Sunday October 22, 2017
Latest Updates

അമേരിക്ക-ഉത്തരകൊറിയ സംഘര്‍ഷം : അയര്‍ലണ്ടിന് ഭീഷണിയില്ലെന്ന് നീതിന്യായ മന്ത്രി

അമേരിക്ക-ഉത്തരകൊറിയ സംഘര്‍ഷം : അയര്‍ലണ്ടിന് ഭീഷണിയില്ലെന്ന് നീതിന്യായ മന്ത്രി

ഡബ്ലിന്‍:അമേരിക്ക-ഉത്തരകൊറിയ സംഘര്‍ഷങ്ങള്‍ക്കിടയിലും ഭയപ്പെടാന്‍ കാരണമൊന്നും കാണുന്നില്ലെന്ന് അയര്‍ലണ്ട് നീതിന്യായ വകുപ്പ് മന്ത്രി.കൊറിയന്‍ ദ്വീപിലെ അമേരിക്കന്‍-ഉത്തരകൊറിയ സംഘര്‍ഷത്തിന്റെയും യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ക്കശ മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തിലാണ് മുന്‍ വിദേശകാര്യ മന്ത്രി കൂടിയായ ചാര്‍ളി ഫ്ളാനഗന്റെ ഈ പ്രസ്താവന.

അന്താരാഷ്ട്രതല സംഘട്ടനത്തിലേക്ക് ഇപ്പോഴത്തെ പ്രശ്നം നീങ്ങില്ലെന്ന് അയര്‍ലണ്ടിന് അറിയാമെന്നും എന്നിരുന്നാലും കാര്യങ്ങളെ നേരാംവണ്ണം മനസ്സിലാക്കിയിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.ഉത്തരകൊറിയ-യുഎസ് സംഘര്‍ഷ പശ്ചാത്തലത്തില്‍ അയര്‍ലണ്ടിന്റെ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ആര്‍ടിഇ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. എങ്കിലും അയര്‍ലണ്ടിന്റെ ഇന്റലിജന്‍സ് വിഭാഗം ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രതയാണ് പുലര്‍ത്തുന്നതെന്ന് മന്ത്രി പറഞ്ഞു.കഴിഞ്ഞ ദിവസം ഉത്തരകൊറിയയ്ക്ക് നല്‍കിയ യുഎസ് പ്രസിഡണ്ട് അതിശക്തമായ മുന്നറിയിപ്പിന്റെ കൂടി സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. ലോകം ഇന്നുവരെ ദര്‍ശിച്ചിട്ടില്ല കോപവും അഗ്‌നിയും നേരിടേണ്ടി വരുമെന്നായിരുന്നു ഉത്തരകൊറിയയ്ക്ക് യുഎസ് നല്‍കിയ മുന്നറിയിപ്പ്.

ഇതിനിടെ,ഉത്തരകൊറിയന്‍ പ്രസിഡണ്ട് കിം ജോംഗിന് തന്ത്രപരമായ ഭാഷ മനസ്സിലാകാത്തതിനാലാണ് അമേരിക്കന്‍ പ്രസിഡണ്ട് അത്ര ശക്തമായ ഉപയോഗിച്ചതെന്ന വിശദീകരണവുമായി യുഎസ് സെക്രട്ടറി റെക്സ് ടില്ലേര്‍സണ്‍ രംഗത്തുവന്നു.കിമ്മിന് മനസ്സിലാകാന്‍ വേണ്ടിയാണ് ഇത്തരം ഭാഷ ഉപയോഗിക്കേണ്ടി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.യുഎസ് അതിര്‍ത്തിയായ ഗ്വാമിലേക്ക് പോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടില്ലേര്‍സണ്‍.

Scroll To Top