Monday October 22, 2018
Latest Updates

അച്ഛന്റെ അറം പറ്റിയ വാക്കും അമ്മയുടെ നിലയ്ക്കാത്ത നിലവിളിയും ഇന്നും റോബിന്റെ ഓര്‍മ്മയില്‍…

അച്ഛന്റെ അറം പറ്റിയ വാക്കും അമ്മയുടെ നിലയ്ക്കാത്ത  നിലവിളിയും ഇന്നും റോബിന്റെ ഓര്‍മ്മയില്‍…

അഹകിസ്താ(കൗണ്ടി കോര്‍ക്ക്): ദുരന്ത സ്മരണകളും പേറി ഒരിക്കല്‍ കൂടി ആ ദിവസം വന്നെത്തി.കാനഡയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് പറന്നു കൊണ്ടിരിക്കെ സിഖ് തീവ്രവാദികളുടെ പ്രതികാര വാഞ്ഛയ്ക്ക് നിരപരാധികളായ മുന്നൂറിലധികം പേരെ ഇരയാക്കി ബോംബ് സ്‌ഫോടനത്തിലൂടെ എയര്‍ ഇന്ത്യ കനിഷ്‌ക തകര്‍ത്ത കറുത്ത ദിവസം.

ഇന്ന് രാവിലെ കോര്‍ക്കിലെ അഹാകിസ്ത ഗ്രാമത്തില്‍, വിമാനയാത്രയില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാനായി പ്രത്യേക അനുസ്മരണയോഗം നടത്തപ്പെട്ടു.ഇന്ത്യയില്‍ നിന്നും ,കാനഡയില്‍ നിന്നുമായി എത്തിയ നൂറോളം പേര്‍ തങ്ങളുടെ ഉറ്റവരെ യാത്രയാക്കിയ തീരം തേടി വീണ്ടും എത്തിയിരുന്നു.ഇന്ത്യന്‍ അംബാസിഡറും കനേഡിയന്‍ അമ്പാസിഡറും,കോര്‍ക്ക് സിറ്റി കൗണ്‍സില്‍ പ്രതിനിധിയും അവരോടൊപ്പം ചേര്‍ന്നു.ഐറിഷ് മിലട്ടറിയ്ക്ക് വേണ്ടി സ്മൃതിമണ്ഡപത്തില്‍ പുഷ്പ്പ ചക്രം സമര്‍പ്പിക്കപ്പെട്ടു.ചര്‍ച്ച് ഓഫ് അയര്‍ലണ്ടിന്റെ പാസ്റ്റര്‍ അനുസ്മരണ സന്ദേശം നല്‍കി. റുസ്നാചാര നാഷണല്‍ സ്‌കൂളിലെ കുട്ടികള്‍ പ്രാര്‍ത്ഥനാ ഗാനം ഒരുക്കി സ്വാന്തനമേകി.

വിമാനയാത്രാ ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവാദ ആക്രമണമായ കനിഷ്‌ക ദുരന്തം ഇന്നും ലോകത്തിന് മുന്നില്‍ കറുത്ത മുഖം ആണ് നല്‍കിയത്. 1985 ജൂണ്‍ 23 നാണ് എയര്‍ ഇന്ത്യവിമാനം,കോര്‍ക്കിനടുത്ത് ഐറിഷ് തീരത്ത് ഒമ്പതിനായിരം മീറ്റര്‍ മുകളില്‍ വെച്ച് പൊട്ടിത്തെറിച്ചത്. ആ ദുരന്തത്തില്‍ അയര്‍ലണ്ടിനും ഇന്ത്യയ്ക്കുമൊപ്പം ലോകം തന്നെ നടുങ്ങി.

