Sunday October 21, 2018
Latest Updates

അമേരിക്കയില്‍ 33 ലക്ഷം പുതിയ നഴ്സുമാരെ ആവശ്യമുണ്ട്,വാഗ്ദാന പെരുമഴ നല്‍കി ആശുപത്രി ഗ്രൂപ്പുകള്‍ 

അമേരിക്കയില്‍ 33 ലക്ഷം പുതിയ നഴ്സുമാരെ ആവശ്യമുണ്ട്,വാഗ്ദാന പെരുമഴ നല്‍കി ആശുപത്രി ഗ്രൂപ്പുകള്‍ 

ന്യൂ യോര്‍ക്ക് :നഴ്‌സുമാര്‍ക്ക് ഉയര്‍ന്ന ശമ്പളവും ആകര്‍ഷകങ്ങളായ നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് അമേരിക്കയിലെ ആശുപത്രികളും മറ്റു മെഡിക്കല്‍ സ്ഥാപനങ്ങളും.ആശുപത്രികളില്‍ ആവശ്യത്തിന് നഴ്‌സുമാര്‍ ഇല്ലാത്തതിനാല്‍ നഴ്‌സിങ് മേഖലയില്‍ വലിയ പ്രതിസന്ധി നേരിടുകയാണ് അമേരിക്ക.

പരിചയസമ്പന്നരായ നഴ്‌സുമാര്‍ ജോലിയില്‍ നിന്ന് വിരമിക്കുന്നതും പുതിയ നഴ്‌സിങ് ബിരുദധാരികള്‍ തൊഴില്‍ മേഖലയിലേക്ക് കടന്നു വരാത്തതും ആണ് പ്രതിസന്ധിക്കു കാരണം. അതിനാല്‍ പുതിയ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനും ഇപ്പോഴുള്ളവരെ നിലനിര്‍ത്താനുമുള്ള പദ്ധതികളുമായാണ് ആശുപത്രികള്‍ മുന്നോട്ടു വന്നിരിക്കുന്നത്.രാജ്യത്തിനു അകത്തു നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ഒരേപോലെ ജീവനക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

അമേരിക്കയിലെ ആരോഗ്യ സംരക്ഷണാവശ്യങ്ങള്‍ നിറവേറ്റാന്‍ 2022 ഓടെ മുപ്പത്തി മൂന്ന് ലക്ഷത്തിലധികം പുതിയ നഴ്‌സുമാരെ നിയമിക്കേണ്ടതായി വരും എന്നാണ് അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ കണക്കാക്കുന്നത്.അനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇത് പത്തു ലക്ഷം വരെയാണെന്നാണ് കണ്ടെത്തല്‍.ചുരുക്കത്തില്‍ അമേരിക്കയിലെന്നല്ല
ലോകത്തില്‍ ഏറ്റവും അധികം വിദഗ്ധ ജോലിക്കാരെ അടിയന്തര ആവശ്യമുള്ള തൊഴിലായി നഴ്സിംഗ് ജോലി മാറുകയാണ്.അടുത്ത വര്‍ഷങ്ങളില്‍ അമേരിക്കയ്ക്കും വിദേശ നഴ്സുമാരെ കൂടുതലായി സ്വീകരിക്കാതെ നിലനില്‍ക്കാനാവില്ല.

നഴ്സുമാരെ ആകര്‍ഷിക്കുന്നതിനായി അമേരിക്കയില്‍ കടുത്ത മത്സരമാണ് ആശുപത്രികളും, നഴ്സിംഗ് ഗ്രൂപ്പ്കളും തമ്മില്‍ ഉടലെടുത്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കാലിഫോര്‍ണിയ,ന്യൂയോര്‍ക്ക്,ഫ്‌ലോറിഡ,ഓഹിയോ എന്നി സ്റ്റേറ്റുകളാണ് നഴ്സുമാരുടെ ക്ഷാമത്താല്‍ കനത്ത പ്രതിസന്ധി നേരിടുന്നത്.കൊളോറോഡയില്‍ മാത്രം ഒന്‍പത് അക്യൂട്ട് കെയര്‍ ആശുപത്രികളിലും നൂറിലേറെ ക്ലിനിക്കുകളിലുമായി പ്രവര്‍ത്തിക്കുന്ന യുസി ഹെല്‍ത്തില്‍ നിലവില്‍ 330 നഴ്‌സുമാരുടെ ഒഴിവാണുള്ളത്.സമാനമായ നിരവധി ഒഴിവുകളാണ് ഇപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതിയുടെ ഭാഗമായി 10000 ഡോളര്‍ വരെ ബോണസ് റസിഡന്‍ഷ്യല്‍ അലവന്‍സ് നല്‍കുമെന്ന് യുസി ഹെല്‍ത്ത് ചീഫ് നഴ്‌സിങ് എക്‌സിക്യൂട്ടീവ് കാതി ഹൗവല്‍ പറഞ്ഞു.അതോടൊപ്പം നഴ്സുമാര്‍ക്കു തുടര്‍ വിദ്യാഭ്യാസത്തിനായി വര്‍ഷം 4000 ഡോളര്‍ വരെയും നല്‍കുന്നു.

