Tuesday February 28, 2017
Latest Updates

‘മേരിക്കുഞ്ഞിന്റെ ആധി’

‘മേരിക്കുഞ്ഞിന്റെ ആധി’

athijeevanamപലപ്പോഴും കേട്ടിട്ടുള്ള ഒരു വീമ്പു പറച്ചിലാണ് ‘ഞാനും എന്റെ മോളും കൂട്ടുകാരികളെപ്പൊലെയാണു പെരുമാറുന്നത്,’ ‘അച്ഛനാണെന്റെ ഏറ്റവും അടുത്ത സുഹൃത്ത്’ എന്നൊക്കെ. ന്യായമായ ചോദ്യം മനസ്സില്‍ കടന്നുവരും, അപ്പോള്‍ ഈ കുടുംബങ്ങളില്‍ മാതാ പിതാക്കള്‍ എവിടെ? അച്ഛന്‍ കൂട്ടുകാരനും അമ്മ കൂട്ടുകാരിയും ആകുമ്പോള്‍ സായിപ്പന്മാര്‍ പറയുന്ന role boundaries എവിടെ? Role models എവിടെ? അതോ, അതിലൊന്നും വലിയ കാര്യമില്ലെന്നാണോ? കൂട്ടുകാരുടെ ജോലി മാതാപിതാക്കള്‍ ഏറ്റെടുത്താല്‍ മാതാപിതാക്കളുടെ ജോലി ആരാവും ചെയ്യുക? കൂട്ടുകാര്‍ മാതാപിതാക്കളുടെ റോള്‍ ഏറ്റെടുക്കണമെന്നാണോ? ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ഭഗവാനേ!

സാരമില്ല, സമാധാനിക്കൂ… ഈ കണ്‍ഫ്യൂഷന്‍ പ്രകൃതിയുടെ നിയമങ്ങളില്‍നിന്നു വ്യതിചലിക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും ഉണ്ടാകാവുന്നതു മാത്രമാണ്. ഞാന്‍ ആരെന്നറിയുക, എന്റെ ജോലി എന്തെന്നറിയുക, അത് വൃത്തിയായി ചെയ്യുക, മറ്റുള്ളവരുടെ ജോലി അവര്‍ക്ക് വിട്ടുകൊടുക്കുക, അവരെ അത് ചെയ്യാനനുവദിക്കുക. ആധിയില്ലാതെ ജീവിക്കാനുള്ള എളുപ്പ മാര്‍ഗ്ഗം ഇതു തന്നെയാണ്.

ഡബ്ലിനില്‍ നിന്നുള്ള മേരിക്കുഞ്ഞിന്റെ കത്ത് അയര്‍ലണ്ടില്‍ താമസിക്കുന്ന ധാരാളം മാതാപിതാക്കളുടെ ആധിയുടെ ഒരു പരിശ്ചേദമാണ്:letter

 

മാതാപിതാക്കളുടെ അടിസ്ഥാനപരമായ കര്‍ത്തവ്യം കുഞ്ഞുങ്ങള്‍ക്ക് അവര്‍ക്കാവശ്യമായ കരുതലും (care) സംരക്ഷണവും (safety/security) നല്‍കുക എന്നതാണല്ലോ. ഡ്യൂട്ടി ഓഫ് കെയര്‍ എന്നു പറയുമ്പോള്‍ അവരുടെ വളര്‍ച്ചയ്ക്കാവശ്യമായതെല്ലാം നല്‍കണമെന്നതുതന്നെ. കുട്ടികളുടെ സാമൂഹികവും മാനസികവുമായ വളര്‍ച്ചയ്ക്ക് കൂട്ടുകാരുടെ പങ്ക് വളരെ നിര്‍ണായകമെന്നതിനാല്‍ അവരെ കൂട്ടുകാരുമായി സമയം ചിലവഴിക്കാന്‍ അനുവദിക്കുന്നില്ലങ്കില്‍ മാതാപിതാക്കള്‍ ഡ്യൂട്ടി ഓഫ് കെയര്‍ എന്ന അവരുടെ ധര്‍മത്തില്‍ വീഴ്ച വരുത്തുന്നു എന്നു പറയേണ്ടിവരും. മാത്രമല്ല, ഐറിഷ് നിയമം അനുസരിച്ചു പറഞ്ഞാല്‍ ഇത് ചൈല്‍ഡ് അബൂസ് (child abuse in the category of neglect) ആയി പരിഗണിക്കപ്പെടാവുന്നതുമാണ്.