എയര്‍ ഇന്‍ഡ്യ വിമാനം മോണ്‍ട്രയലില്‍ നിന്നും ലണ്ടന്‍ വഴി ന്യൂഡല്‍ഹിയിലേക്ക് പോകുമ്പോഴായിരുന്നു ദുരന്തം നടന്നത്. 22 വിമാന ജോലിക്കാര്‍ ഉള്‍പ്പടെ 329 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത് ഇംഗ്ലണ്ടിലേക്കുള്ള യാത്രയില്‍ അയര്‍ലണ്ടിലെ ഷാനോന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി പൈലറ്റ് ബന്ധപ്പെട്ടിരുന്നുന്നെങ്കിലും അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനം കോര്‍ക്കിന്റെ തീരത്തുവെച്ച് പൊട്ടിത്തെറിക്കുകയായാരുന്നു.

കാര്‍ഗോയുടെ കൂട്ടത്തില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് സ്‌ഫോടനത്തിനു കാരണമായത്. ഖലിസ്ഥാന്‍ തീവ്രവാദികളായിരുന്നു വിമാനത്തില്‍ ബോംബ് സ്ഥാപിച്ചത്. കുഷന്‍ രാജവംശവശത്തിലെ ചക്രവര്‍ത്തിയായിരുന്ന കനിഷ്‌കന്റെ പേരിലറിയപ്പെട്ടിരുന്ന വിമാനത്തില്‍ ജൂണ്‍ 23 നു ബോംബു വയ്ക്കുമെന്ന് കൃത്യമായ അറിവുണ്ടായിരുന്നു. വിമാനത്തില്‍ ബോംബു വയ്ക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ജൂണ്‍ ഒന്നാം തീയതി എയര്‍ ഇന്ത്യ ടെലക്‌സ് സന്ദേശത്തിലൂടെ കാനഡയില്‍ അറിയിച്ചിരുന്നതാണ്. പക്ഷേ, ആരും അതിന് വലിയ വില കല്‍പിച്ചിരുന്നില്ല.

പക്ഷെ നഷ്ടപ്പെട്ടത് യാത്രികരുടെ കുടുംബങ്ങള്‍ക്കാണ്.കാനഡയിലേക്ക് കുടിയേറി താമസിച്ച ഇന്ത്യക്കാരായിരുന്നു അവരില്‍ അധികവും. അവധിക്കാലം ആരംഭിച്ചതോടെ ജന്മനാട്ടിലേക്ക് പോകുന്നവരായിരുന്നു മിക്കവരും.

അപ്രതീക്ഷിതമായി ജീവിതം തകര്‍ത്തെറിഞ്ഞ ആ സംഭവത്തെ ഓര്‍ത്തെടുക്കുകയാണ് അപകടത്തില്‍ മരണപ്പെട്ട ഡോ.അലക്സാണ്ടര്‍ അഞ്ചനാട്ടിന്റെ മകന്‍ ഇപ്പോള്‍ കാനഡയില്‍ സ്ഥിരമായി താമസമാക്കിയ റോബ് ….

ആ ദിവസം വീട്ടില്‍ മുഴങ്ങിയ ഫോണ്‍ ശബ്ദവും അമ്മയുടെ നിലവിളിയും ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്.മനസ്സില്‍ വെള്ളിടിവെട്ടുന്ന ഓര്‍മ്മയായി അത് മിന്നിമാഞ്ഞുകൊണ്ടേയിരിക്കുന്നു.രാത്രിയിലാണ് ആ വിളി എത്തിയത്.അച്ഛന്റെ ഒരു സുഹൃത്താണ് ആദ്യം വിളിച്ചത്..’എയര്‍ ഇന്ത്യ വിമാനത്തിലാണോ അച്ഛന്‍ ഇന്ത്യയിലേയ്ക്ക് പോയതെന്നായിരുന്നു ചോദ്യം.’അമ്മയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് സുഹൃത്ത് പറഞ്ഞ മറുപടി അമ്മയുടെ മനസിനും ശരീരത്തിനും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.”വിമാനം തകര്‍ന്നെന്ന് പറയപ്പെടുന്നു.അയര്‍ലണ്ടിന് സമീപം കടലില്‍.ആരൊക്കെ രക്ഷപ്പെട്ടിട്ടുണ്ടെന്ന് അറിയില്ല….

