Monday October 22, 2018
Latest Updates

അയര്‍ലണ്ടിന്റെ ഭവന ദുരിതത്തില്‍ കുടുങ്ങി ഇന്ത്യന്‍ വിദ്യാര്‍ഥികളും:താമസ സൗകര്യം കിട്ടാനില്ല,ഉള്ള വീടുകള്‍ക്ക് ഉയര്‍ന്ന വാടകയും,കര്‍ശന നിയന്ത്രണങ്ങളും 

അയര്‍ലണ്ടിന്റെ ഭവന ദുരിതത്തില്‍ കുടുങ്ങി ഇന്ത്യന്‍ വിദ്യാര്‍ഥികളും:താമസ സൗകര്യം കിട്ടാനില്ല,ഉള്ള വീടുകള്‍ക്ക് ഉയര്‍ന്ന വാടകയും,കര്‍ശന നിയന്ത്രണങ്ങളും 

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ ഭവന പ്രശ്നത്തില്‍ കുടുങ്ങി വിദ്യാര്‍ഥികളും.വന്‍ വാടക ഈടാക്കുമ്പോഴും അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ നല്‍കാതെ ഭാവി തലമുറയെ ദുരിതത്തിലാക്കുകയാണ് ഡബ്ലിനിലെ വീട്ടുടമകള്‍.. യാതോരു രേഖകളോ, ഉടമ്പടികളോ ഇല്ലാതെ, വാക്കുപോലും പാലിക്കാതെ വളരെ മോശമായ പെരുമാറ്റമാണ് പലപ്പോഴും കുട്ടികള്‍ക്ക് നേരെയുണ്ടാകുന്നത്.

പാര്‍പ്പിടപ്രശ്നമെന്ന വലിയൊരു കയത്തില്‍ വീഴുന്നതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ പപ്പോഴും അധികം ചര്‍ച്ച ചെയ്യാതെയും പോകുന്നു.എന്നാല്‍ വാടകയ്ക്ക് താമസിക്കുന്ന കുട്ടികള്‍ നേരിടുന്ന ഗുരുതര പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് അടുത്തിടെ യുസിഡി സ്റ്റുഡന്റ്സ് യൂണിയന്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍.15 കുട്ടികള്‍ തിങ്ങിഞെരുങ്ങിക്കഴിയുന്ന റൂമില്‍ നല്‍കിയിരിക്കുന്നത് ഒരു ബാത്ത് റൂമാണ്.

അവിടെ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിനും മറ്റധികാരികള്‍ക്കും ചര്‍ച്ച ചെയ്യാനായി വിട്ടുകൊടുക്കുകയാണ് ഇവിടെ. അയര്‍ലണ്ടിന്റെ വാടക’ജീവിത’ങ്ങളുടെയും ഭൂ ഉടമകളുടെ ലാഭക്കൊതിയുടേയും ഈ മേഖലയില്‍ നിലനില്‍ക്കുന്ന കൊടിയ ചൂഷണത്തിന്റേയും നേര്‍രേഖകളാണ് ഈ വിഡിയോ ചിത്രങ്ങള്‍.

യാതോരു രേഖകളും നലകാതെയാണ് കുട്ടികളില്‍ നിന്നും വീട്ടുടമകള്‍ ഡെപ്പോസിറ്റുകള്‍ വാങ്ങുന്നത്.പ്രതിമാസം 1000യൂറോ നല്‍കിയാണ് ബെഡ് മാത്രമുള്ള മുറി കുട്ടികള്‍ സ്വന്തമാക്കിയത്. അവിടെയാണ് ഈ നരകയാതന നേരിടേണ്ടിവരുന്നത്.ഇത്തരം പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെയും പ്രത്യേകിച്ച് ഭവനമന്ത്രി ഒവ്വണ്‍ മര്‍ഫിയുടേയുമൊക്കെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതു കൂടി ലക്ഷ്യമിട്ടാണ് ഈ വീഡിയോ ദൃശ്ങ്ങള്‍ പുറത്തുവിട്ടത്.

ഇടത്തരക്കാര്‍ക്കും,ആദ്യമായി അയര്‍ലണ്ടിലെത്തുന്ന കുടിയേറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കും യാതൊരു വിധ സഹായവും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീട് കണ്ടെത്തുന്നതിന് നല്‍കുന്നില്ല.

വിദ്യാര്‍ഥികള്‍ക്കെന്ന പേരില്‍ ഡബ്ലിനിലെ ഡോര്‍സെറ്റ് സ്ട്രീറ്റില്‍ തുറന്ന ഡോര്‍സെറ്റ് പോയിന്റും ഇന്ത്യന്‍ വിദ്യര്‍ഥികളടക്കമുള്ളവര്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 447 പേര്‍ക്ക് താമസസൗകര്യമാണ് ഇവിടെ ഒരുങ്ങിയിട്ടുള്ളത്. എന്നിരുന്നാലും സാധാരണക്കാര്‍ക്ക് പറ്റിയ നിലയല്ല വാടകയും മറ്റുമെന്നാണ് ആക്ഷേപം.

അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് ഭീമനായ ഹൈന്‍സിന്റേതാണ് ഡോര്‍സെറ്റ്.

