Thursday October 18, 2018
Latest Updates

അഭിലാഷ് ടോമിയ്ക്ക് പിന്നാലെ ഡബ്ലിന്‍ സ്വദേശിയും ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍ പെട്ടു 

അഭിലാഷ് ടോമിയ്ക്ക് പിന്നാലെ ഡബ്ലിന്‍ സ്വദേശിയും ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍ പെട്ടു 

ഡബ്ലിന്‍:പെര്‍ത്തിനടുത്ത് പായ്വഞ്ചിയിലെ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍ പെട്ട മലയാളിയായ അഭിലാഷ് ടോമിയോടൊപ്പം മത്സരത്തില്‍ പങ്കെടുത്ത ഡബ്ലിന്‍ സ്വദേശിയും.ഡണ്‍ലേരിയില്‍ നിന്നുള്ള ഗ്രിഗര്‍ മക്ഗുക്കിന്‍ എന്ന 32 വയസുകാരന്‍ സഞ്ചരിച്ച പായ്വഞ്ചി വമ്പന്‍ തിരമാലയില്‍ പെട്ട് 360 ഡിഗ്രിയില്‍ കറങ്ങിമറിയുകയായിരുന്നു.മത്സരത്തില്‍ രണ്ടാമനായി തുഴഞ്ഞുകൊണ്ടിരുന്ന മക്ഗുക്കിന്‍ പായ്വഞ്ചിയ്ക്ക് സംഭവിച്ച അപകടത്തെ തുടര്‍ന്ന് മത്സരത്തില്‍ നിന്നും താത്കാലികമായി മാറി നില്‍ക്കുകയാണ്.

ഇതേ മത്സരത്തിനിടയില്‍ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ശക്തമായ കാറ്റില്‍ പായ്വഞ്ചിയുടെ പായകെട്ടുന്ന തൂണ് ഒടിഞ്ഞുവീണ് മുതുകിന് പരിക്കേറ്റ് എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണെങ്കിലും അഭിലാഷ് സുരക്ഷിതനാണെന്ന സന്ദേശം ലഭിച്ചിട്ടുണ്ട്. നാവികസേനയില്‍ കമാന്‍ഡറാണ് മുപ്പത്തിയൊന്‍പതുകാരനായ അഭിലാഷ്.

ഒറ്റയ്ക്ക്, ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി, തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തുന്ന മത്സരമാണ് ഗോള്‍ഡന്‍ ഗ്ലോബ്. ഇതില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട ഏക ഏഷ്യക്കാരനാണ് ഇദ്ദേഹം. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3000 കിലോമീറ്റര്‍ അകലെയാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. 120 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റില്‍ തിരമാല 14 മീറ്റര്‍ വരെ ഉയര്‍ന്നു.

വഞ്ചിയിലെ ജി.പി.എസ്. സംവിധാനവും സാറ്റലൈറ്റ് ഫോണും പ്രവര്‍ത്തനക്ഷമമാണ്. ഇവയിലെ സിഗ്നല്‍ പിന്തുടര്‍ന്ന് അഭിലാഷിനെ കണ്ടെത്താനാണ് ശ്രമം. ഓസ്ട്രേലിയന്‍ റെസ്‌ക്യൂ കോ-ഓര്‍ഡിനേറ്റിങ് സെന്ററിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. ഓസ്ട്രേലിയന്‍ പ്രതിരോധവകുപ്പും ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഐ.എന്‍.എസ്. സത്പുരയും പങ്കെടുക്കുന്നുണ്ട്. വഞ്ചിയുടെ സ്ഥാനം കണ്ടെത്താന്‍ വ്യോമമാര്‍ഗവും ശ്രമം നടക്കുന്നുണ്ട്. െമഡിക്കല്‍ ഓഫീസറെ എത്തിക്കാനും ശ്രമിക്കുന്നുണ്ട്. അഭിലാഷ് സംഘാടകര്‍ക്ക് സന്ദേശം അയച്ചപ്പോഴാണ് അപകടവിവരം പുറത്തറിഞ്ഞത്.

കൊച്ചി കണ്ടനാട് സ്വദേശിയാണ് അഭിലാഷ്. ഒറ്റയ്ക്കൊരു പായ്വഞ്ചിയില്‍ കടലിലൂടെ ഒരിടത്തും നിര്‍ത്താതെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡിന് ഉടമയാണ്. ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. 84 ദിവസംകൊണ്ട് 19,444 കിലോമീറ്റര്‍ അഭിലാഷ് പിന്നിട്ടിരുന്നു.

അപകടത്തില്‍ പെട്ടവരെല്ലാം സുരക്ഷിതരാണെന്ന് മത്സരത്തിന്റെ സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.. പ്രതികൂല കാലാവസ്ഥ തുടരുകയാണെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്

Scroll To Top