ഉറക്കത്തില്‍ നിന്നും അമ്മയുടെ നിലവിളി കേട്ട് ഞെട്ടിയെണീറ്റ് ഓടിയെത്തിയ തന്നോട് അമ്മ ഞെട്ടിക്കുന്ന ആ ദുരന്ത വാര്‍ത്തയാണ് പറഞ്ഞത്.

വിമാനം തകര്‍ന്നു….

അയര്‍ലണ്ടിലെയും ബ്രിട്ടണിലെയും സേനാവിഭാഗങ്ങള്‍ ത്വരിതവേഗതയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തെത്തിയെങ്കിലും,ഒരു ശുഭവാര്‍ത്തയ്ക്കും അവസരമുണ്ടായില്ല.കോര്‍ക്കിലെ ജനങ്ങളും,അയര്‍ലണ്ടിലെ സര്‍ക്കാരും കൈയും മെയ്യും ചേര്‍ത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നു.’പ്രതീക്ഷകള്‍ ഉണ്ടായിരുന്നു….പക്ഷേ …’

ഇന്ത്യയിലേക്കുള്ള ആ യാത്രയ്ക്കിറങ്ങും മുമ്പ് അറം പറ്റും പോലെ അച്ഛന്‍ പറഞ്ഞ വാക്കുകളും റോബ് ഓര്‍ത്തെടുത്തു…”അമ്മയെ നോകിക്കോണം”…കനിഷ്‌ക വിമാന ദുരന്തത്തില്‍ മരിച്ച കാനഡയിലെ ഹാഗേഴ്സ് വില്ലി വെസ്റ്റ് ഹാല്‍ഡിമാന്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ സര്‍ജനും ചീഫുമായിരുന്നു ഡോ .മാത്യു അലക്സാണ്ടര്‍.

കണ്ണീര്‍ ദിനങ്ങളായിരുന്നു പിന്നീട് ഒരാഴ്ച. വാരാന്ത്യത്തില്‍ അന്തിമ വിധി അറിഞ്ഞു. ആ ദുരന്തത്തില്‍ ആരും അവശേഷിക്കുന്നില്ലെന്ന വിറങ്ങലിച്ച സത്യം.അയര്‍ലണ്ടിന്റെ തീരത്ത് നിന്നും ചില മൃതദേഹങ്ങളും ശരീരഭാഗങ്ങളുമൊക്കെ കിട്ടി. എന്നാല്‍ ഒന്നും അലക്സാണ്ടുറുടേതായിരുന്നില്ല…

പിയേഴ്സണ്‍ എയര്‍പോര്‍ടിലേക്ക് അച്ഛന്‍ പുറപ്പെട്ട ദിവസം മഴയുടേതായിരുന്നുവെന്ന് റോബ് ഓര്‍മ്മിക്കുന്നു.റോബിന് ലൈസന്‍സില്ലാത്തതിനാല്‍ അച്ഛനെ എയര്‍പോര്‍ടിലാക്കാന്‍ അമ്മ അനുവദിച്ചില്ല.എയര്‍പോര്‍ട് വാന്‍ പിടിച്ചാണ് അച്ഛന്‍ പോയത്.ഇറങ്ങുമ്പോഴാണ് അമ്മയെ നോക്കണമെന്നു പറഞ്ഞത്.എനിയ്ക്കന്ന് 15 വയസ്സാണ്…

ആ വാക്ക് റോബ് പാലിച്ചു. അമ്മയെ മാത്രമല്ല രണ്ട് കൂടപ്പിറപ്പുകളേയും നന്നായി നോക്കി. ഇളയ സഹോദരി ടാനിയ(11)യ്ക്കാണ് അച്ഛനോട് ഏറെ അടുപ്പമുണ്ടായിരുന്നത്.ഒമ്പതുകാരനായ ജാമിക്ക് എന്താണ് സംഭവിച്ചതെന്നുപോലും അന്ന് മനസ്സിലായില്ല.47ലെത്തിയ റോബ് ഓര്‍മിക്കുന്നു.ഹാമിള്‍ട്ടണില്‍ ഇന്‍ഷ്വറന്‍സ് കമ്പനി ജോലിക്കാരനാണ് റോബിപ്പോള്‍.