അപ്പോള്‍, കൗമാര പ്രായത്തിലുള്ള നമ്മുടെ കുട്ടികളെ ഒരു നിയന്ത്രണവുമില്ലാതെ അഴിച്ചുവിടണമെന്നാണൊ?

ഒരിക്കലുമല്ല. മാത്രമല്ല, അങ്ങനെ നിയന്ത്രണമില്ലാതെ അഴിച്ചുവിട്ടാല്‍ കുട്ടികളുടെ സുരക്ഷിതത്ത്വം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ വീഴ്ച വരുത്തിയെന്നു പറഞ്ഞുകൊണ്ട് വീണ്ടും ചൈല്‍ഡ് അബൂസ് (child abuse in the category of neglect: parental inability to care for the child) നടപടികള്‍ക്ക് സാദ്ധ്യത ഉണ്ടാക്കുകയാണ് ഇവിടെ.

മേരിക്കുഞ്ഞിന്റെ ആധി ഇതൊന്നുമല്ലെങ്കിലും അയര്‍ലണ്ടിലെ നിയമങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ടു ചൈല്‍ഡ് അബൂസ് വിഷയം പറഞ്ഞുവെന്നേയുള്ളു.

രണ്ടു ചോദ്യങ്ങളാണ് മേരിക്കുഞ്ഞ് ഇവിടെ ഉയര്‍ത്തുന്നത്:

എങ്ങനെയാണ് മകള്‍ക്ക് ഞങ്ങളോട് കൂടുതല്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനും അനുസരിക്കാനും സാധിക്കുക?
ഏതു തരത്തിലാണ് ഞങ്ങള്‍ വലിയ കൂട്ടുകെട്ടില്‍ നിന്നും അവളെ പിന്‍വലിക്കുന്നത്?

താങ്ങുന്ന കൈകള്‍ക്ക് തടയാനും സാധിക്കുമെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ടിവിടെ. മാതാപിതാക്കള്‍ കുട്ടികളുടെ ശാരീരിക ആവശ്യങ്ങള്‍ മാത്രമല്ല, മാനസികമായ ആവശ്യങ്ങളും അറിഞ്ഞു ചെയ്യേണ്ടതാണ്. മാതാപിതാക്കളുടെ വൈകാരികമായ സാമിപ്യം ((emotional availability and attachment) ഏതൊരു കുട്ടിക്കും, പ്രത്യേകിച്ച് കൗമാര പ്രായത്തിലുള്ള കുട്ടികള്‍ക്ക്, വളരെ പ്രധാനപ്പെട്ടതാണ്. വൈകാരികമായ സാമിപ്യം എന്നു പറയുമ്പോള്‍, കുട്ടിക്ക് പറയാനുള്ളത് കേള്‍ക്കാനും, അവരുടെ ഭാഗത്തുനിന്നു ചിന്തിക്കാനും മാതാപിതാക്കള്‍ക്ക് കഴിയണം എന്നതു തന്നെ.