അതേസമയം, ഇനോവ ഹെല്‍ത്ത് സെന്റര്‍ ചുരുങ്ങിയത് രണ്ടുവര്‍ഷത്തെ പരിചയമുള്ള നഴ്‌സുമാര്‍ക്ക് 20,000 ഡോളര്‍ ബോണസും 20,000 ഡോളര്‍ പുനരധിവാസത്തിനുള്ള ചെലവും നല്‍കാന്‍ തയ്യാറാണെന്ന് ചീഫ് നഴ്‌സിങ് ഓഫീസര്‍ മൗരിന്‍ ഇ. സിന്റിക് വെളിപ്പെടുത്തി.

അഞ്ചോ അതിലധികമോ വര്‍ഷങ്ങള്‍ പ്രവൃത്തി പരിചയമുള്ള നഴ്‌സുമാര്‍ക്കു വെസ്റ്റ് വിര്‍ജീനിയാസ് WVU മെഡിസിന്‍സ്, ഫാമിലി അലവന്‍സും നല്‍കുന്നു . ഇവരുടെ മക്കള്‍ വിര്‍ജീനിയ സര്‍വകലാശാലയില്‍ പഠനം നടത്തുന്നെങ്കില്‍ അവരുടെ കോളേജ് ട്യൂഷന്‍ ഫീ ഉള്‍പ്പെടെ മുഴുവന്‍ ചിലവുകളും ആശുപത്രി വഹിക്കാന്‍ തയ്യാറാണ്. മറ്റു കോളേജില്‍ പോകുന്നവര്‍ക്ക് ട്യൂഷന്‍ ഫീയും നല്‍കുമെന്ന് വെസ്റ്റ് വിര്‍ജീനിയാസ് നഴ്‌സിംഗ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ മേരി ഫാനിംഗ് പറഞ്ഞു. ജീവനക്കാരുടെ കുടുംബത്തിനായി സൗജന്യ താമസ സൗകര്യവും വാഗ്ദാനം ചെയ്യുന്നുണ്ട്.

അമേരിക്കയിലെ ഒരു രജിസ്ട്രേഡ് നഴ്സിന് ലഭിക്കുന്ന ശരാശരി വാര്‍ഷിക ശമ്പളം സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് 65470 ഡോളറാണ്.(42 ലക്ഷത്തിലധികം രൂപ) മത്സരം രൂക്ഷമായതോടെ പല ആശുപത്രികളും ശമ്പളം വര്‍ധിപ്പിച്ചു നല്‍കുന്ന പ്രവണതതയും ആരംഭിച്ചിട്ടുണ്ട്.

പുതിയതായി പഠനം കഴിഞ്ഞു ജോലി തേടുന്നവര്‍ക്കും സാമ്പത്തിക ബാധ്യത ഉള്ളവര്‍ക്കും വളരെയധികം പ്രയോജനകരമാണ് പുതിയ ഓഫറുകള്‍.പലരും ഇപ്പോള്‍ തന്നെ അപേക്ഷകള്‍ സമര്‍പ്പിച്ചു കഴിഞ്ഞു.അമേരിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാകുന്ന മുന്നേറ്റത്തോടെ വീണ്ടും ജീവനക്കാരുടെ പ്രതിസന്ധി ഉണ്ടാകുമെന്നാണ് കരുതുന്നത്. സാമ്പത്തിക മാന്ദ്യകാലത്ത്, നഴ്‌സുമാര്‍ തങ്ങളുടെ ജോലിയില്‍ തുടരുന്നതിനു താല്പര്യം കാണിക്കുമെങ്കിലും,അടുത്ത വര്‍ഷങ്ങളോടെ കൂടുതല്‍ പേര്‍ റിട്ടയര്‍ ചെയ്യുന്നതോടെ അമേരിക്ക വീണ്ടും ആരോഗ്യപ്രതിസന്ധിയിലാവും.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top