ഇവിടെ വാടക ആരംഭിക്കുന്നതു തന്നെ ആഴ്ചയില്‍ 235 യൂറോ എന്ന നിരക്കിലാണ്.എല്ലാ റൂമുകളും തന്നെ 235-250 യൂറോ നിരക്കിലാണ്.ഇലക്ട്രിസ്റ്റി -ബ്രോഡ്ബാന്‍ഡ് ചാര്‍ജുള്‍പ്പടെയാണ് ഇതെന്ന് അധികൃതര്‍ പറയുന്നു.ജിംനേഷ്യവും സിനിമാ റൂമുമെല്ലാം ഇവിടെയുണ്ട്.അടുത്ത അധ്യയന വര്‍ഷം വാടക ആഴ്ചയ്ക്ക് 249 യൂറോയാകുമെന്നാണ് കരുതുന്നത്.

ഡബ്ലിനിലും കോര്‍ക്കിലുമടക്കം വാടകയ്ക്കു താമസിച്ചു പഠിക്കുന്ന കുട്ടികളുടെ ജീവിതം ദുരിത പൂര്‍ണമെന്ന് അധികൃതര്‍ക്ക് അറിയാമെങ്കിലും അതിനുള്ള പ്രതിവിധിയൊന്നും ഒരുകാതെയാണ് റിക്രൂട്ട്‌മെന്റുകള്‍ പൊടിപൊടിയ്ക്കുന്നത്.

ഉയര്‍ന്ന വാടക നല്‍കി താമസിക്കേണ്ടി വരുമ്പോഴും മെച്ചപ്പെട്ട സൗകര്യങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പുറത്തുവന്ന വിവരം.കര്‍ക്കശമായ നിയമങ്ങളാണ് ഓരോ വാടകയിടങ്ങളിലുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. കുളിക്കുന്നതിനും വൈദ്യുതി ഉപയോഗിക്കുന്നതിനുമെല്ലാം വളരെ നിയന്തണമുണ്ട്. അവധി ദിവസം വാടകവീട്ടില്‍ പകല്‍ കഴിയുന്നതിനു വിലക്കുള്ള സ്ഥലങ്ങളുമുണ്ട്.അഞ്ച് മിനിറ്റാണ് കുളിക്കാന്‍ അനുവദിക്കുന്ന സമയം. ദിവസം ഒരു പ്രാവശ്യമേ കുളി അനുവദനീയമുള്ളു. അങ്ങനെ നീളുന്ന നിയന്ത്രണങ്ങളുടെ പട്ടികതന്നെയുണ്ട്.

ഇവിടെയെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം 2025ഓടെ 193000 ആകുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍.എന്നാല്‍ അത് തെറ്റാണെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.2015ല്‍168000 ആയിരുന്നു വിദ്യാര്‍ഥികള്‍.ഇപ്പോള്‍ത്തന്നെ 193000 കടന്നുവെന്നാണ് പുറത്തുവന്ന വിവരം.അതിനാല്‍ ഈ മേഖലയില്‍ വാടക കുത്തനെ ഉയര്‍ത്തുകയാണ്.

കൂട്ടുചേര്‍ന്ന് താമസിക്കുമ്പോഴും 400യൂറോയാണ് ഏറ്റവും കുറഞ്ഞ വാടകയായി ഒരാള്‍ നല്‍കേണ്ടി വരുന്നത്. എന്നാല്‍പ്പോലും 30ശതമാനം കുട്ടികള്‍ക്കു മാത്രമേ കിടക്കാന്‍ ബഡ് കിട്ടുന്നുള്ളുവെന്നാണ് ഞെട്ടിക്കുന്ന വിവരം.സ്വകാര്യമേഖലയിലെ ജീവനക്കാരുമായാണ് ഈ കുട്ടികള്‍ വാടകവീടിനായി മല്‍സരിക്കേണ്ടി വരിക.സമ്മറില്‍ അവര്‍ ഉണ്ടാകാറില്ല.അതിനാല്‍ ചില വീട്ടുടമസ്ഥര്‍ മൂന്നുമാസത്തെ വാടക കൂടി ഉള്‍പ്പെടുത്തി ഉയര്‍ന്ന നിരക്കായിരിക്കും വാാര്‍ഷിക വാടക കരാറില്‍ ഉറപ്പിക്കുന്നത്.

കോളജുകളില്‍ താമസ സൗകര്യം നല്‍കുകയെന്നതാണ് ഇതിനു പരിഹാരമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.യൂണിവേഴ്സിറ്റികള്‍ക്കും ഇക്കാര്യത്തില്‍ ഇടപെടാനാവുമെന്നും അഭിപ്രായമുയര്‍ന്നു. കോളജുകളിലും യൂണിവേഴ്സിറ്റികളിലും മാസം 800യൂറോ ഈടാക്കിയാലും സ്വകാര്യ ഏജന്‍സികളുടെ കഴുത്തറപ്പന്‍ വാടകകളില്‍ നിന്നും കുട്ടികള്‍ക്ക് രക്ഷപെടാമായിരുന്നുവെന്ന നിര്‍ദേശവും ഉയര്‍ന്നുവരുന്നുണ്ട്.

Scroll To Top