Monday June 25, 2018
Latest Updates

അന്ത്യമൊഴിയേകാനെത്തിയത് വന്‍ പുരുഷാരം കൊച്ചു കിയന്‍ വിടവാങ്ങിയത് നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി….

അന്ത്യമൊഴിയേകാനെത്തിയത് വന്‍ പുരുഷാരം കൊച്ചു കിയന്‍ വിടവാങ്ങിയത് നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി….

ഡബ്ലിന്‍ : നാല് പേര്‍ക്ക് പുതു ജന്മം നല്‍കി ആ കുരുന്ന് മാലാഖ സ്വര്‍ഗത്തിലേക്ക് മടങ്ങിപ്പോയി .റാത്ത്ഫര്‍നാമിന് സമീപം ബല്ലികുല്ലനില്‍ ഞായറാഴ്ച വാഹനാപകടത്തില്‍ മരിച്ച കിയന്‍ മാരേന്‍ എന്ന ആറുവയസ്സുകാരനാണ് അകാലത്തില്‍ അപകടമരണം ജീവനെടുത്തപ്പോഴും അവയവദാനത്തിലൂടെ നാലുപേര്‍ക്ക് പുതിയ ജീവനേകിയത്. ചികിത്സയിലിരിക്കെ ടെമ്പിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലില്‍ വെച്ചാണ് കിയന്‍ കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ടത്.

ബ്രേ ഷാങ്കലിനടുത്ത് താമസിക്കുന്ന മുത്തശ്ശിയെ സന്ദര്‍ശിച്ചതിനു ശേഷം മടങ്ങുമ്പോള്‍ നടപ്പാതയില്‍ വെച്ചാണ് വാന്‍ കിയനെ ഇടിച്ചുവീഴ്ത്തിയത്.ആ കുരുന്നിന് അന്ത്യമൊഴി നല്‍കാന്‍ ഒരു നാട് മുഴുവന്‍ ശവസംസ്‌കാരച്ചടങ്ങിലേക്ക് ഒഴുകിയെത്തിയത് ആ കുരുന്നിനോടുള്ള അണയാത്ത സ്നേഹ പ്രവാഹമായി.പിഞ്ചുമകന്റെ വേര്‍പാടില്‍ വേദനിക്കുമ്പോഴും അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളുടെ മനസ്സും ഏവരുടെയും ആദരവിന് പാത്രമായി.

അവിചാരിതമായി വേര്‍പിരിഞ്ഞ കൊച്ച് കിയന് യാത്രാമൊഴിയേകാന്‍ സഹപാഠികളും നാട്ടുകാരുമടക്കം വന്‍ പുരുഷാരമാണ് ബോഹെര്‍നാബ്രീന സെന്റ് ആന്‍സ് പള്ളിയിലെത്തിയത്. പള്ളിയും പരിസരവും ആളുകളെക്കൊണ്ട് നിറഞ്ഞു.പള്ളിക്കുള്ളില്‍ സ്ഥലം തികയാത്തതിനെ തുടര്‍ന്ന് ആളുകള്‍ പുറത്തു കിയനെ കാണാന്‍ കാത്തുനിന്നു.കിയനെ യാത്രയാക്കാന്‍ സ്പോര്‍ട്സ് മാഡ് സ്‌കൂളിലെ അവന്റെ കൂട്ടുകാര്‍ തിളക്കമുള്ള വസ്ത്രങ്ങളണിഞ്ഞാണ് എത്തിയത്.കിയനെ കിടത്തിയ പേടകത്തിന്റെ മേല്‍ ഫലകത്തില്‍ അവന്റെ കുട്ടുകാര്‍ പല വര്‍ണങ്ങളിലുള്ള മാര്‍ക്കര്‍ പേനകള്‍ കൊണ്ട് വിവിധ സന്ദേശങ്ങള്‍ കോറിയിരുന്നു.

അവന്റെ അമ്മ ലിസ കിയന്റെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന സിംബലുകള്‍ അള്‍ത്താരയില്‍ വിവരിച്ചു.അള്‍ത്താരയ്ക്കു മുന്നില്‍ കിയന്റെ പ്രിയപ്പെട്ട ഹര്‍ളി സ്റ്റിക്കുമായാണ് അവന്റെ സഹോദരി എയ്ന്‍ വന്നത്.മറ്റൊരു സഹോദരി ക്ലാര കിയന്റെ പ്രിയപ്പെട്ട നായക്കുട്ടിയുമായാണ് വന്നത്.

അതേസമയം കിയന് വേണ്ടി അവന് ഏറ്റവും പ്രിയപ്പെട്ട ഐന്‍സ്റ്റിന്റെ പുസ്തകം വായിച്ചുകൊടുക്കകയായിരുന്നു അവന്റെ പ്രിയ മുത്തശ്ശി . കിയന്റെ കൂട്ടുകാര്‍ അവനിഷ്ടമുള്ള കളിപ്പാട്ടങ്ങളുമെല്ലാമായിട്ടായിരുന്നു വന്നത്. മകന് അന്ത്യ ചുംബനം അര്‍പ്പിച്ച ശേഷം അച്ഛന്‍ ലിയാം അമ്മയോടും മറ്റു രണ്ട് മക്കളോടും ഭാര്യയ്ക്കുമൊപ്പം ചേര്‍ന്ന് സങ്കടങ്ങളും കിയാന്റെ ഓര്‍മ്മകളും പങ്കുവെച്ചു.

ജീവിതത്തിലെ അന്ത്യരംഗത്തിലും ലോകത്തിലെ ഏറ്റവും വലിയ നന്മ ചെയ്യാനാണ് ഞങ്ങളുടെ പൊന്നുമകന് സാധിച്ചത്. അവനെ സ്വര്‍ഗത്തില്‍ മാലാഖമാര്‍ വരവേല്‍ക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്.ജീവന്റെ ബലിദാനമാണ് അവന്‍ നടത്തിയത്.നാല്പേര്‍ക്കാണ് അവന്‍ ജീവിതം നല്‍കിയത്. ദു:ഖം താങ്ങാനാവുന്നില്ലെങ്കിലും ഈ മഹത്തായ ദാനത്തിന് അവസരം തന്ന ദൈവത്തിന് നന്ദി പറയുന്നു.

അവന്റെ മരണത്തിലൂടെ ഞങ്ങള്‍ക്കുണ്ടായ നഷ്ടം വാക്കുകളിലൊതുങ്ങുന്നതല്ല- അച്ഛന്‍ ലിയാം മാരേന്‍ പറഞ്ഞു.’കിയന്‍ ഞങ്ങളുടെ ഹീറോയും മാലാഖയുമായിരുന്നു.സ്നേഹവും തമാശയും സന്തോഷം നിറഞ്ഞ ഓര്‍മ്മകളും സമ്മാനിച്ച് ആറ് വര്‍ഷങ്ങള്‍ അവന്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു.അവനെ മാലാഖമാര്‍ ദൈവത്തിന്റെ വലതുഭാഗത്തേക്ക് കൂട്ടുമെന്നു ഞങ്ങള്‍ കരുതുന്നു ‘ലിയാം പറഞ്ഞു

Scroll To Top