Tuesday September 25, 2018
Latest Updates

അപകടത്തില്‍ മുറിവേറ്റ് എമര്‍ജന്‍സി വിഭാഗത്തിലെത്തിയ ആള്‍ക്ക് ചികില്‍സ കിട്ടിയില്ല,കാത്തിരിക്കേണ്ടി വന്നത് പത്ത് മണിക്കൂര്‍ !

അപകടത്തില്‍ മുറിവേറ്റ് എമര്‍ജന്‍സി വിഭാഗത്തിലെത്തിയ ആള്‍ക്ക് ചികില്‍സ കിട്ടിയില്ല,കാത്തിരിക്കേണ്ടി വന്നത് പത്ത് മണിക്കൂര്‍ !

ഡബ്ലിന്‍ :അപകടത്തില്‍പ്പെട്ട് മുറിവേറ്റ് താല ആശുപത്രിയുടെ ആക്സിഡന്റ് ആന്റ് എമര്‍ജെന്‍സി വിഭാഗത്തിലെത്തിയ ആള്‍ക്ക് പത്തുമണിക്കൂറോളം യാതോരു പരിചരണവും ലഭിച്ചില്ല. മകളോടൊപ്പം ആശുപത്രിയിലെത്തി വെയ്റ്റിംഗ് റൂമില്‍ കാത്തിരിക്കാനായിരുന്നു ഈ 65കാരന്റെ ദുര്യോഗം.രാത്രി മുഴുവന്‍ ട്രോളിയില്‍ ഉറങ്ങേണ്ടി വന്ന 65കാരനായ ഇദ്ദേഹത്തിന് ലഭിച്ചത് രണ്ട് വേദന സംഹാരി ഗുളികകള്‍ മാത്രമായിരുന്നു.

നവംബര്‍ 9 ന് ഡബ്ലിനിലെ താല സ്വദേശിയായ ജെറാര്‍ഡ് മക്ക്നാനയ്ക്ക് അദ്ദേഹത്തിന്റെ ഗാരേജിന്റെ മുറ്റത്തുവെച്ചാണ് അപകടം സംഭവിച്ചത്.തന്റെ ട്രക്കില്‍ നിന്നും വീണു കൈയില്‍ രണ്ടിടങ്ങളിലായി പൊട്ടലുണ്ടായി. തോളിനും ഗുരുതരമായി പരുക്കേറ്റു.ഹോസ്പിറ്റലില്‍ ജെറാര്‍ഡിനെ പരിചരിച്ച നഴ്സുമാര്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നെന്നു മകള്‍ കാതറിന്‍ പറഞ്ഞു.സിസ്റ്റം തകര്‍ച്ചയിലാണെന്നും അവര്‍ അറിയിച്ചിരുന്നു.

വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് ഇവര്‍ ആശുപത്രിയിലെത്തിയത്.വെള്ളിയാഴ്ച രാവിലെ 8.30ആയിട്ടും എക്സ്റേ പോലും എടുക്കാന്‍ തയ്യാറായില്ല. അപ്പോഴേക്കും അദ്ദേഹത്തിന്റെ കൈയ്ക്ക് വല്ലാതെ നീരുവെച്ചിരുന്നു. വേദനയും കൊണ്ട് രാത്രി മുഴുവന്‍ എ & ഇ ഡിപ്പാര്‍ട്ട്മെന്റില്‍ കഴിയേണ്ടിവന്ന പിതാവ് വേദനകൊണ്ടു പുളയുകയായിരുന്നുവെന്നു മകള്‍ പറഞ്ഞു.എക്സ്റേ കിട്ടിയപ്പോഴാണ് കൈയ്യിലെ ഒരു ഭാഗത്തെ പൊട്ടലിന്റെ മാത്രമേ എടുത്തുള്ളുവെന്നു മനസ്സിലാകുന്നത്. ഇതും വലിയ അനാസ്ഥയായി.

