Tuesday September 25, 2018
Latest Updates

അനുസരണയുടെ പാതയില്‍ ട്രംപ്,ഉത്തരകൊറിയന്‍ പ്രസിഡണ്ടുമായി സംസാരിക്കാം,പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകളാവാം 

അനുസരണയുടെ പാതയില്‍ ട്രംപ്,ഉത്തരകൊറിയന്‍ പ്രസിഡണ്ടുമായി സംസാരിക്കാം,പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകളാവാം 

വാഷിംട്ണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി നേരിട്ട് സംസാരിക്കാന്‍ സന്നദ്ധത അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം ജോങ് ഉന്നുമായി നേരിട്ട് സംസാരിക്കാമെന്ന് ട്രംപ് വ്യക്തമാക്കിയതോടെ ആണവായുധങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് സൂചനകള്‍. ഉത്തരകൊറിയ അടുത്തകാലത്തായി നടത്തിവരുന്ന ആയുധ പരീക്ഷണങ്ങളും ആണവപരീക്ഷണങ്ങളുമാണ് പലപ്പോഴും ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള വാക്പോരിലേയ്ക്ക് നയിച്ചത്.

ഞാന്‍ എപ്പോഴും പരസ്പരമുള്ള സംഭാഷണങ്ങളില്‍ വിശ്വസിക്കുന്നുവെന്നായിരുന്നു കിമ്മിനോട് ഫോണില്‍ സംസാരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ട്രംപ് നല്‍കിയ മറുപടി. ക്യാമ്പ് ഡേവിഡ് പ്രസിഡന്‍ഷ്യല്‍ റിട്രീറ്റില്‍ പങ്കെടുക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രകടനം. കിമ്മുമായി സംസാരിക്കാന്‍ താന്‍ തയ്യാറാണെന്നും പ്രശ്നങ്ങളില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ദക്ഷിണ കൊറിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് കിം ജോങ് ഉന്‍ നേരത്തെ പുതുവത്സരദിനത്തില്‍ വ്യക്തമാക്കിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ദക്ഷിണ കൊറിയയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് പച്ചക്കൊടി വീശി ഉന്‍ രംഗത്തെത്തുന്നത്.

ഒളിംപിക്സിനപ്പുറം നീളണം: ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ട്രംപ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒളിംപിക്സിനപ്പുറം നീണ്ടുനില്‍ക്കണമെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു. ശരിയായ സമയത്ത് തങ്ങള്‍ പ്രശ്നത്തില്‍ ഇടപെടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ക്കുന്നു. മൊത്തം മാനുഷികതയ്ക്ക് വേണ്ടി ചര്‍ച്ചകളുമായി മുന്നോട്ടുപോകുമെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു.

കിം നിലപാട് മയപ്പെടുത്തി: അമേരിക്കയുടെ സഖ്യരാഷ്ട്രമായ ദക്ഷിണ കൊറിയയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തയ്യറാണെന്ന നിലപാട് വ്യക്തമാക്കി കഴിഞ്ഞ ദിവസം കിം ജോങ് ഉന്‍ രംഗത്തെത്തിയിരുന്നു. ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയയില്‍ വച്ച് നടക്കുന്ന വിന്റര്‍ ഒളിംപിക്സില്‍ പങ്കെടുക്കാന്‍ ടീമിനെ അയയ്ക്കുമെന്നും കിം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദക്ഷിണകൊറിയയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കിം പറയുന്നു. പുതുവത്സര സന്ദേശത്തില്‍ അമേരിക്കയ്ക്കെതിരെ ഭീഷണി മുഴക്കി രംഗത്തെത്തിയ കിം ദക്ഷിണ കൊറിയ്ക്ക് മുമ്പാകെ ഒലിവ് ചില്ലയുമായി എത്തിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തിയാല്‍ മാത്രമേ ആണവായുധങ്ങള്‍ ഉപയോഗിക്കുകയുള്ളൂവെന്നാണ് ഉത്തരകൊറിയ ഉറപ്പുനല്‍കിയിരുന്നു. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സൈനിക സമ്മര്‍ദ്ദം കുറച്ചുകൊണ്ടുവരുന്നതിനായി ദക്ഷിണ കൊറിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉത്തരകൊറിയ തയ്യാറാണെന്നും കിം പറയുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി കിം ജോങ് ഉന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ദക്ഷിണ കൊറിയ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ കിമ്മിന്റെ പുതുവത്സര പ്രസംഗത്തെ മറ്റൊരു വീക്ഷണ കോണിലാണ് യുഎസ് വിദഗ്ധര്‍ നോക്കിക്കാണുന്നത്. രണ്ട് കൊറിയന്‍ രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടി എപ്പോള്‍ വേണമെങ്കിലും എവിടെവച്ചും ചര്‍ച്ച നടത്താമെന്ന് ഉത്തരകൊറിയയെ അറിയിച്ചതായി ദക്ഷിണ കൊറിയന്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. വിന്റര്‍ ഒളിംപിക്സില്‍ ഉത്തരകൊറിയ പങ്കാളികളാവുമെന്ന് അറിയിച്ചതില്‍ സന്തോഷമുണ്ടെന്നും സാധുവായ കാര്യങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പ്യോങ്ച്യാങ് ഓര്‍നൈസേഷന്‍ കമ്മറ്റി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കാന്‍ സാധ്യതയുള്ള ചര്‍ച്ചയെ എതിര്‍ത്ത് ട്രംപ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

Scroll To Top