Friday August 18, 2017
Latest Updates

അയര്‍ലണ്ടിന്റെ ഈ പാപഭാരം ആര് ചുമക്കും ?

അയര്‍ലണ്ടിന്റെ ഈ പാപഭാരം ആര് ചുമക്കും ?

ഡബ്ലിന്‍: ഗാല്‍വെയില്‍ കുട്ടികളുടെ ശവകുടീരം കണ്ടെത്തിയ സംഭവം വിവാദമായിരിക്കെ അയര്‍ലണ്ടിലെ അവിവാഹിത അമ്മമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന പഴയ കെയര്‍ ഹോമുകളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.  അവിവാഹിത അമ്മമാര്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന ഒട്ടുമിക്ക കെയര്‍ ഹോമുകളിലും അമ്മമാരോടും കുട്ടികളോടും മോശം പരിചരണ മായിരുന്നെന്നാണ് കണ്ടെത്തല്‍.അടിമകളെക്കാള്‍ മോശമായി ചൂഷണം ചെയ്യുകയായിരുന്നു ഇത്തരെക്കാരെയെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ 

കോര്‍ക്കിലെ ബെസ്ബറോയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കെയര്‍ ഹോമില്‍ കുട്ടികളോടും അമ്മമാരോടും മോശം പെരുമാറ്റമായിരുന്നെന്ന് അക്കാലത്ത് ഈ കെയര്‍ ഹോം സന്ദര്‍ഷിച്ചിരുന്ന ഡോക്ടര്‍ ജെയിംസ് ഡീനി പറഞ്ഞു. സേക്ക്രഡ് ഹാര്‍ട്ട് സന്യാസിനി സമൂഹം നടത്തിയിരുന്ന ഈ കെയര്‍ ഹോമില്‍ 100 മുതല്‍ 180 കുട്ടികള്‍ വരെ മരണമടഞ്ഞതായി ഡോക്ടര്‍ ഓര്‍ത്തെടുക്കുന്നു. 1951 ലാണ് ഈ കെയര്‍ ഹോം പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

അക്കാലയളവില്‍ ഒരു ദിവസം കെയര്‍ ഹോം സന്ദര്‍ശിച്ച താന്‍ കുട്ടികളെ പരിശോധിക്കുന്നതിനിടെ, കുട്ടികളുടെ ശരീരം പൊട്ടി വ്രണം വന്ന നിലയില്‍ കണ്ടിട്ടുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ജെയിംസ് ഡീനി വെളിപ്പെടുത്തി. പരിശോധിച്ച നിരവധി കുട്ടികളില്‍ ഡയറിയ ബാധ കണ്ടെത്തിയ സംഭവവും ഡോക്ടര്‍ വിവരിച്ചു. 1951 കാലഘട്ടത്തിലാണ് ഡോ. റീനി കെയര്‍ ഹോമുകളിലെ മോശം പരിചരണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

ഇതേതുടര്‍ന്ന് അയര്‍ലണ്ടില്‍ അവിവാഹിത അമ്മമാര്‍ക്കായുള്ള കെയര്‍ ഹോമുകളിലെ ശിശുമരണ നിരക്ക് അല്‍പ്പം കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കെയര്‍ ഹോം നടത്തിപ്പുകാര്‍ക്ക് വന്‍ തുക ഡോണേഷന്‍ കൊടുക്കാന്‍ സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് നല്ല പരിചരണവും. അല്ലാത്തവര്‍ക്ക് അവഗണനയുമായിരുന്നു ഒട്ടുമിക്ക കെയര്‍ ഹോമുകളിലെയും സാഹചര്യം.കെയര്‍ ഹോം നടത്തിപ്പുകാരില്‍ കൂടുതലും സഭയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആയിരുന്നു.അക്കാലത്തുണ്ടായിരുന്ന സര്‍ക്കാരുകള്‍ ആവട്ടെ സഭയുടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതെ മാറിനിന്നു.

അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലൈംഗീക അരാജകത്വം നിലനിന്നിരുന്ന ഇരുപതാം നൂറ്റാണ്ടില്‍ ആയിരക്കണക്കിന് അനാഥ ശിശുക്കളാണ് രാജ്യത്ത് പിറന്നത്.അവിഹിത ഗര്‍ഭം ധരിക്കുന്ന അമ്മമാരെ മാന്യത നടിച്ച സമൂഹം ഒറ്റപ്പെടുത്തിയതോടെ സഭയുടെ കീഴില്‍ അവരെ ‘നന്നാക്കാനുള്ള ‘കെയര്‍ ഹോമുകളിലെയ്ക്ക് അയയ്ക്കുകയായിരുന്നു.സിംഗിള്‍ പേരന്ടിനുള്ള ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്നും മാറിയതോടെ കെയര്‍ ഹോമുകളില്‍ ഇത്തരം യുവതികള്‍ മാനസികവും ശാരീരികവുമായുള്ള പീഡനങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നു.

സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഒളിപ്പിച്ചു നിര്‍ത്തിയിരുന്ന ,അകാലത്തില്‍ മരണമടഞ്ഞ (കൊല്ലപ്പെട്ട )ഇത്തരം കുട്ടികളുടെയും,യുവതികളുടെയും ശവകുടീരങ്ങള്‍ തേടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.രാജ്യത്തുടനീളം ഇത്തരം ശവപ്പറമ്പുകള്‍ ഉണ്ടാവാമെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രിയുടെ നിലപാട് ശരിയാണെന്നതാണെന്ന റിപ്പോര്‍ട്ടുകളാണ് ദിവസം തോറും പുറത്തുവരുന്നത്.ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ സാംസ്‌കാരിക പ്രബുദ്ധമെന്നവകാശപ്പെടുന്ന ഈ രാജ്യം വീണ്ടും നാണം കെടുമെന്നുറപ്പാണ്.

നിരപരാധികളായ കുഞ്ഞുങ്ങളുടെയും,അവിഹിത ബന്ധങ്ങളില്‍പ്പെടുത്തി കൂരിരുട്ടില്‍ തളച്ചിട്ട നിരാലംബരായ അമ്മമാരുടെയുംഭൂതകാലത്തിലെ നിലവിളിയ്ക്ക് പരിഹാരം ചെയ്യാനാവില്ലയെങ്കിലും ഒരു കാര്യം ഉറപ്പാണ്.വീണ്ടും പശ്ചാത്തപിക്കാന്‍ പോകുന്നത് സഭയായിരിക്കും.ചെയ്യേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറിയതിനു അവര്‍ക്ക് നേരത്തെ തന്നെ ശിക്ഷ ലഭിച്ചുകഴിഞ്ഞു.അയര്‍ലണ്ടിലെ കന്യാസ്ത്രിഭവനങ്ങളിലേയ്ക്കുള്ള പ്രവേശനാര്‍ഥികളുടെ എണ്ണം കേട്ടാല്‍ ആരും ഞെട്ടും.

123 വ്യത്യസ്ഥ സന്യാസിനി സമൂഹങ്ങളിലായി മൂവായിരത്തോളം കോണ്‍വന്റുകളുള്ള അയര്‍ലണ്ടില്‍ കഴിഞ്ഞവര്‍ഷം സന്ന്യാസാര്‍ഥിയായി ചേര്‍ന്നവരുടെ എണ്ണം സാങ്കേതിക കാരണങ്ങളാല്‍ പുറത്തു വിട്ടിട്ടില്ല.അഞ്ചില്‍ താഴെയാണിതെന്നാണ് പറയപ്പെടുന്നത്.ഏറ്റവും അവസാനം 2002 ലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്.മൂവായിരത്തോളം കോണ്‍വെന്റുകളിലായി അന്ന് ചേര്‍ന്നത് 11 പേരായിരുന്നു.

സന്യാസിനി ഭവനങ്ങളില്‍ നിന്നും കെയര്‍ ഹോമുകളില്‍ നിന്നുമുള്ള ക്രൂരതയുടെ ബാക്കി മുഖം മൂടികള്‍ കൂടി പുറം ലോകത്തിന് മുന്‍പില്‍ അഴിഞ്ഞുവീഴുമ്പോള്‍ നമുക്ക് കരുതാന്‍ ഒന്നേയുള്ളൂ.കവി മധുസൂദനന്‍ നായര്‍ കോറിയിട്ട വരികള്‍ അയര്‍ലണ്ടിനെ നോക്കിയായിരുന്നോ?

‘ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍ ,  ഒരുകോടി ഈശ്വര വിലാപം

ഓരോ കരിന്തിരി കല്ലിലും കാണ്മു ഞാന്‍ , ഒരു കോടി ദേവനൈരാശ്യം ‘

ഓരോ ശിശുരോദനത്തിലും ഒരുകോടി ഈശ്വര വിലാപമാണ് കവി കേള്‍ക്കുന്നത്. ഇവിടെ അയര്‍ലണ്ടിലെ കോണ്‍വന്റുകളിലും,കെയര്‍ ഹോമുകളിലും ജീവന്‍ ഹോമിക്കപ്പെട്ട കുട്ടികളുടെ കരച്ചിലിന്റെ കണക്കെടുത്താല്‍ പിന്നെ ഇവിടെ ഈശ്വരന്മാര്‍ക്കു വിലപിക്കാനല്ലാതെ മറ്റൊന്നിനും സമയമുണ്ടാവുകയില്ല.അവരിപ്പോഴും കരഞ്ഞു കൊണ്ടിരിക്കുകയാണ്.സത്യം പുറത്തു വരുന്നത് വരെയെങ്കിലും തീര്‍ച്ചയായും അവര്‍ കരയുമെന്നുറപ്പാണ്.

Scroll To Top