Wednesday February 22, 2017
Latest Updates

അക്കൗണ്ടില്‍ നിന്നും പണം എടുത്തതായി സന്ദേശം അയച്ച വോഡഫോണ്‍ ഖേദം പ്രകടിപ്പിച്ചു

അക്കൗണ്ടില്‍ നിന്നും പണം എടുത്തതായി സന്ദേശം അയച്ച വോഡഫോണ്‍ ഖേദം പ്രകടിപ്പിച്ചു

ഡബ്ലിന്‍: ഉപഭോക്താക്കള്‍ക്ക് തെറ്റിദ്ധാരണാജനകമായ സന്ദേശം അയച്ചതിന് പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍ ഖേദം പ്രകടിപ്പിച്ചു. ഉപഭോക്താക്കളുടെ ബാങ്ക് അക്കൌണ്ടില്‍ നിന്ന് പണം കട്ട് ചെയ്തതായി അറിയിക്കുന്ന സന്ദേശമാണ് വോഡഫോണ്‍ അയച്ചത്. അയര്‍ലണ്ടില്‍ വോഡഫോണിന്റെ ഉപഭോക്താക്കളായ ആയിരക്കണക്കിന് ആളുകള്‍ ഈ തെറ്റായ സന്ദേശം ലഭിച്ചു. സന്ദേശം തെറ്റാണെന്ന് വ്യക്തമായതോടെ വോഡഫോണ്‍ ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞു. 

അയര്‍ലണ്ടില്‍ വോഡഫോണിന് ആകെ 2.4 മില്യന്‍ ഉപഭോക്താക്കളുണ്ട്. ഇതില്‍ പത്ത് ശതമാനം ഉപഭോക്താക്കള്‍ക്ക് മാത്രമേ തെറ്റായ സന്ദേശം ലഭിച്ചിട്ടുള്ളൂ എന്നാണ് അധികൃതരുടെ വിശദീകരണം. ചില ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം തവണ ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചു. ആസക് എബൌട്ട് മണി ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ പരാതിപ്പെട്ട ഒരു ഉപഭോക്താവ് തനിക്ക് രണ്ട് തവണ സന്ദേശം ലഭിച്ചതായി പറഞ്ഞു. 

ഉപഭോക്താവിന്റെ ബാങ്ക് അക്കൌണ്ടില്‍ നിന്ന് പണം അടച്ചതിനു നന്ദി പറഞ്ഞുകൊണ്ടാണ് വോഡഫോണിന്റെ മെസേജ് വന്നത്.ആദ്യം 55.00 കുറഞ്ഞതായും രണ്ടാമത് 26.00 യൂറോ കുറഞ്ഞതായും തനിക്ക് സന്ദേശം ലഭിച്ചതായി ഇയാള്‍ പറയുന്നു. നിരവധി പേര്‍ക്ക് സമാനമായ രീതിയില്‍ തെറ്റായ സന്ദേശം ലഭിച്ചു. തങ്ങളുടെ സിസ്റ്റം ഹാക്ക് ചെയ്യപ്പെട്ടതായി കരുതുന്നില്ലെന്ന് വോഡഫോണ്‍ അധികൃതര്‍ പറഞ്ഞു. കസ്റ്റമര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനത്തില്‍ സംഭവിച്ച പിഴവാണ് തെറ്റായ സന്ദേശം ലഭിക്കാന്‍ ഇടയാക്കിയാതെന്നാണ് കമ്പനി വിശദീകരണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരുന്നു.

Scroll To Top