Wednesday September 20, 2017
Latest Updates

അച്ച്യുതാനന്ദനെയും,പി സി തോമസിനെയും തിരുത്തി കെ എം മാണി 

അച്ച്യുതാനന്ദനെയും,പി സി തോമസിനെയും തിരുത്തി കെ എം മാണി 

തിരുവനന്തപുരം:കാര്‍ഷിക കേരളത്തിന്റെ പടത്തലവനായിരുന്ന പി ടി ചാക്കോയുടെ അമ്പതാം ചരമവാര്‍ഷികത്തില്‍ കേരളമൊട്ടാകെ അനുസ്മരണചടങ്ങുകള്‍ നടന്നു.

തിരുവനന്തപുരത്ത് കേരളാകോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് സംഘടിപ്പിച്ച പി.ടി. ചാക്കോ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മന്ത്രി കെ.എം. മാണി,കേരളാ കോണ്‍ഗ്രസുകളുടെ ഐക്യത്തിന് സൂചനനല്‍കി.പി സി തോമസ് കെ എം മാണിയെ വിട്ടുപോയശേഷം ഇതാദ്യമായാണ് മാണി,പി സി തോമസിന്റെ ക്ഷണം സ്വീകരിച്ചു യോഗത്തിനെത്തിയത്. 

ഇടതുപക്ഷം കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ വീണ്ടും ഒരിക്കല്‍ കൂടി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ വി എസ് അച്യുതാനന്ദനെയും,പി.സി.തോമസിനെയും വേദിയിലിരുത്തി അവരെ വിമര്‍ശിക്കാനും മാണി മുതിര്‍ന്നു.

രാഷ്ട്രീയ ഗുരുനാഥനായ പി.ടി. ചാക്കോയുമായി തനിക്കുണ്ടായിരുന്ന അടുത്ത ബന്ധം വികാരവായ്‌പ്പോടെയാണ് മാണി വിവരിച്ചത്.താനും ചാക്കോയുമായുള്ള അടുപ്പത്തെക്കുറിച്ച് അത്രമാത്രം പി.സി. തോമസിന് അറിയാനിടയില്ലെന്നും മാണി പറഞ്ഞു.

കേരളത്തില്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ആദ്യത്തെ ജനകീയ സര്‍ക്കാറിനെ ഭൂപരിഷ്‌കരണ നടപടികളെ എതിര്‍ക്കുന്നവര്‍ക്കുവേണ്ടി അട്ടിമറിക്കാനുള്ള വിമോചനസമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു പി.ടി. ചാക്കോയെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞതിനെയും മാണി പരസ്യമായി എതിര്‍ത്തു. 

വിമോചനസമരം ഭൂപരിഷ്‌കരണത്തിനെതിരെ ആയിരുന്നില്ലെന്നും ക്രമസമാധാനതകര്‍ച്ചയുടെ പേരിലായിരുന്നുവെന്നും മാണി വി എസിന് മറുപടി നല്‍കി.ഭൂപരിഷ്‌കരണം നടപ്പാക്കിയത് പിന്നീട് റവന്യൂ മന്ത്രിയായ പി.ടി. ചാക്കോയാണെന്നും അദ്ദേഹം പറഞ്ഞു.ഗൗരിയമ്മ കൊണ്ടുവന്നത് ജന്മികുടിയാന്‍ നിയമമാണ്. കുടിയാന്മാര്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കുന്നതായിരുന്നു അത്. അതിനെ കുറച്ചുകാണുകയല്ല.എന്നാല്‍ ഭൂമിക്ക് പരിധി നിശ്ചയിച്ചതും സമഗ്രമായ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നതും ചാക്കോയാണ്.

ഭൂമിക്ക് പരിധി നിശ്ചയിച്ച് ഭൂരാജാക്കന്മാരില്‍ നിന്ന് ഭൂമി പിടിച്ചെടുത്തത് പി.ടി. ചാക്കോ കൊണ്ടുവന്ന നിയമത്തിലൂടെയാണ്. ഇതോടെ സാമാന്യജനങ്ങള്‍ കൂടുതല്‍ കോണ്‍ഗ്രസിനോടടുത്തു. സ്വാധീനമുണ്ടായിരുന്ന കുബേരന്മാര്‍ അന്ന് കോണ്‍ഗ്രസിനെതിരായി. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തിയ വ്യക്തിയാണ് പി.ടി. ചാക്കോ. വലിയ കസേരകളിലിരുന്ന ഉദ്യോഗസ്ഥരെ കൈയാമം വച്ച് അഴിമതിനിരോധനനിയമം കാര്യക്ഷമമാക്കിയത് അദ്ദേഹം ആഭ്യന്തര മന്ത്രിയായപ്പോഴാണ് മാണി പറഞ്ഞു.

കോണ്‍ഗ്രസ് ക്ഷയിച്ചുകൊണ്ടുവന്നപ്പോള്‍ ശക്തിപ്പെടുത്താന്‍ നടത്തിയ പദയാത്ര പുതുജീവനായി. അങ്ങനെ കോണ്‍ഗ്രസിനു നേതൃത്വം നല്‍കിയ പി.ടി. ചാക്കോയോടു കോണ്‍ഗ്രസ് നീതി കാട്ടിയില്ലെന്നും മാണി പറഞ്ഞു.

പി.ടി. ചാക്കോയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. പി.ടി. ചാക്കോയുടെ നിയമസഭയിലെയും പാര്‍ലമെന്റിലെയും പ്രസംഗങ്ങളുടെ പുസ്തക രൂപം മുഖ്യമന്ത്രി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനു കോപ്പി നല്‍കി പ്രകാശനം ചെയ്തു. 

പി.സി. തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ . സിപിഐ നിയമസഭാകക്ഷി നേതാവ് സി. ദിവാകരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഉഴവൂര്‍ വിജയന്‍, അഡ്വ. സതീഷ്‌കുമാര്‍, ബീമാ പള്ളി റഷീദ് എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ വി. സുരേന്ദ്രന്‍പിള്ള സ്വാഗതം പറഞ്ഞു.


Scroll To Top