Saturday May 27, 2017
Latest Updates

അമല പോളിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്ന് പിതാവ്

അമല പോളിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്ന് പിതാവ്

തെന്നിന്ത്യന്‍ നടി അമല പോളിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്ന് അമല പോളിന്റെ പിതാവ്. ആലുവ ചൂണ്ടിപള്ളിയില്‍ നടന്നത് പ്രാര്‍ഥന മാത്രമെന്ന് അതിരൂപതയും അമല പോളിന്റെ പിതാവും അറിയിച്ചു. ചടങ്ങ് മനസമ്മതമാണെന്ന് തെറ്റിദ്ധാരണ പരന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അമല പോളിന്റെ പിതാവ് അറിയിച്ചു.

ഇക്കാര്യം ചൂണ്ടിക്കാട്ടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അതിരൂപതയ്ക്ക് കത്തയച്ചു. അമലാ പോളിന് ആലുവ ചൂണ്ടപ്പള്ളിയുമായി അടുപ്പമുണ്ട്. അതിനാലാണ് ഈ പള്ളിയില്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടത്തിയതെന്നാണ് ബന്ധുക്കളുടെ വിശദീകരണം. വിവാഹം വരന്റെ മതമായ ഹിന്ദു ആചാര പ്രകാരം നടത്താനാണ് തീരുമാനമെന്നും അമല പോളിന്റെ ബന്ധുക്കള്‍ അറിയിച്ചു.

ഹിന്ദു മതാചാര പ്രകാരം വിവാഹം കഴിക്കുന്ന അമല പോളിന്റെ മനസമ്മതം പള്ളിയില്‍ നടത്താന്‍ അനുമതി നല്‍കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സാധാരണക്കാരന്‍ മതം മാറി കല്യാണം കഴിച്ചാല്‍ സഭയില്‍ നിന്ന് വിലക്കുന്ന സഭ അധികൃതര്‍ സമ്പന്നര്‍ക്ക് വേണ്ടി സഭ നിയമങ്ങളില്‍ ഇളവ് നല്‍കുന്നുവെന്നായിരുന്നു വിമര്‍ശനം. ഇതേതുടര്‍ന്നാണ് അമല പോളിന്റെ പിതാവ് വിശദീകരണക്കുറിപ്പുമായി രംഗത്ത് വന്നതെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top