Tuesday January 17, 2017
Latest Updates

അബ്ദുള്ളക്കുട്ടിയെ രാജി വയ്പ്പിക്കും; കെ സുധാകരന്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ നീക്കം

അബ്ദുള്ളക്കുട്ടിയെ രാജി വയ്പ്പിക്കും; കെ സുധാകരന്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ നീക്കം

കണ്ണൂര്‍: സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ചിട്ടും ചില സീറ്റുകളിലെ അപ്രതീക്ഷിത പരാജയം കോണ്‍ഗ്രസിനുള്ളില്‍ അസ്വാരസ്യത്തിനു വഴി വച്ചിരിക്കുകയാണ്. ഇതില്‍ ഒന്നാമതായി ഇടുക്കിയിലെ പരാജയമാണ് കോണ്‍ഗ്രസിനെ വേട്ടയാടുന്നത്. ഇപ്പോള്‍ ഇടുക്കിയ്ക്ക് പിന്നാലെ കണ്ണൂരിലെ പരാജയവും കോണ്‍ഗ്രസിനുള്ളില്‍ പുതിയ പോര്‍മുഖങ്ങള്‍ തുറക്കാന്‍ കാരണമാകുന്നു. കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ് സുധാകരന്‍ പരാജയപ്പെട്ടത് പാര്‍ട്ടിക്ക് അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ്.

പരാജയത്തെ തുടര്‍ന്ന് സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ട സുധാകരനെ നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായി കണ്ണൂരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കെ സുധാകരന്റെ അടുത്ത അനുയായിയും നിലവില്‍ കണ്ണൂര്‍ എംഎല്‍എയുമായ എപി അബ്ദുള്ളക്കുട്ടിയെ രാജി വയ്പ്പിച്ച് കണ്ണൂരില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കണ്ണൂര്‍ ഡിസിസിയില്‍ ഇതിനായുള്ള കൂടിയാലോചനകള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. സരിത എസ് നായരെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാകും അബ്ദുള്ളക്കുട്ടിയുടെ രാജി ആവശ്യപ്പെടുക.

ഇതിന്റെ ആദ്യപടിയായി കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ആവശ്യപ്പെട്ടു. അബ്ദുള്ളക്കുട്ടി സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വേണ്ടത്ര സജീവമായില്ലെന്നും ആരോപണമുണ്ട്. സുധാകരനെ കണ്ണൂര്‍ ജില്ലയില്‍ തന്നെ സജീവമാക്കി നിലനിര്‍ത്താനുള്ള നീക്കമാണ് ഇതിലൂടെ ഡിസിസി നേതൃത്വം നടത്തുന്നത്. സരിത ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്താക്കുമെന്ന് നേരത്തെ കെ സുധാകരനും വ്യക്തമാക്കിയിരുന്നു.

Scroll To Top