ശസ്ത്രക്രിയയ്ക്കായി അടുത്ത 24 മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്ന ജെറാര്‍ഡിന് കിടക്ക പോലും കിട്ടിയില്ല. അതുകൊണ്ടുതന്നെ എ ആന്റ് ഇ കൊറിഡോറിലെ ട്രോളിയില്‍ കിടക്കേണ്ടിവന്നു.

ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അപ്പോഴേക്കും മറ്റൊരു വിഷയം ഉയര്‍ന്നുവെന്ന് കാതറിന്‍ പറഞ്ഞു. വീഴ്ചയ്ക്കുശേഷം അദ്ദേഹം ആകെ സുഖമില്ലാത്ത നിലയിലായി. എന്നാല്‍ സംഭവിച്ചതെന്താണെന്ന് അറിയാന്‍ കഴിയുന്ന നിലയിലുമായിരുന്നില്ല അദ്ദേഹം.

‘പിതാവിന്റെ ശാരീരിക സ്ഥിതി എല്ലാം ഓകെ യാണെന്ന് ഉറപ്പുവരുത്താന്‍ പരിശോധനകള്‍ നടത്താന്‍ ഞങ്ങള്‍ ആശുപത്രി ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ശസ്ത്രക്രിയയ്ക്ക് പോകവെ അദ്ദേഹത്തിന് ഹൃദയ പരിശോധന പോലുമുണ്ടായില്ല.എന്തിന് ഒരു ഇസിജി പോലും എടുത്തില്ല.ഇത് അച്ഛന്റെ അവസ്ഥ കൂടുതല്‍ വഷളാക്കുന്നതിനിടയാക്കി’കാതറിന്‍ പറഞ്ഞു.

‘എന്റെ അച്ഛന്‍ തന്റെ ദിവസം മുഴുവന്‍ ജോലി ചെയ്യുന്ന ഒരാളാണ്. രാവിലെ 6 മണിക്ക് ജോലിക്ക് പോയാല്‍ രാത്രി ഏഴുമണിവരെയാണ് പ്രവര്‍ത്തിക്കുന്നത്.ഈ രാജ്യത്തിന് നികുതി വിഹിതം കൃത്യമായി നല്‍കുന്നയാളാണ് പിതാവ്. എന്നിട്ടും അത്യാവശ്യ ഘട്ടത്തില്‍ ആരോഗ്യ സേവനം ലഭിക്കാത്തത് വളരെ നിരാശാജനകമാണ്. അപൂര്‍വ്വമായുണ്ടായ ഈ ദുരനുഭവം രാജ്യത്തിന്റെ ആരോഗ്യ സംവിധാനം എത്ര മോശമാണെന്നു ഞങ്ങളെ ബോധ്യപ്പെടുത്തുന്നു കാതറിന്‍ പറഞ്ഞു.ശസ്ത്രക്രിയയ്ക്കു ശേഷം ഒരു ദിവസംകൂടി കഴിഞ്ഞാണ് ജറാര്‍ഡ് ആശുപത്രി വിട്ടത്.

ജെറാര്‍ഡിന്റെ അവസ്ഥ ഒറ്റപ്പെട്ടതല്ല.രാജ്യത്തെ ഒട്ടുമിക്ക ആശുപത്രികളിലും എ ആന്‍ഡ് ഇ യില്‍ പോലും തിരക്ക് കാരണം ആവശ്യമായ പരിചരണം രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.ആവശ്യത്തിന് ആശുപത്രി ജീവനക്കാരുടെ അഭാവവും ഇതിന് കാരണമാണെന്ന് വിലയിരുത്തപ്പെടുന്നു.നഴ്സിംഗ് അടക്കമുള്ള മേഖലകളില്‍ ഒഴിവുള്ള സ്റ്റാഫിനെ നിയമിക്കാന്‍ അടിയന്തര നടപടിയുണ്ടാവുമെന്ന ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസിന്റെ വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല.

Scroll To Top