Saturday October 20, 2018
Latest Updates

അഞ്ച് ലക്ഷം വീടുകള്‍ പണിയാനുള്ള ബൃഹത് പദ്ധതി പ്രഖ്യാപിച്ച് ലിയോ വരദ്കര്‍ , ഗ്രാമങ്ങളില്‍ താമസിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കും,നഗരങ്ങളിലൂടെ വികസനത്തിന് പ്രത്യേക ഫണ്ട്

അഞ്ച് ലക്ഷം വീടുകള്‍ പണിയാനുള്ള ബൃഹത് പദ്ധതി പ്രഖ്യാപിച്ച് ലിയോ വരദ്കര്‍ , ഗ്രാമങ്ങളില്‍ താമസിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കും,നഗരങ്ങളിലൂടെ വികസനത്തിന് പ്രത്യേക ഫണ്ട്

സ്ലൈഗോ :അയര്‍ലണ്ടിന്റെ സമഗ്രവികസനത്തിനായി ലിയോ വരദ്കര്‍ സര്‍ക്കാര്‍ രൂപപ്പെടുത്തിയ ‘പ്രോജക്ട് അയര്‍ലണ്ട് 2040 ‘ലെ പദ്ധതികള്‍ പ്രഖ്യാപിച്ചു.ഇന്ന് രാവിലെ സ്ലൈഗോയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് പ്രധാനമന്ത്രി പുതിയ പദ്ധതി രാഷ്ട്രത്തിനായി സമര്‍പ്പിച്ചത്.

അടുത്ത രണ്ട് ദശകങ്ങളിലായി അഞ്ചുലക്ഷം വീടുകള്‍ പണിയാനുള്ള ബൃഹത് പദ്ധതിയാണ് ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്.116 ബില്യണ്‍ യൂറോ ഇതിനായി രാജ്യം ചിലവിടും.

രാജ്യത്തെ മൂന്നു മേഖലകളായി തിരിച്ചുകൊണ്ടുള്ള വികസന പദ്ധതികള്‍ തയാറാക്കും.അടുത്ത രണ്ടു ദശകങ്ങള്‍ക്കുള്ളില്‍ അയര്‍ലണ്ടിലെ ജനസംഖ്യയില്‍ 75 ശതമാനം വര്‍ദ്ധനവുണ്ടാവുമെന്ന പ്രതീക്ഷയില്‍ ഡബ്ലിന്‍ നഗരമേഖലയ്ക്ക് പുറത്തുള്ള പ്രദേശങ്ങളുടെ വികസനത്തിന് പ്രത്യേക പദ്ധതികളും,ഫണ്ടും നീക്കി വെയ്ക്കും.

ഡബ്ലിന്‍,കോര്‍ക്ക്,ഗോള്‍വേ,ലീമെറിക്ക്,വാട്ടര്‍ ഫോര്‍ഡ് നഗരങ്ങളുടെ വികസനത്തിനായി മാത്രം രണ്ട് ബില്യണ്‍ യൂറോയുടെ ഫണ്ട് നീക്കി വെയ്ക്കും.

സ്ലൈഗോ,ലെറ്റര്‍ കെന്നി നഗരങ്ങള്‍ക്ക് റീജിണല്‍ സിറ്റി സ്ഥാനം നല്കിയതോടൊപ്പം,അത്‌ലോണിനെ മിഡ്ലാന്‍ഡ്സ് മേഖലയുടെ തലസ്ഥാനമായും സര്‍ക്കാര്‍ അംഗീകരിച്ചു.

ആരോഗ്യ ഭവന മേഖല 
രാജ്യത്തെ ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് മാത്രം 14 ബില്യണ്‍ യൂറോയുടെ പദ്ധതികളാണ് വരദ്കര്‍ പ്രഖ്യാപിച്ചത്.വെയിറ്റിങ് ലിസ്റ്റില്‍ കഴിയുന്ന രോഗികള്‍ക്ക് പെട്ടെന്ന് ചികിത്സാസൗകര്യം ലഭ്യമാക്കാനുള്ള സ്‌കീമുകള്‍ മുതല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 90 നഴ്സിംഗ് ഹോമുകള്‍ പുതുക്കി പണിയാന്‍ വരെയുള്ള പദ്ധതികള്‍ വരെ ഇതില്‍പ്പെടുന്നു.
2027 ഓടെ 2600 അക്ക്യൂട് ഹോസ്പിറ്റല്‍ ബെഡുകള്‍ ഒരുക്കും.