തെക്കന്‍ കേരളത്തിലെ കോട്ടയത്ത് നിന്നുള്ള ക്രൈസ്തവ കുടുംബമായിരുന്നു ഡോക്ടര്‍ മാത്യു അലക്സാണ്ടറുടേത്.അഞ്ചനാട്ട് കുടുംബം.

റോബിന് ഒരു വയസ്സുള്ളപ്പോഴാണ് ഭാര്യ എസ്മിയോടൊത്ത് കാനഡയില്‍ വന്നത്.ഹാര്‍ട്ട് സര്‍ജനായിരുന്നു ഡോക്ടര്‍.അവിടെ വച്ചാണ് മറ്റു രണ്ടു മക്കളുണ്ടായത്.1985ല്‍ വെറും 40 വയസ്സായിരുന്നു ഡോക്ടര്‍ക്ക് .മക്കള്‍ പ്രായമെത്തിയ ശേഷം കേരളത്തില്‍ പോയി ജീവിക്കാനായിരുന്നു അവരുടെ ആഗ്രഹം.നന്നായി പ്രാക്ടീസ് ചെയ്ത് വീടിന്റെ പണയമൊക്കെ തീര്‍ത്തുവന്നപ്പോഴാണ് ദുരന്തം അദ്ദേഹത്തെ തട്ടിയെടുത്തത്.

മുത്തച്ഛനും,അച്ഛന്റെ അമ്മാവനും ചേര്‍ന്ന് മൃതദേഹം തിരിച്ചറിയാന്‍ അയര്‍ലണ്ടിലെ കോര്‍ക്കില്‍ എത്തി.ദിവസങ്ങളോളം കഴിഞ്ഞിട്ടും അവര്‍ക്ക് ആ ദുഃഖദൗത്യം പൂര്‍ത്തിയാക്കാനായില്ല. കോര്‍ക്കിലെ ജനസമൂഹത്തിന്റെ സാന്ത്വനങ്ങളും,സമാശ്വാസങ്ങളും ഏറ്റുവാങ്ങി അവര്‍ കേരളത്തിലേയ്ക്ക് തിരിച്ചുപോയി.

ഹാമിള്‍ട്ടണ്‍ ഹില്‍ഫീല്‍ഡ് സ്ട്രാത്തല്ലന്‍ കോളജിലാണ് റോബ് പഠിച്ചത്.ഭര്‍ത്താവിന്റെ മരണശേഷവും മക്കളെയെല്ലാം കൂട്ടി അവിടെത്തന്നെ തുടരാനാണ് എസ്മി തീരുമാനിച്ചത്.അച്ഛന്‍ വേണമെന്ന ഒറ്റ ആഗ്രഹമല്ലാതെ മറ്റൊന്നും അവര്‍ക്കുണ്ടായിരുന്നില്ല…

ഡോക്ടര്‍ സമ്പാദിച്ചതില്‍ നിന്നൊക്കെയായി കുട്ടികളെ പഠിപ്പിച്ചു.ഇന്‍ഷുറന്‍സ് തുക കിട്ടി.ചില നിക്ഷേപങ്ങള്‍ കാഷ് ചെയ്തു. അറിയാവുന്നവരില്‍നിന്നും കടം വാങ്ങി…

അതിനിടെ അഞ്ചുമാസത്തിനുള്ളില്‍ അത്ഭുതം സംഭവിച്ചു.നവംബറില്‍ അയര്‍ലണ്ടില്‍ നിന്നും ആ വിവരം എത്തി.തിരച്ചില്‍ സംഘത്തിന് കടലില്‍ നിന്നും അലക്സാണ്ടറുടെ മൃതദേഹം കിട്ടി.സീറ്റില്‍ കുടുങ്ങിയ നിലയിലായിരുന്നു.അപകടത്തില്‍ തകര്‍ന്ന വിമാനഭാഗത്തിനുള്ളില്‍ നിന്നുമായിരുന്നു ആ കണ്ടെത്തല്‍.പാസ്പോര്‍ട്ട് പോക്കറ്റില്‍ത്തന്നെയുണ്ടായിരുന്നു.