മാതപിതാക്കളില്‍നിന്നും കുറ്റപ്പെടുത്തലുകള്‍ മാത്രമാണ് കുട്ടിക്ക് കിട്ടുന്നതെങ്കില്‍, നല്ല കമന്റ്‌സ് കിട്ടുന്ന സ്ഥലത്തോട്ടു കുട്ടി ആകര്‍ഷിക്കപ്പെടുന്നത് സ്വാഭാവികം മാത്രം. കുട്ടിക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ കേള്‍ക്കാന്‍ മാതാപിതാക്കള്‍ക്ക് താല്‍പര്യമുണ്ടാകുന്നില്ലങ്കില്‍ അതു കേള്‍ക്കാന്‍ തയ്യാറുള്ള വ്യക്തികളിലേക്ക് കുട്ടി ആകര്‍ഷിക്കപ്പെട്ടാല്‍ അതു കുട്ടിയുടെ കുഴപ്പമാണെന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. സ്‌നേഹമില്ലാത്ത ഭവനത്തില്‍നിന്നും സ്‌നേഹമന്വേഷിച്ചു അബദ്ധങ്ങളില്‍ ചെന്നുവീഴുന്ന കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്.

കുട്ടിക്കു പറ്റുന്ന അബദ്ധങ്ങള്‍ മാതാപിതാക്കളോട് പങ്കുവച്ചാല്‍ മാതാപിതാക്കള്‍ കുട്ടിയെ കുറ്റം പറയുകയാണെങ്കില്‍ പിന്നെങ്ങനെ ഈ കുട്ടി തന്റെ വിശേഷങ്ങള്‍ മാതാപിതാക്കളോട് പങ്കുവെക്കും? തന്നോട് മറ്റൊരു കുട്ടി പ്രണയാഭ്യര്‍ധന നടത്തിയ കാര്യം ഈ കുട്ടിക്ക് എങ്ങനെ മാതാപിതാക്കളോട് പറയാന്‍ സാധിക്കും?

തന്റെ മാതാപിതാക്കളോടാണ് ഏറ്റവും സേഫായി സംസാരിക്കാനാവുക എന്ന തിരിച്ചറിവ് കുട്ടിക്കുണ്ടാകട്ടെ. തന്റെ പ്രശ്‌നങ്ങള്‍ കേട്ടു മാതാപിതാക്കള്‍ ആകുലപ്പെടുകയല്ല, തന്നെ സഹായിക്കുകയാണുണ്ടാവുക എന്നു കുട്ടിക്ക് ബോധ്യമാവട്ടെ. കുട്ടി മാതാപിതാക്കളോട് മനസ്സ് തുറക്കുകതന്നെ ചെയ്യും.

കൂട്ടുകാരില്‍ നിന്നാണ് കുട്ടികള്‍ സാമൂഹിക ഇടപെടലുകള്‍ (social interaction) കൂടുതലും പഠിക്കുന്നത്. മാത്രമല്ല, ഈ കാലഘട്ടത്തിന്റെ മാറ്റങ്ങളും പ്രത്യേകതകളും പരസ്പരം ചര്‍ച്ച ചെയ്യുന്നതിലൂടെയാണ് കുട്ടികള്‍ പഠിക്കുന്നത്. ഈ മേഘലയില്‍ മാതാപിതാക്കള്‍ക്ക് പരിമിതിയുണ്ടെന്ന് അംഗീകരിക്കുന്നതു നല്ല മാതാപിതാക്കളുടെ ലക്ഷണം തന്നെയാണ്. അതുകൊണ്ട് കുട്ടികളെ കൂട്ടുകാരില്‍നിന്നും പിന്‍വലിക്കുന്നത് ശരിയായ രീതിയല്ല. എന്നാല്‍, മേരിക്കുഞ്ഞു പറയുന്നതുപോലെയുള്ള അബദ്ധങ്ങള്‍ പറ്റുകയുമരുത്.

