്ലബിന് വേണ്ടി മൂന്ന് വര്‍ഷം കളിച്ചു.അതൊരു നല്ല തുടക്കമായി.2012ല്‍ വൈഎംസിഎയില്‍ ചേര്‍ന്നു.56 വിക്കറ്റെടുക്കാനും 786റണ്‍ നേടാനും അതിലൂടെ ക്ലബിനെ ലെയ്ന്‍സ്റ്റര്‍ സീനിയര്‍ കപ്പിനുടുമകളാക്കാനും സിമിക്ക് കഴിഞ്ഞു.

45 മാച്ചുകള്‍,67 വിക്കറ്റുകള്‍,1608 റണ്‍സുകള്‍-ഒരു വര്‍ഷത്തിനിടയിലെ സിമിയുടെ തകര്‍പ്പന്‍ നേട്ടങ്ങളാണ് ഇവ.ലെയ്ന്‍സ്റ്റര്‍ പ്രോവിന്‍ഷ്യല്‍ ലൈറ്റണിംഗ് ടീമിലെത്തിയതോടെ കളിയുടെ സമീപനത്തിലും മാറ്റം വന്നു.അയര്‍ലണ്ടിന്റെ എരിപൊരിയന്‍ താരങ്ങളായ കെവിന്‍ ഒ ബ്രയന്‍,ജോണ്‍ ആണ്‍ഡേഴ്സണ്‍,ജോര്‍ജ് ഡോക്ക്റെല്‍ എന്നിവരുമായി തോള്‍ചേര്‍ന്നു കളിക്കാനും അവസരം വന്നു.’ഇടയ്ക്കൊന്നു പമ്മിക്കളിച്ചപ്പോള്‍ ആക്രമിച്ചു കളിക്കൂ’ എന്ന ഉപദേശമാണ് ബ്രയാന്‍ തന്നത്.സിമി ഓര്‍മ്മിക്കുന്നു.

മുപ്പതിലെത്തിയപ്പോഴാണ് നാഷണലില്‍ സിമി എത്തിപ്പെട്ടിരിക്കുന്നത്.എന്നിരുന്നാലും ഈ അവസരം വിലപിടിച്ചതാക്കാനാണ് സിമി ശ്രമിക്കുന്നത്.വിരാട് കോഹ്ലിക്കും ഇഷാന്ത് ശര്‍മയ്ക്കുമെതിരെ ഡല്‍ഹിയില്‍ ലീഗ് ക്രിക്കറ്റില്‍ കളിച്ചതും എം എസ് ധോണിക്കും സക്കീര്‍ഖാനുമൊപ്പം ജെപി ആസ്ട്രേ  ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിച്ചതിന്റെയുമൊക്കെ ആവേശം മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് അയര്‍ലണ്ട് ക്രിക്കറ്റിനെ മാറ്റിയെഴുതാനാണ്  സിമിയുടെ ലക്ഷ്യം.

അയര്‍ലണ്ടിലെ ഡബ്ലിന്‍ മാലഹൈഡില്‍ ത്രിരാഷ്ട്ര ക്രിക്കറ്റ് സീരിസില്‍ മെയ് 12(ഇന്ന് വെള്ളിയാഴ്ച)രാവിലെ ബംഗ്ലാദേശിനെതിരെ ആദ്യമായി കളിക്കിറങ്ങുമ്പോള്‍ അയര്‍ലണ്ടിലെ നൂറുകണക്കിന് ഇന്ത്യക്കാര്‍ പ്രതീക്ഷയോടെയും പ്രാര്‍ത്ഥനയോടെയും കാത്തിരിക്കുന്നത് ഒരു ഇന്ത്യക്കാരന്‍ ഐറിഷ് ക്രിക്കറ്റ് ചരിത്രം മാറ്റിമറിക്കുമോ എന്നത് തന്നെയാണ്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top