ഭവനമേഖലയില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് അതിവേഗമുള്ള വളര്‍ച്ചയാണ്.നാഷണല്‍ റീ ജനറേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഏജന്‍സി എന്ന പേരില്‍ ഭവനമന്ത്രാലയത്തിന് കീഴില്‍ പ്രത്യേക സംവിധാനം ഉണ്ടാക്കും.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ഭവന നിര്‍മ്മാണത്തിനുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി രൂപപ്പെടുത്തിയെടുക്കാനായി നാമയെ ചുമതലയേല്‍പ്പിക്കും.

ഓരോ വര്‍ഷവും 25000 മുതല്‍ 35000 വരെ വീടുകള്‍ പണിയും.

ഗ്രാമവികസനം:
പതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള ഗ്രാമങ്ങളുടെ ക്ഷേമപദ്ധതിയ്ക്കായി ഒരു ബില്യണ്‍ യൂറോയുടെ ഫണ്ട് രൂപീകരിച്ചു.ചെറു ഗ്രാമങ്ങളില്‍ വന്നു താമസിക്കാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കും.ഐറിഷ് വാട്ടര്‍ അടക്കമുള്ള അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കി ഗ്രാമങ്ങളുടെ വികസനം ഉറപ്പാക്കും.

നഗരമേഖലയുടെ വികസനം

എം 50 മേഖലയെ ചുറ്റി ഒതുങ്ങി നില്‍ക്കുന്ന നിലവിലുള്ള നഗരമേഖല വിശാലമാക്കും.ഇതിനായി മെട്രോ ,ലുവാസ് ഗതാഗത സൗകര്യങ്ങള്‍ വിപുലമാക്കും. സ്പീഡ് ബസ് റൂട്ടുകളുണ്ടാക്കി സോഡ്‌സ്,എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് നഗരത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നും എളുപ്പത്തില്‍ ബന്ധപെടുത്തും.

ബ്രേ,ലൂക്കന്‍,ഫിംഗ്ലസ്,പൂള്‍ബെഗ് എന്നിവിടങ്ങളിലേക്ക് ലുവാസ് സര്‍വീസ് ആരംഭിക്കും.

ഗോള്‍വേ നഗര വികസനത്തിന് 2 ബില്യണ്‍ യൂറോയുടെ പ്രത്യേക ഫണ്ട് നീക്കി വെയ്ക്കും.

വാട്ടര്‍ഫോര്‍ഡില്‍ നോര്‍ത്ത് ക്വീസ്,കോര്‍ക്ക് -ലീമെറിക്ക് നഗരങ്ങളെ എം 20 വഴി ബന്ധിപ്പിക്കും.

ആഭ്യന്തര വികസനം

115 ബില്യണ്‍ യൂറോയുടെ പൊതുവികസന പദ്ധതികള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.ഇതില്‍ 91 ബില്യണ്‍ യൂറോ നികുതിദായകരുടെ വിഹിതവും,25 ബില്യണ്‍ യൂറോ വന്‍കിട കമ്പനികളും,സെമി സര്‍ക്കാര്‍ ഏജന്‍സികളുംവഴിയുള്ള സമാഹരണവും ആയിരിക്കും.

ഏറ്റവും കൂടുതല്‍ പണം (22 ബില്യണ്‍)ചിലവഴിക്കുക കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരമുണ്ടാക്കാനും,സുസ്ഥിത പരിസ്ഥിതിയ്ക്ക് വേണ്ടിയുമുള്ള സ്‌കീമുകള്‍ക്കാണ്. റോഡ് വികസനം(7.3 ബില്യണ്‍)ഡബ്ലിന്‍ മെട്രോ(3 ബില്യണ്‍)ഡാര്‍ട്ട് വികസനം(2 ബില്യണ്‍)എന്നിവയടക്കം ഇരുപതോളം പ്രമുഖ വികസനപദ്ധതികള്‍ വരദ്കര്‍ പ്രഖ്യാപിച്ചു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top