പിന്നെ അച്ഛന്റെ വരവിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.കുടുംബാംഗങ്ങളും സഹപാഠികളുമെല്ലാം ചേര്‍ന്ന് സംസ്‌കാരം നടത്തി.എഡ്മോണ്‍ടോണ്‍,മോണ്‍റിയാല്‍ എന്നിവിടങ്ങളില്‍നിന്നുള്ള ബന്ധുക്കളെല്ലാമെത്തി.1റോബ്ന് 11ാം ക്ലാസ് പരീക്ഷാദിനമായിരുന്നു അത്.പരീക്ഷയെഴുതാനാവില്ലെന്നു അധ്യാപകരോട് പറഞ്ഞു. അവര്‍ നിര്‍ബന്ധിച്ചു പരീക്ഷയെഴുതാന്‍, ഒടുവില്‍ എഴുതി.നവംബര്‍ അഞ്ചിനായിരുന്നു അത് ജാമിയ്ക്ക് 10ാം പിറന്നാളായിരുന്നു അന്ന്.

16 വയസ്സായതോടെ റോബ്ന് ലൈസന്‍സ് കിട്ടി. റോബ് അമ്മയുടെ ‘ഡ്രൈവറാ’യി. കുടുംബത്തിനു ജീവിതം കണ്ടെത്താന്‍ ആവശ്യമുള്ളയിടത്തെല്ലാം അമ്മയെ കൊണ്ടുപോയി.മെഡിസിനു പോകണമെന്നു ആഗ്രഹിച്ചിരുന്നു .എന്നാല്‍ അത് മാറ്റിവെച്ചു.ഇക്കണോമിക്സെടുത്തു.ഒട്ടേറെ യൂണിവേഴ്സിറ്റികളില്‍ പ്രവേശനം ലഭിച്ചെങ്കിലും വീട്ടില്‍ നിന്നും പോയി വരാവുന്ന മാക് മാസ്റ്ററാണ് റോബ് തിരഞ്ഞെടുത്തത്.

മക്കള്‍ വളര്‍ന്നിട്ടും എസ്മി ഒന്നിലും കുറവു വരുത്തിയില്ല. എയര്‍ഇന്‍ഡ്യ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ നഷ്ടപരിഹാരമുപയോഗിച്ച് നല്ല വീട് വാങ്ങി.മക്കള്‍ക്ക് ഓരോരുത്തര്‍ക്കും പ്രായത്തിന്റെ പരിഗണന അനുസരിച്ച് നഷ്ടപരിഹാരം ലഭിച്ചിരുന്നു.റോബിന് 42,000 ഡോളറും ,ടാനിയയ്ക്ക് 63 ,000 ഡോളറും,ജയ്മിക്ക് 68,000 ഡോളറും.

അമ്മ വേറെ വിവാഹം ചെയ്തില്ല. മക്കള്‍ക്കായി ജീവിച്ചു.ഒറ്റയ്ക്കാകാന്‍ അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു.അതിനാല്‍ ടാനിയയും ഭര്‍ത്താവും ആറ് വര്‍ഷം കൂടെയുണ്ടായിരുന്നു. ജാമിയും അമ്മയും താഴത്തെ നിലയിലും റോബും ഭാര്യ ലിന്‍ഡയും മുകളിലത്തെ നിലയിലുമാണ്.