കുട്ടി ആരുടെകൂടെയാണ് പുറത്തു പോകുന്നത് എന്നു മനസ്സിലാക്കുകയാണ് ആദ്യമായി വേണ്ടത്. കുട്ടിയുടെ സുഹൃത്തുക്കളുടെ മാതാപിതാക്കളുമായി ആശയ വിനിമയം നടത്തി കുട്ടികള്‍ എവിടെയാണ് ഒത്തുകൂടുന്നത്, എന്ത് പരിപാടിയാണ്, എത്ര സമയം എടുക്കും, കൂട്ടുകാരുടെ മാതാപിതാക്കള്‍ക്ക് കുട്ടികള്‍ സുരക്ഷിതരാണെന്ന പൂര്‍ണ ബോധ്യമുണ്ടോ എന്നൊക്കെ മനസ്സിലാക്കിയെടുക്കുക. രാത്രി തങ്ങിയുള്ള പരിപാടികള്‍ (over night programmes) വരുമ്പോള്‍ ഇക്കാര്യങ്ങള്‍ വളരെയേറെ ശ്രദ്ധിക്കുകയും ഒഴിവാക്കാനാവാത്ത അവസരങ്ങളില്‍ മാത്രം അനുവദിക്കുകയും ചെയ്യുക. കുട്ടികള്‍ പറയുന്നത് മാത്രം വിശ്വസിച്ചു തീരുമാനം എടുക്കാതിരിക്കുക.

‘അമ്മക്ക് എന്നെ വിശ്വാസമില്ല’ എന്ന പരാതി കുട്ടി സ്വാഭാവികമായും ഉന്നയിക്കാം. അവിടെ, കുട്ടിയോടുള്ള വിശ്വാസത്തെക്കാള്‍ കുട്ടിയുടെ സുരക്ഷിതത്വത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് എന്ന് പറഞ്ഞു മനസ്സിലാക്കാന്‍ പറ്റണം. മാത്രമല്ല, ഇത്തരം പരാതി കുട്ടികള്‍ പറയുന്നത് അവര്‍ എവിടെ പോകുന്നുവെന്നും എന്ത് ചെയ്യുന്നുവെന്നും അന്വേഷിക്കുന്നതില്‍ നിന്നും മാതാപിതാക്കളെ പിന്തിരിപ്പിക്കാന്‍ കുട്ടികള്‍ ഒരുക്കുന്ന ഇമോഷണല്‍ ഗയിമിന്റെ (emotional game) ഭാഗവുമാകാം.

ശരിയായ parenting എന്താണെന്ന് ചോദിച്ചാല്‍ ഉത്തരം ലളിതമാണ് ഉറച്ചതും തുടര്‍ച്ചയുള്ളതുമായ (firm and consistent) parenting എന്നതാണത്. അതിനെക്കുറിച്ച് മറ്റൊരവസരത്തില്‍ പറയാം.

മേരിക്കുഞ്ഞിന്റെ പ്രശ്‌നം അനേകം മാതാപിതാക്കള്‍ നേരിടുന്ന പ്രശ്‌നം തന്നെയാണ്. എങ്കിലും എന്തൊക്കെ ചെയ്താലും ചില കുട്ടികള്‍ മാതാപിതാക്കളുടെ നിയന്ത്രണത്തില്‍ വരുന്നില്ലങ്കില്‍ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ബന്ധത്തിലെ തകരാറുകളെകുറിച്ചും പ്രത്യേക വിശകലനം നടത്തേണ്ടിവരും. ഒരു മനശാസ്ത്ര വിദഗ്ദ്ധന്റെ സഹായം തേടുന്നത് ഉചിതമായിരിക്കും. Conduct Disorder, ADHD തുടങ്ങിയ developmental disorders നേരത്തെതന്നെ തിരിച്ചറിഞ്ഞു വേണ്ട പ്രതിവിധി കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ചും വരും ലക്കങ്ങളില്‍ നമുക്ക് ചര്‍ച്ച ചെയ്യാം.

ഭാവുകങ്ങള്‍!

ഈ പംക്തിയിലേയ്ക്കുള്ള നിങ്ങളുടെ സംശയങ്ങളും ,ചോദ്യങ്ങളും അയയ്‌ക്കേണ്ട വിലാസം:
Email: counselor@proventherapy.com

https://www.proventherapy.com

 

Scroll To Top