Sunday October 22, 2017
Latest Updates

അമേരിക്കയ്ക്കെതിരെ മിസൈല്‍ ആക്രമണം നടത്താനൊരുങ്ങി കൊറിയ,ഭീഷണിയുയര്‍ത്തിയാല്‍ കൊറിയയെ തകര്‍ക്കാന്‍ മടിക്കില്ലെന്ന് ട്രംപ് 

അമേരിക്കയ്ക്കെതിരെ മിസൈല്‍ ആക്രമണം നടത്താനൊരുങ്ങി കൊറിയ,ഭീഷണിയുയര്‍ത്തിയാല്‍ കൊറിയയെ തകര്‍ക്കാന്‍ മടിക്കില്ലെന്ന് ട്രംപ് 

മോസ്‌കോ:അമേരിക്ക ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം നടത്താന്‍ ഉത്തര കൊറിയ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പ്യോങ്യാങ് സന്ദര്‍ശനത്തിനു ശേഷം തിരിച്ചെത്തിയ റഷ്യന്‍ പാര്‍ലമെന്റ് അംഗം ആന്റണ്‍ മൊറോസോവ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഇതുമായി ബന്ധപ്പെട്ട ചില രൂപരേഖകള്‍ കണ്ടതായും ഉത്തരകൊറിയന്‍ അധികൃതരുമായി ഇക്കാര്യം സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

അതീവ പ്രഹരശേഷിയുള്ള ഉത്തര കൊറിയന്‍ മിസൈലിന് അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് വരെ എത്താന്‍ സാധിക്കുമെന്നാണ് ആ രാജ്യത്തിന്റെ വിശ്വാസമെന്ന് ആന്റണ്‍ മൊറോസോവ് പ്രതികരിച്ചതായി റഷ്യന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ രണ്ട് മുതല്‍ ആറ് വരെയാണ് റഷ്യന്‍ പാര്‍ലമെന്റ് ഇന്റര്‍നാഷണല്‍ അഫയേഴ്സ് കമ്മിറ്റി ലോവര്‍ ഹൗസിലെ അംഗമായ ആന്റണ്‍ മൊറോസോവ് ഉള്‍പ്പെടുന്ന മൂന്നംഗ സംഘം ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ് സന്ദര്‍ശിച്ചത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയതിനു തൊട്ടു പിന്നാലെയാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണ തയ്യാറെടുപ്പുകളെ കുറിച്ച് സംഘം മുന്നറിയിപ്പ് നല്‍കിയത്.

അതിവേഗ മിസൈല്‍ പരീക്ഷണം നടത്താന്‍ അവര്‍ തയ്യാറെടുക്കുകയാണ്. പുതിയ മിസൈലിന് അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് വരെ തൊടാന്‍ സാധിക്കുമെന്നതിനെ കുറിച്ച് കൃത്യമായ കണക്കൂകൂട്ടലുകള്‍ അവര്‍ക്കുണ്ട്. അതിന്റെ രൂപരേഖ അടക്കമുള്ള തെളിവുകള്‍ ഉത്തരകൊറിയയുടെ പക്കലുണ്ട്. ഞങ്ങള്‍ക്ക് മനസ്സിലാക്കാനായിടത്തോളം ഇതിനു പുറമേ മറ്റൊരു ദീര്‍ഘദൂര മിസൈല്‍ വികസിപ്പിക്കാനും ഉത്തര കൊറിയയ്ക്ക് പദ്ധതിയുണ്ട്. യുദ്ധത്തിന് തയ്യാറെടുക്കുന്ന സാഹചര്യമാണ് ഉത്തര കൊറിയയില്‍ നിലനില്‍ക്കുന്നതെന്ന് മോറോസോവ പ്രതികരിച്ചതായി റഷ്യന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുരാജ്യങ്ങളും പരസ്പരം വെല്ലുവിളികളും ഭീഷണിയും ഉയര്‍ത്തി നില്‍ക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ ആയുധ ശക്തിയെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

അതേസമയം ഉത്തര കൊറിയയുമായുള്ള സമാധാനശ്രമങ്ങളെല്ലാം പരാജയമായിരുന്നുവെന്നും ഇനി യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്ന് സൂചിപ്പിച്ച് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിനെതിരെ ഭീഷണി ഉയര്‍ന്നാല്‍ ഉത്തര കൊറിയയെ പൂര്‍ണമായും തകര്‍ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.കഴിഞ്ഞ 25 വര്‍ഷമായി അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടത്തി വരുകയാണ്. വലിയ കരാറുകള്‍ ഉണ്ടാക്കിയെങ്കിലും അതൊന്നും പ്രയോജനപ്പെട്ടില്ല. അമേരിക്കയുടെ സമാധാനശ്രമങ്ങളെയെല്ലാം പരിഹസിക്കുകയായിരുന്നു, ഉത്തരകൊറിയ. ഇനി ഒരേയൊരു കാര്യം മാത്രമേ നടക്കൂ- സൈനിക നീക്കത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഇപ്പോള്‍ ട്രംപ് രംഗത്തെത്തിയത്.

Scroll To Top