സെപ്തംബര്‍ 11ലെ ദുരന്തബാധിതര്‍ക്ക് അമേരിക്ക എത്ര പെട്ടെന്നാണ് നഷ്ടം നല്‍കിയത്. എന്നാല്‍ കാനഡയില്‍ 18 വര്‍ഷമെടുത്തു കേസിനും വിലപേശലിനും ശേഷം ഒരു അപരാധിയെ അഞ്ച് വര്‍ഷം ശിക്ഷിക്കാന്‍.ദുരന്തബാധിതരുടെ കുടുംബത്തിന് വലിയ വാഗാദാനങ്ങള്‍ രാഷ്ട്രീയക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ കാനഡ ചില്ലിപ്പൈ പോലും നഷ്ട്ടം നല്‍കിയില്ല.എന്നിരുന്നാലും അതു സംബന്ധിച്ച അന്വേഷണത്തിന് 82 മില്യണ്‍ ഡോളര്‍ ചെലവിട്ടു.

ഇന്ന് അച്ഛന്‍ അലക്സാണ്ടറുടെ ഓര്‍മദിനമാണ്.എല്ലാ ഓര്‍മ്മദിവസങ്ങളും ഞങ്ങള്‍ ഒന്നിച്ച് ചേരും.കേരളത്തിലായിരുന്ന മുത്തശ്ശിയെ കുടുംബാംഗങ്ങളൊന്നും പിന്നീട് കണ്ടിട്ടില്ല.ആ അമ്മയുടെ ഏക മകനായിരുന്നു അലക്സാണ്ടര്‍.അച്ഛന്റെ മരണശേഷം മൂന്ന് വര്‍ഷം കഴിഞ്ഞ് 1988ലാണ് അവര്‍ മരിച്ചത്.അന്ന് അവസാനമായി പോലും മുത്തശ്ശിയെ കാണാന്‍ കഴിഞ്ഞില്ല. കാണാന്‍ ആഗ്രഹമില്ലാഞ്ഞിട്ടായിരുന്നില്ല.അന്ന് അതിന് കഴിഞ്ഞിരുന്നില്ല.കാലമേറിയെടുത്തു മനസിന്റെ മുറിവുണങ്ങാന്‍….

വിമാനയാത്രയെന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത് ആ ഫോണ്‍ കോളും അമ്മയുടെ നിലവിളിയുമാണ്….പിന്നെ അച്ഛന്റെ വാക്കുകളും….കോര്‍ക്കിലെ തീരത്ത് അന്ന് പൊലിഞ്ഞത് ഇരുപതോളം മലയാളികളടക്കം 329 യാത്രികരുടെ ജീവനാണ്.

ഭീകരവാദവും വിഘടനസ്വഭാവങ്ങളും പാവപ്പെട്ട മനുഷ്യാത്മാക്കളുടെ ജീവനെടുക്കുമ്പോള്‍ ഓര്‍ക്കാറുണ്ട്.എന്തിനാണ് ഇവരൊക്കെ ഇത്ര ക്രൂരരാവുന്നത്…? മരിക്കും വരെ മറ്റൊരു കൂട്ടം പേര്‍ക്ക് കണ്ണീരിന്റെ ഓര്‍മ്മകള്‍ തരുന്നതെന്തിനാണ് ?എന്ത് സുഖവും സമാധനവുമാണ് അവര്‍ക്ക് ലഭിക്കുന്നത്.?റോബ് ചോദിക്കുന്നത് ലോകത്തോടാണ്.

ആര്‍ക്കും ഉത്തരം തരാനാവില്ല…വിധിയുടെ ‘തോന്ന്യാസങ്ങള്‍ക്ക്’ മറുപടി ഇല്ലല്ലോ?കണ്ണീരുണങ്ങാത്ത എന്നാല്‍ പ്രകാശമുള്ള ആ മുഖത്ത് അത്തരമൊരു സമാധാനം കണ്ടെത്തിയതിന്റെ ആശ്വാസം കാണാമായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

അഹകിസ്താ

Scroll To Top