Saturday April 21, 2018
Latest Updates

അബോര്‍ഷന്‍ റഫറണ്ടം :പിന്തുണ നല്‍കുന്നതില്‍ അയര്‍ലണ്ടിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ അഭിപ്രായ ഭിന്നത,ഫിനഗേലിലും,ഫിയാന ഫാളിലും ഇരു വിഭാഗത്തിനും സ്വാധീനം 

അബോര്‍ഷന്‍ റഫറണ്ടം :പിന്തുണ നല്‍കുന്നതില്‍ അയര്‍ലണ്ടിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ അഭിപ്രായ ഭിന്നത,ഫിനഗേലിലും,ഫിയാന ഫാളിലും ഇരു വിഭാഗത്തിനും സ്വാധീനം 

ഡബ്ലിന്‍:അബോര്‍ഷന്‍ റഫറണ്ടത്തിന് പിന്തുണ നല്‍കുന്നത് സംബന്ധിച്ച് വിവിധ പാര്‍ട്ടികള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ തുടരുന്നതായി സൂചന. ഫിനഗേല്‍, ഫിനാഫാള്‍, ഷിന്‍ ഫിന്‍ തുടങ്ങിയ അയര്‍ലണ്ടിലെ പ്രധാന രാഷ്ട്രീയ കക്ഷികളിലെ നേതാക്കള്‍ക്ക് അബോര്‍ഷന്‍ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ തന്നെയുള്ള അഭിപ്രായ ഭിന്നത റഫറണ്ടം നടപ്പാക്കുന്നതിന് തടസ്സമാകുമോ എന്ന ആശങ്ക നിലനിര്‍ത്തുന്നുണ്ട്.

അയര്‍ലണ്ടില്‍ ആകെയുള്ള 46 ലക്ഷം ജനങ്ങളില്‍ ഒരു ലക്ഷം പേരോളമാണ് മാര്‍ച്ച് പത്തിന് ഡബ്ലിനില്‍ നടന്ന ഗര്‍ഭഛിദ്രത്തിന് എതിരായ പ്രൊ ലൈഫ് റാലിയില്‍ പങ്കെടുക്കാനെത്തിയത്.നിയമഭേദഗതി വരുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് എത്രത്തോളം എതിര്‍പ്പാണ് ആദ്യ ഘട്ടത്തില്‍ തന്നെ ഉയരുന്നത് എന്നതിന് തെളിവാണ് ഇതെന്ന് പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ഫിയനാഫാളിന്റെ പ്രമുഖ ടി ഡി മേരി ബട്‌ളര്‍ എട്ടാം നിയമ ഭേദഗതി ഒഴിവാക്കിക്കൊണ്ടുള്ള റഫറണ്ടത്തിന് എതിരാണെന്ന് വ്യക്തമാക്കി. ജീവന്‍ നശിപ്പിക്കുന്നതിന് അനുവദിക്കുന്ന അവകാശത്തിനു വേണ്ടിയാണ് ആളുകള്‍ മുറവിളി കൂട്ടുന്നത്. അതൊരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണ്. നിലപാട് വ്യക്തമാക്കിക്കൊണ്ട് ബട്‌ളര്‍ പറഞ്ഞു. അതേസമയം ഫിയനാഫാളിലെ തന്നെ ലിസ ചേമ്പേഴ്സ് എതിരഭിപ്രായമാണ് മുന്നോട്ടു വക്കുന്നത്. ബ്രിട്ടനില്‍ പോയി അബോര്‍ഷന്‍ നടത്താനുള്ള സാധ്യത ഇല്ലായിരുന്നെങ്കില്‍ അബോര്‍ഷന്‍ നിയമത്തില്‍ നേരത്തെ തന്നെ മാറ്റം ഉണ്ടാകുമായിരുന്നു എന്നാണ്
ചേമ്പേഴ്സ് അഭിപ്രായപ്പെടുന്നത്.

അയര്‍ലണ്ടിലെ സ്ത്രീകളുടെ ആരോഗ്യ സുരക്ഷാ ഉറപ്പുവരുത്തുന്നതിന് എട്ടാം നിയമ ഭേദഗതിയില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഷിന്‍ ഫിന്‍ ആരോഗ്യവകുപ്പ് വക്താവ് ലൂയിസ് ഓ റേലി അഭിപ്രായപ്പെട്ടു.

അയര്‍ലണ്ടിലെ ഭൂരിഭാഗം വരുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ സുരക്ഷാ ഏര്‍പ്പെടുത്തുന്ന നിയമമാണ് വേണ്ടത്. എട്ടാം ഭേദഗതി നിയമം ഇക്കാര്യത്തില്‍ അംഗീകരിക്കാനാകാത്തതാണ്. അതിനാല്‍ ഭൂരിഭാഗം ആളുകളും റഫറണ്ടത്തെ അംഗീകരിക്കുക തന്നെ ചെയ്യും. ഫിനഗേല്‍ ടി ഡി അലന്‍ ഫാരല്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അബോര്‍ഷന്‍ റഫറണ്ടം നടപ്പിലാക്കുക എന്നത് പ്രതിസന്ധി നേരിടാം. എന്നാല്‍ റഫറണ്ടം സംബന്ധിച്ച് ഐറിഷ് ജനതയുടെ കൂട്ടായ നിലപാട് എന്ത് എന്നതാണ് രാഷ്ട്രീയ പാര്‍ട്ടികളും നോക്കിക്കാണുന്നത്. ജനങ്ങളുടെ നിലപാട് എന്തായാലും അത് പ്രാബല്യത്തില്‍ വരും എന്നാണ് പ്രതീക്ഷ.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top