Thursday April 27, 2017
Latest Updates

അഞ്ച് മണിക്കൂറിലധികം വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം 

അഞ്ച് മണിക്കൂറിലധികം വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം 

ഡബ്ലിന്‍: അഞ്ച് മണിക്കൂറിലധികം വിമാനം വൈകിയാല്‍ നഷ്ടപരിഹാരം ലഭിക്കും. യൂറോപ്യന്‍ യൂണിയന്‍ നിയമ പ്രകാരമാണ് , മണിക്കൂറുകള്‍ വൈകുന്ന ഫ്‌ലൈറ്റുകളില്‍ യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ട യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അവകാശമുണ്ടെന്ന് നാഷണല്‍ കണ്‍സ്യൂമര്‍ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 

മെക്‌സിക്കോയില്‍ നിന്ന് ഹണിമൂണിന് ശേഷം ഡബ്ലിനിലെയ്ക്ക് മടങ്ങാനിരുന്ന ദമ്പതികളുടെ വിമാനം ഒരു ദിവസം വൈകിയതിനെ തുടര്‍ന്ന് അവര്‍ നടത്തിയ അന്വേഷണത്തിനു മറുപടിയായാണ് നാഷണല്‍ കണ്‍സ്യൂമര്‍ ഏജന്‍സി വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. മണിക്കൂറുകളോളം വൈകുന്ന ഫ്‌ലൈറ്റിലെ യാത്രക്കാര്‍ക്ക് പോകാന്‍ മറ്റൊരു ഫ്‌ലൈറ്റില്‍ സൗകര്യം ഒരുക്കുകയോ ടിക്കറ്റ് പണം മടക്കി നല്കുകയോ ചെയ്യണം. ഇതില്‍ ഏതാണ് യാത്രക്കാരന്‍ തെരഞ്ഞെടുക്കുന്നത് എന്നത് അനുസരിച്ച് സൗകര്യം ചെയ്തുകൊടുക്കാന്‍ എയര്‍ലൈന്‍ അധികൃതര്‍ ബാധ്യസ്ഥരാണ്. 

കൂടാതെ ഫ്‌ലൈറ്റ് വൈകുന്ന സമയത്ത് യാത്രക്കാരന് ഹോട്ടലില്‍ താമസ സൗകര്യം ഒരുക്കുക, ഭക്ഷണവും മറ്റ് ചെലവുകളും വഹിക്കുക തുടങ്ങിയവയും എയര്‍ലൈന്‍ അധികൃതരുടെ ചുമതലയാണ്. ഇക്കാര്യങ്ങള്‍ ലഭ്യമായില്ലെങ്കില്‍ യാത്രക്കാര്‍ക്ക് എയര്‍ലൈന്‍സിനെതിരെ കണ്‍സ്യൂമര്‍ ഫോറങ്ങളെ സമീപിച്ച് പരാതി നല്കാവുന്നതാണെന്നും നാഷണല്‍ കണ്‍സ്യൂമര്‍ ഏജന്‍സി വ്യക്തമാക്കി. ഫ്‌ലൈറ്റ് വൈകല്‍ മുഖേന യാത്രക്കാരന് ഉണ്ടാകുന്ന എല്ലാ ചെലവുകളും വഹിക്കാന്‍ എയര്‍ലൈന്‍സ് ബാധ്യസ്ഥരായിരിക്കും. 

തനിക്ക് ചെലവായ പണം മടക്കി ലഭിക്കുന്നതിന് യാത്രക്കാരന്‍ ചെലവായ പണത്തിന് തെളിവ് കാണിക്കേണ്ടതുണ്ട്. ഉദാഹരണത്തിനു ഹോട്ടല്‍ ബില്‍ പോലെയുള്ള തെളിവുകള്‍ ഹാജരാക്കണം. ഇവയ്‌ക്കെല്ലാം പുറമേ യാത്രക്കാരന്‍ ട്രാവല്‍ ഇന്‍ഷുറന്‍സുള്ള ആളാണെങ്കില്‍ ഇന്‍ഷുറന്‍സില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് നാഷണല്‍ കണ്‍സ്യൂമര്‍ ഏജന്‍സി വ്യക്തമാക്കി. കമ്മീഷന്‍ ഫോര്‍ ഏവിയേഷന്‍ റെഗുലേഷനുമായി ബന്ധപ്പെട്ടാല്‍ യാത്രക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

Scroll To Top